കോടീശ്വരന്മാരുടെ സാമ്പത്തിക രഹസ്യങ്ങള്‍ പുറത്താക്കി 'പാണ്ടോര പേപ്പര്‍ ' വ്യൂഹം

 കോടീശ്വരന്മാരുടെ സാമ്പത്തിക രഹസ്യങ്ങള്‍ പുറത്താക്കി 'പാണ്ടോര പേപ്പര്‍ ' വ്യൂഹം


വാഷിംഗ്ടണ്‍/ ന്യൂഡല്‍ഹി:ആഗോള സമ്പന്നരുടേയും അധികാര കേന്ദ്രങ്ങളുടേയും നിര്‍ണ്ണായ സാമ്പത്തിക രഹസ്യങ്ങള്‍ പുറത്താക്കി 'പാണ്ടോര പേപ്പറുകള്‍'. നൂറിലേറെ ശതകോടീശ്വരന്മാരുടേയും മുപ്പതിലേറെ ലോക നേതാക്കളുടേയും 300 പൊതു ഉദ്യോഗസ്ഥരുടേയും സ്വത്തുക്കളും കൈകാര്യ പദ്ധതികളുമാണ് ഇതോടെ വെളിച്ചത്തായത്.വിവിധ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലൂടെ ആഗോള സമ്പദ് വ്യവസ്ഥയുടെ ഒളിഞ്ഞിരിക്കുന്ന രീതികളിലേക്ക്് ചോര്‍ന്ന രഹസ്യങ്ങള്‍ അപൂര്‍വ്വ ജാലകം തുറക്കുന്നു.

സമ്പത്ത് രഹസ്യമായി സൂക്ഷിച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തുന്നതിനായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ അതിസമ്പന്നര്‍ അന്താരാഷ്ട്ര തലത്തില്‍ നൂതന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായി തെളിയിക്കുന്നു ഈ രേഖകള്‍. ശതകോടീശ്വരന്‍മാരും രാഷ്ട്രീയക്കാരും കൂടാതെ പ്രമുഖ റോക്ക് താരങ്ങളും ബിസിനസുകാരും ചോര്‍ന്ന വിവരങ്ങളിലുണ്ട്. ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന ദാതാക്കളെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ ഫയലുകളില്‍ ഉള്‍പ്പെടുന്നു.ബോറിസ് ജോണ്‍സണന്റെ പാര്‍ട്ടിക്ക് വാര്‍ഷിക സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്നുറപ്പായി.

കര്‍ശന നിയമങ്ങളില്ലാത്ത രാജ്യങ്ങളില്‍ നികുതി വെട്ടിപ്പ് നടത്തുന്നതിനായി നടത്തുന്ന ഓഫ്ഷോര്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളുടെ ഏറ്റവും പുതിയ ചോര്‍ച്ചയാണ് പാണ്ടോര രേഖകളില്‍ ഉള്‍പ്പെടുന്നത്. ഇത്തരത്തിലുള്ള ഏറ്റവും വലിയ ചോര്‍ച്ചയാണ് ഇത്. ഓഫ്ഷോര്‍ നികുതിവെട്ടിപ്പ് സംബന്ധിച്ച് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളും 29,000 ഓഫ്‌ഷോര്‍ കമ്പനികളുടെയും ട്രസ്റ്റുകളുടെയും ഉടമസ്ഥാവകാശത്തിന്റെ വിശദാംശങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

രണ്ട് വര്‍ഷം മുമ്പ് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് (ഐസിഐജെ) ഇത് സംബന്ധിച്ച രേഖകള്‍ ശേഖരിച്ചിരുന്നു.നിയമങ്ങളിലെ പാളിച്ചകള്‍, രാജ്യങ്ങളുടെ നിയമ പരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍, സാമ്പത്തിക നിയമങ്ങള്‍ കര്‍ശനമല്ലാത്ത ടാക്‌സ് ഹാവന്‍ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ എന്നിങ്ങനെയുള്ള മാര്‍ഗങ്ങള്‍ മുതലെടുത്താണ് ഈ സാമ്പത്തിക തിരിമറികള്‍ നടന്നത്.

