വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്‌ക: സ്വര്‍ഗീയ കാരുണ്യത്തിന്റെ അപ്പസ്‌തോല

വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്‌ക: സ്വര്‍ഗീയ കാരുണ്യത്തിന്റെ  അപ്പസ്‌തോല

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 05

സ്വര്‍ഗീയ കാരുണ്യത്തിന്റെ അപ്പസ്‌തോല എന്നറിയപ്പെടുന്ന വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാള്‍സ്‌ക 1905 ഓഗസ്റ്റ് 25 പോളണ്ടിലെ ലോഡ്‌സ് എന്ന സ്ഥലത്താണ് ജനിച്ചത്. ഹെലെന എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളില്‍ ഒരാളായതിനാല്‍ ബാല്യകാലത്തില്‍ തന്നെ ദാരിദ്ര്യവും ക്ലേശങ്ങളും ഏറെ അനുഭവിച്ചിരുന്നു.

പതിനഞ്ച് വയസുള്ളപ്പോള്‍ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. ക്രിസ്തുവിനെ സേവിക്കാനുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് 18 വയസായപ്പോഴേക്കും അവള്‍ക്ക് ബോധ്യപ്പെട്ടു. പക്ഷേ മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ അവള്‍ ഈ ആഗ്രഹം തല്‍ക്കാലം ഉള്ളിലൊതുക്കി.

നന്നേ ചെറുപ്പത്തില്‍ തന്നെ ഹെലെന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്റെ ജീവിതചര്യ ആക്കിയിരുന്നു. അവളുടെ നിരന്തര നിര്‍ബന്ധത്താല്‍ പിന്നീട് മാതാപിതാക്കളുടെ മനസുമാറുകയും തുടര്‍ന്ന് ഒരു മഠത്തില്‍ ചേരുകയും ചെയ്തു. 1926 ഏപ്രില്‍ 30ന് തിരുവസ്ത്രം സ്വീകരിച്ച് സിസ്റ്റര്‍ മരിയ ഫൗസ്റ്റീന എന്ന പേര് സ്വീകരിച്ചു.

ദൈവത്തിന്റെ ദര്‍ശനങ്ങള്‍ വിശുദ്ധയ്ക്ക് ലഭിച്ചിരുന്നു. അവ ഒരു ഡയറിയില്‍ കുറിച്ചുവെച്ചിരുന്നു. അത് 'വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍' എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുവാനും കാരുണ്യത്തില്‍ വിശ്വസിക്കുവാനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതിനുമായി ഫൗസ്റ്റീന ശ്രമിച്ചു.

1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥനായ യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു. യേശുവിനെ അവള്‍ ദര്‍ശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലര്‍ന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരയ്ക്കുവാന്‍ കര്‍ത്താവ് അവളോടു ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തില്‍ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ് ഈ രശ്മികള്‍ പ്രതിനിധീകരിക്കുന്നത്.

യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടതും തന്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടതും ആദ്യം പലരും വിശ്വസിച്ചിരുന്നില്ല. വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കര്‍ഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാന്‍ തീരെ സാധ്യതയില്ല എന്നാണ് മഠത്തിലെ മറ്റ് സഹോദരിമാര്‍പോലും കരുതിയത്. മഠത്തിലെ അധികാരികള്‍ പലപ്പോഴും യേശുവിന്റെ ആവശ്യങ്ങള്‍ സാധിക്കുവാന്‍ അവളെ അനുവദിച്ചിരുന്നില്ല.

പള്ളിയിലെ വേദപാരംഗതന്മാര്‍പോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു. അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാല്‍ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണില്‍ ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂര്‍ത്തിയാക്കി.

അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്ര ബിന്ദുവായി മാറി. ചിത്രത്തിന് താഴെയായി 'യേശുവേ, നിന്നില്‍ ഞാന്‍ വിശ്വസിക്കുന്നു' എന്ന് ആലേഖനം ചെയ്തിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വണങ്ങപ്പെടുന്ന കരുണയുടെ ചിത്രമായി പിന്നീടത് അറിയപ്പെടാന്‍ തുടങ്ങി.

ജീവിത യാത്രയില്‍ ശ്വസന സംബന്ധമായ പല ക്ലേശങ്ങളും സിസ്റ്റര്‍ ഫൗസ്റ്റീനയെ അലട്ടിയിരുന്നു. ദൈവത്തിന്റെ ദൗത്യ വാഹകയായി തന്റെ ജീവിതം സമര്‍പ്പിച്ച ഫൗസ്റ്റീന 1938 ഒക്ടോബര്‍ അഞ്ചിന് മുപ്പത്തി മൂന്നാം വയസില്‍ ദൈവ സന്നിധിയിലേക്ക് യാത്രയായി. 2000 ഏപ്രില്‍ 30 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകര്‍ന്നു നല്‍കുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്. സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്‌നേഹമായിരുന്നു അവളുടെ ജീവിതത്തിലൂടെ പ്രകടമായത്.
കാരുണ്യത്തിന്റെ മാതൃകയായ ആ വിശുദ്ധയെ ഇന്നും വിശ്വാസികള്‍ ഒക്ടോബര്‍ അഞ്ചിന് ഓര്‍മ്മത്തിരുന്നാളിലൂടെ അനുസ്മരിക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ഫിര്‍മാത്തൂസ്

2. സ്‌പെയിനിലെ അറ്റിലാനൂസ്

3. ടെവെസിലെ അലക്‌സാണ്ടര്‍

4. അമീസുസില്‍ വധിക്കപ്പെട്ട കരിത്തീനാ

5. ടെവെസിലെ പത്മാസിയൂസ് ബോനിഫസ്

6. വാലന്‍സ് ബിഷപ്പായിരുന്ന അപ്പൊളിനാരിസ്

അനുദിന വിശുദ്ധര്‍ എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26