തൃശൂര്‍ക്കാരന്‍ അനക്സ് ജോസ് ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയില്‍

തൃശൂര്‍ക്കാരന്‍ അനക്സ് ജോസ് ആഗോള ശാസ്ത്ര പ്രതിഭാ പട്ടികയില്‍

തൃശൂര്‍: ആഗോളപ്രതിഭ പട്ടികയിലേയ്ക്ക് തൃശൂര്‍ സ്വദേശി അനക്‌സ് ജോസും. 2017-ല്‍ കൊല്‍ക്കത്തയിലെ ഐസറില്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ് പ്രശസ്ത ശാസ്ത്രജ്ഞന്‍ എഡ്വേര്‍ഡ് സോളമനെ അനക്‌സ് ആദ്യമായി കാണുന്നത്. അവിടെ വിദ്യാര്‍ത്ഥികളുമായി സംവാദത്തിനെത്തിയതായിരുന്നു അദ്ദേഹം. ''സര്‍, അങ്ങയുടെ വെബ്സൈറ്റ് അപ്‌ഡേറ്റ് അല്ല''. വിദ്യാര്‍ഥി അനക്‌സ് ആദ്യമായി ചൂണ്ടിക്കാണിച്ചത് ഇതായിരുന്നു. അന്നു തുടങ്ങിയ ബന്ധം വളര്‍ന്ന് ഗുരു ശിഷ്യതലത്തിലെത്തുകയായിരുന്നു. അതിപ്പോള്‍ ഊര്‍ജ തന്മാത്രയുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ചുരുളഴിച്ചുള്ള കണ്ടെത്തലിലേക്കും എത്തിയിരിക്കുകയാണ്.

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫ. എഡ്വേര്‍ഡ് സോളമന്റെ കീഴില്‍ അവസാന വര്‍ഷ ഗവേഷണവിദ്യാര്‍ഥിയാണ് തൃശൂര്‍ ആദൂരിലെ 27-കാരനായ അനക്‌സ് ജോസ്. ശ്വസനപ്രക്രിയയിലൂടെ രക്തത്തിലലിയുന്ന ഓക്‌സിജന്‍ തന്മാത്ര പിന്നീട് ഊര്‍ജ തന്മാത്രയായി മാറി(അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്-എ.ടി.പി.) സംഭരിച്ച് അവശ്യസമയത്ത് ഊര്‍ജം നല്‍കുകയാണ് ചെയ്യുന്നത്. എ.ടി.പി നിര്‍മിക്കുന്നത് നാല് ഇലക്ട്രോണുകളുടെ പ്രതി പ്രവര്‍ത്തനം മൂലമാണിതെന്ന് ശാസ്ത്രലോകം മുന്‍പ് കണ്ടെത്തിയിരുന്നു. അതില്‍ മൂന്നെണ്ണത്തിന്റെ പ്രതിപ്രവര്‍ത്തനവും കണ്ടെത്തിയിരുന്നു.

അവസാന ഇലക്ട്രോണിന്റെ പ്രതിപ്രവര്‍ത്തനം കണ്ടെത്താനായി കാലങ്ങളായുള്ള പരിശ്രമത്തിലായിരുന്നു ശാസ്ത്രലോകം. അതാണ് അനക്‌സ് കണ്ടെത്തിയത്. അത്യപൂര്‍വ കണ്ടെത്തല്‍ പ്രശസ്തമായ ശാസ്ത്രമാസിക 'സയന്‍സി'ല്‍ പ്രസിദ്ധപ്പെടുത്തി. പുതിയ കണ്ടെത്തലുകള്‍ ആഗോളതലത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘം വീണ്ടും പരീക്ഷണം നടത്തി വിജയിച്ചാല്‍ മാത്രമാണ് സയന്‍സ് മാസികയില്‍ പ്രസിദ്ധീകരിക്കുക. 2018-ല്‍ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഗവേഷണത്തിന് പ്രവേശനം കിട്ടിയ ഏക ഇന്ത്യക്കാരനുമാണ് അനക്‌സ്. ആദൂര്‍ തെക്കേത്തല ജോസ്-ജെസി ദമ്പതികളുടെ മകനാണ്. ആലുവ യു.സി കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി അനീനയാണ് സഹോദരി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.