പനാമ, ദുബായ, മോണാക്കോ, സ്വിറ്റ്സര്‍ലാന്റ്, കേയ്മാന്‍ ദ്വീപുകള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സമ്പന്നരായ കക്ഷികളുടേതായുള്ള കമ്പനികളില്‍ നിന്നുള്ള 11.9 മില്യന്‍ ഫയലുകള്‍ പാണ്ടോര പേപ്പറുകളില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ളവരും പദവി പോയവരുമായ പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, രാഷ്ട്രത്തലവന്‍മാര്‍ തുടങ്ങിയവര്‍ തുടങ്ങി 35 ലോകനേതാക്കളുടെ രഹസ്യങ്ങള്‍ തുറന്നുകാട്ടുന്നു ഇവ. തൊണ്ണൂറിലധികം രാജ്യങ്ങളിലെ മന്ത്രിമാര്‍, ജഡ്ജിമാര്‍, മേയര്‍മാര്‍, സൈനിക ജനറല്‍മാര്‍ തുടങ്ങി മുന്നൂറിലേറെ പൊതു ഉദ്യോഗസ്ഥരും പാണ്ടോര പേപ്പറുകളിലുണ്ട്.

സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ ഇതിന് മുമ്പ് ഏഴു തവണ ചോരുകയും അതിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ സാമ്പത്തിക റെഗുലേറ്റര്‍മാര്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളെയെല്ലാം മറികടക്കാനാവുന്ന വിധത്തില്‍ സമര്‍ഥവും നൂതനവുമായി വഴികള്‍ രഹസ്യ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നതായി പാണ്ടോര രേഖകള്‍ വെളിപ്പെടുത്തുന്നു.

അനില്‍ അംബാനിയുടേത് പാപ്പരത്ത തട്ടിപ്പ്?

യു. കെ കോടതിയില്‍ പാപ്പരത്തം പ്രഖ്യാപിക്കുന്ന അനില്‍ അംബാനിക്ക് ഓഫ്ഷോര്‍ കമ്പനികളില്‍ 18 ആസ്തികളുണ്ടെന്ന് ചോര്‍ന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഒളിച്ചോടിയ നീരവ് മോദിയുടെ സഹോദരി ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുന്നതിന് ഒരു മാസം മുമ്പ് ഒരു ട്രസ്റ്റ് സ്ഥാപിച്ചുവെന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍. ബയോകോണിന്റെ പ്രൊമോട്ടറായ കിരണ്‍ മസുന്ദര്‍ ഷായുടെ ഭര്‍ത്താവ്, ഇന്‍സൈഡര്‍ ട്രേഡിംഗിനായി സെബി നിരോധിച്ച ഒരു വ്യക്തി വഴി ഉപയോഗിച്ച് ഒരു ട്രസ്റ്റ് സ്ഥാപിച്ചതായും വ്യക്തം.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തല്‍ വന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ തന്റെ സ്ഥാപനത്തിന്റെ ലിക്വിഡേഷന്‍ പ്രക്രിയക്കായി ആവശ്യപ്പെട്ടു. മറ്റ് പ്രമുഖ ഇന്ത്യക്കാരും പ്രവാസി ഇന്ത്യക്കാരും സമാന നടപടികള്‍ സ്വീകരിച്ചിരുന്നു. അവര്‍ 2016ലെ വിവര ചോര്‍ച്ചയെത്തുടര്‍ന്ന്, അവരുടെ ഓഫ്ഷോര്‍ ആസ്തികളുടെ പുനര്‍ നിര്‍ണയമെന്ന മാര്‍ഗം തിരഞ്ഞെടുത്തിരുന്നു. വ്യക്തമായും ഇന്ത്യന്‍ വ്യവസായികള്‍ അവരുടെ സമ്പത്ത് വേര്‍തിരിച്ച് സൂക്ഷിക്കാനും കടബാധ്യതകളില്‍ നിന്ന് അവയെ ഒഴിവാക്കി നിര്‍ത്താനുമായി ധാരാളം ഓഫ്ഷോര്‍ ട്രസ്റ്റുകള്‍ സ്ഥാപിക്കുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങളിലും കുറ്റാരോപിതരായ വ്യക്തികളും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്‌സ് അല്ലെങ്കില്‍ പാനമ പോലുള്ള വലിയ നികുതി ഇളവ് കേന്ദ്രങ്ങള്‍ക്ക് പുറമേ, സമോവ, ബെലീസ്, കുക്ക് ഐലന്‍ഡ് പോലുള്ള ടാക്‌സ് ഹവനുകളില്‍ ഒരു ഓഫ്ഷോര്‍ ശൃംഖല സൃഷ്ടിച്ചു. പാണ്ടോര രേഖകളില്‍ പേരുള്ള പല വ്യക്തികളും സ്ഥാപനങ്ങളും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് അപരിചിതരല്ല. ചിലര്‍ ജയിലിലാണ്, ഈ അന്വേഷണത്തിലെ നിരവധി വ്യക്തികള്‍ നിലവില്‍ ജാമ്യത്തിലാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് തുടങ്ങിയ ഏജന്‍സികളുടെ നിരീക്ഷണത്തിന് കീഴിലുള്ള ഇന്ത്യന്‍ കുറ്റവാളികളുടെ ഒരു നീണ്ട പട്ടികയുണ്ട്.

