തിരുവനന്തപുരം: വ്യാജ പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സൺ മാവുങ്കല്‍ വിവാദം നിയമസഭയിൽ ചർച്ചയായി. എന്നാൽ വിവാദത്തിൽ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നൽകിയില്ല. മോന്‍സൺ-പൊലീസ് ബന്ധത്തില്‍ അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷ എംഎല്‍എ പിടി തോമസാണ് സഭയില്‍ നോട്ടീസ് നല്‍കിയത്. ജനങ്ങളെ കബളിപ്പിക്കാന്‍ മോന്‍സനും സര്‍ക്കാരും ഒരു ചാനലും ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി.
മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് സഭയില്‍ ഉയര്‍ന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും നടപടിയുണ്ടായില്ലെന്നും ബെഹ്റ മോന്‍സണെ സംരക്ഷിച്ചുവെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. എന്നാല്‍ ബെഹ്റയെ സംരക്ഷിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ബെഹ്റയാണ് മോന്‍സണെതിരെ അന്വേഷണം ആവശ്യപ്പെട്ടതെന്നും സഭയെ അറിയിച്ചു.
മുന്‍ ഡിജിപി ബെഹ്റയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സഭയില്‍ പിടി തോമസ് ഉന്നയിച്ചത്. മോന്‍സണിന്റെ 'മോശയുടെ വടി' പിടിച്ച ബെഹ്‌റക്കു കഴിഞ്ഞ ദിവസം ശമ്പളം നിശ്ചയിച്ചു. എന്ത് കൊണ്ട് ബെഹ്‌റക്കു എതിരെ അനങ്ങുന്നില്ല? മോഡിയുടെ വിശ്വസ്ഥനായ ബെഹ്‌റ എങ്ങനെ പിണറായിയുടെ വിശ്വസ്തനായി? പിണറായി ബെഹ്‌റക്ക് എതിരെ നടപടി എടുക്കാന്‍ ഉള്ള കടലാസില്‍ ഒപ്പിടാന്‍ ധൈര്യം കാണിക്കുമോയെന്നും പിടി തോമസ് വെല്ലുവിളിച്ചു.
എന്നാൽ മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, സെപ്റ്റംബർ ആറിനാണ് മോന്‍സണെതിരെ പരാതി ലഭിച്ചതെന്ന് സഭയെ അറിയിച്ചു. നിലവില്‍ മോന്‍സൺ പൊലീസ് കസ്റ്റഡിയിലാണ്. മോസണെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികില്‍സിച്ചത് എന്നൊക്കെ ഇപ്പോള്‍ പറയുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം പൊലീസ് അന്വേഷിക്കേണ്ടതാണെന്നും വ്യക്തമാക്കി. തട്ടിപ്പില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും കടുത്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപോയി. കേസിലെ പ്രതിയായ മോൺസൺ മാവുങ്കലിനെ കുറിച്ച് രണ്ടര വർഷം മുമ്പ് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും സർക്കാർ നോക്കി നിന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ അന്വേഷണം നടത്തുകയായിരുന്നുവെന്നും സുഖ ചികിത്സക്ക് ആരെല്ലാമാണ് പോയതെന്ന് അറിയാമായിരുന്നുവെന്നുമാണ് ഭരണപക്ഷവും മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.