ഇന്ത്യന്‍ ബാങ്കുകളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ കടബാധ്യതയുള്ളവര്‍ അവരുടെ ആസ്തികളുടെ ഗണ്യമായ ഒരു ഭാഗം ഓഫ്ഷോര്‍ കമ്പനികളുടെ ഒരു കൂട്ടത്തിലേക്ക് തിരിച്ചുവിട്ടു. ഇത് പാണ്ടോര രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഒരു കേസില്‍, നിലവില്‍ ജയിലിലുള്ള പ്രധാന ഇന്ത്യന്‍ സാമ്പത്തിക കുറ്റവാളികള്‍ അവരുടെ ഓഫ്ഷോര്‍ സ്വത്ത് വഴി ഒരു ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ വിമാനം വാങ്ങിയിട്ടുണ്ട്. വലിയ തുകയുടെ വായ്പ തിരിച്ചടയ്ക്കാത്ത അനേകം പേര്‍ അവരുടെ ആസ്തികള്‍ ഓഫ്ഷോര്‍ ട്രസ്റ്റുകളിലേക്ക് മാറ്റി.ഒപ്പം രാഷ്ട്രീയമായി തുറന്നുകാട്ടപ്പെട്ട വ്യക്തികള്‍ ഉണ്ട്. ഇതില്‍ മുന്‍ എം.പിമാരും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ഔദ്യോഗിക പദവികള്‍ കൈകാര്യം ചെയ്തവര്‍ അടക്കം ഇതില്‍ പെടുന്നു.

ഓഫ്ഷോര്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ സഹായിക്കാവുന്ന അധികാരമുള്ള നിരവധി പേര്‍ക്ക് അതില്‍നിന്ന് പ്രയോജനം ലഭിക്കുന്നുവെന്ന് ചോര്‍ന്ന രേഖകള്‍ വെളിപ്പെടുത്തുന്നു. രഹസ്യ കമ്പനികളിലും ട്രസ്റ്റുകളിലും സ്വത്ത് സൂക്ഷിക്കുന്നതില്‍ നിന്നാണ് ഇവര്‍ക്ക് പ്രയോജനം ലഭിക്കുന്നത്. ഉദാഹരണത്തിന്, 14 ഓഫ്ഷോര്‍ സേവനദാതാക്കളുടെ രഹസ്യാത്മക വിവരങ്ങളില്‍, മുന്‍ റവന്യൂ സര്‍വിസ് ഓഫീസര്‍, മുന്‍ ടാക്‌സ് കമ്മിഷണര്‍, മുന്‍ ഉന്നത് സൈനിക ഉദ്യോഗസ്ഥന്‍, മുന്‍ മുന്‍ നിയമ ഉദ്യോഗസ്ഥന്‍ തുടങ്ങിയവര്‍ സ്ഥാപിച്ച ഓഫ്ഷോര്‍ സ്ഥാപനങ്ങളെ കാണിക്കുന്നു.

എസ്റ്റേറ്റ് ഡ്യൂട്ടിയെ ഭയന്ന്

വിദേശത്ത് ട്രസ്റ്റുകളുണ്ടാക്കുന്നതിനെ ഇന്ത്യയില്‍ നിയമം അംഗീകരിക്കുന്നുണ്ടെങ്കിലും, ഇന്ത്യന്‍ വ്യവസായികളുടെയും ബിസിനസ് കുടുംബങ്ങളുടെയും ട്രസ്റ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള തിരക്കിന് ഇടയാക്കിയത് എസ്റ്റേറ്റ് ഡ്യൂട്ടി തിരികെ വരുമെന്ന ഭയമാണ്. 85 വരെ ആയിരുന്നു രാജ്യത്ത് എസ്റ്റേറ്റ് ഡ്യൂട്ടി ഈടാക്കിയിരുന്നത്. ഇത് 1985ല്‍ നിര്‍ത്തലാക്കി.

വിവിധ രാജ്യങ്ങളുമായി ഇന്ത്യ വിവര കൈമാറ്റ കരാറുകള്‍ ഒപ്പിട്ടിട്ടുണ്ടെങ്കിലും അവ നിലനില്‍ക്കുന്നത് കടലാസില്‍ മാത്രമാണ്. കൂടാതെ, വര്‍ഷങ്ങളായി മിക്ക വലിയ ബിസിനസ് സ്ഥാപനങ്ങളും ഒരു എന്‍ആര്‍ഐ കുടുംബാംഗമോ അല്ലെങ്കില്‍ ഒരു വിദേശ പൗരനോ ഓഫ്ഷോര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ വിദേശ അസറ്റ് ഷെഡ്യൂളില്‍ ആസ്തികള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

വിദേശത്ത്, ജോര്‍ദാന്‍ രാജാവ്, ഉക്രെയ്ന്‍, കെനിയ, ഇക്വഡോര്‍, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രിമാര്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ എന്നിവരുടെ ഇടപാടുകള്‍ പാണ്ടോര രേഖകള്‍ വെളിപ്പെടുത്തുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ 'അനൗദ്യോഗിക പ്രചരണ മന്ത്രി', ഇന്ത്യ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറ്റിമുപ്പതിലധികം ശതകോടീശ്വരന്മാര്‍ എന്നിവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഫയലുകളില്‍ വിശദമായി വിവരിക്കുന്നു.അമേരിക്കയും യൂറോപ്പും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ബാങ്കുകള്‍, നിയമ സ്ഥാപനങ്ങള്‍, അക്കൗണ്ടിംഗ് സമ്പ്രദായങ്ങള്‍ തുടങ്ങി സമ്പന്നരും ശക്തരുമായവരെ സേവിക്കുന്ന വരേണ്യ സ്ഥാപനങ്ങളും ഈ സംവിധാനം നിലനിര്‍ത്തുന്നു.

പാണ്ടോര പേപ്പേഴ്‌സിലെ ഒരു രേഖ കാണിക്കുന്നത്, ലോകമെമ്പാടുമുള്ള ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി കുറഞ്ഞത് 3,926 ഓഫ്ഷോര്‍ കമ്പനികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ്. അല്‍മൈന്‍, കോര്‍ഡെറോ, ഗലിന്‍ഡോ ആന്‍ഡ് ലീ എന്നിവയുടെയും യുഎസിലെ ഒരു മുന്‍ പാനമന്‍ അംബാസഡറുടെ ഉടമസ്ഥതയിലുള്ള നിയമ സ്ഥാപനത്തിന്റെയും സഹായത്തോടെയാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ആല്‍കോഗല്‍ എന്ന പേരിലാണ് മുന്‍ അംബാസഡറുടെ നിയമ സ്ഥാപനം അറിയപ്പെടുന്നത്. ന്യൂസിലന്‍ഡ്, യുറഗ്വായ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ ഒരു ഡസന്‍ രാജ്യങ്ങളില്‍ അഫിലിയേറ്റ് ഓഫീസുകളുണ്ട് ഈ സ്ഥാപനത്തിന്. അമേരിക്കന്‍ സാമ്പത്തിക സേവന ഭീമനായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ അഭ്യര്‍ത്ഥനപ്രകാരം ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ കുറഞ്ഞത് 312 കമ്പനികളെങ്കിലും അല്‍കോഗല്‍ സ്ഥാപിച്ചതായി രേഖകള്‍ കാണിക്കുന്നു.

അല്‍കോഗലിനെ കൂടാതെ, പാണ്ടോര പേപ്പറുകളിലെ ഏറ്റവും വലിയ രഹസ്യ രേഖകള്‍ ബിവിഐയുടെ ട്രൈഡന്റ് ട്രസ്റ്റ് കമ്പനിയില്‍ നിന്നും സിംഗപ്പൂരിലെ ഏഷ്യാസിറ്റി ട്രസ്റ്റില്‍ നിന്നുമാണ്. മറ്റ് പ്രധാന ഓഫ്ഷോര്‍ ദാതാക്കളില്‍ ആബോള്‍ (ഓള്‍ എബൗട്ട് ഓഫ്ഷോര്‍ സീഷെല്‍സ് ലിമിറ്റഡ്), ഒഎംസി (ഓവര്‍സീസ് മാനേജ്മെന്റ് കമ്പനി ഇന്‍ കോര്‍പറേറ്റഡ്), ഫിഡിലിറ്റി കോര്‍പ്പറേറ്റ് സര്‍വീസസ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്നു. 14 ഓഫ്ഷോര്‍ ദാതാക്കളുടെ ചോര്‍ന്ന രേഖകള്‍ 1996 മുതല്‍ 2020 വരെയുള്ള രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാലയളവിലാണ്. അതേസമയം കമ്പനികളും ട്രസ്റ്റുകളും സംബന്ധിച്ച രേഖകള്‍ 1971 മുതല്‍ 2018 വരെയുള്ള കാലയളവിലേതും.

ഗ്രീക്ക് പുരാണങ്ങളില്‍ നിന്നുള്ളതാണ് പാണ്ടോരയുടെ പെട്ടിയെക്കുറിച്ചുള്ള കഥ. ലോകത്തിലെ ആദ്യത്തെ സ്ത്രീ സൃഷ്ടിയായ പാണ്ടോരയ്ക്ക് ഗ്രീക്ക് ദൈവങ്ങളുടെ രാജാവായ സ്യൂസ് സമ്മാനിച്ച തിന്മകളുടെ പെട്ടിയാണത്. ഒരു നാളും തുറക്കരുതെന്ന ആജ്ഞയുണ്ടായിരുന്നെങ്കിലും പാണ്ടോര തടഞ്ഞുനിര്‍ത്താനാകാത്ത ജിജ്ഞാസ കാരണം തുറക്കുക തന്നെ ചെയ്തു. ഈ ലോകത്തേക്ക് ദുരിതങ്ങളും മഹാമാരികളും കഷ്ടങ്ങളും പെട്ടിയില്‍ നിന്നു പ്രവഹിച്ചെന്നാണ് മിത്ത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.