അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശ സംരക്ഷണത്തിന് ലോകരാജ്യങ്ങള്‍ നിബന്ധന വയ്ക്കണം: ഇമ്മാനുവല്‍ മാക്രോണ്‍

അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശ സംരക്ഷണത്തിന് ലോകരാജ്യങ്ങള്‍ നിബന്ധന വയ്ക്കണം: ഇമ്മാനുവല്‍ മാക്രോണ്‍

പാരിസ്/ന്യൂയോര്‍ക്ക്:  താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനെ അംഗീകരിക്കണമെങ്കില്‍ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നുറപ്പാക്കണമെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ജി 20 രാജ്യങ്ങള്‍ക്ക് മുന്‍പാകെ ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം പ്രാദേശിക മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചെറിയ പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാന്‍ താലിബാന്‍ അനുവാദം നല്‍കിയെങ്കിലും, മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പഠനം നിഷേധിച്ചിട്ടുണ്ട്. ജോലി ചെയ്തുകൊണ്ടിരുന്ന ഭൂരിഭാഗം സ്ത്രീകള്‍ക്കും തിരികെ ജോലിയില്‍ പ്രവേശിക്കാനും സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ജി20 ലോകരാജ്യങ്ങള്‍ താലിബാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന ആവശ്യവുമായി ഇമ്മാനുവല്‍ മാക്രോണ്‍ രംഗത്തെത്തിയത്. ' ചെറിയ പെണ്‍കുട്ടികള്‍ക്ക് നല്ലൊരു ഭാവി നല്‍കണം. ലോകരാജ്യങ്ങള്‍ അഫ്ഗാനിസ്താനെ അംഗീകരിക്കണമെങ്കില്‍ ഞങ്ങള്‍ ഇതൊക്കെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പെണ്‍കുട്ടികളേയും തിരികെ സ്‌കൂളുകളില്‍ എത്തിക്കണം. ഈ മാസം അവസാനം നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഈ വിഷയം ഉന്നയിക്കും'- ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും ഉന്നമനം ഉറപ്പാക്കുന്നതിന് പുറമെ താലിബാന്‍ മനുഷ്യത്വരഹിതമായ നടപടികള്‍ നിര്‍ത്തണം. ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കണം.ഇത്തരം തീവ്രവാദ സംഘടനകളെ ശക്തമായി എതിര്‍ക്കണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു. ഈ നിബന്ധനകള്‍ പാലിക്കാത്ത പക്ഷം താലിബാന്റെ കീഴിലുള്ള അഫ്ഗാനെ ഒരിക്കലും പരിഗണിക്കാനാകില്ല.

അഫ്ഗാനിസ്താനില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 32 ലക്ഷത്തോളം കുട്ടികളെ ഗുരുതരമായ പോഷകാഹാരക്കുറവ് മൂലമുള്ള ബുദ്ധമുട്ടുകള്‍ ബാധിച്ചേക്കുമെന്ന യുഎന്‍ ഏജന്‍സികളുടെ മുന്നറിയിപ്പ്് ഇതിനിടെ പുറത്തുവന്നു. യുഎന്‍ ചില്‍ഡ്രന്‍സ് ഫ്രണ്ട്(യുണിസെഫ്) അഫ്ഗാനിസ്താന്‍ പ്രതിനിധി ഹെര്‍വ് ലുഡോവിക് ഡേ ലിസ്, വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ അഫ്ഗാന്‍ പ്രതിനിധി മേരി എല്ലന്‍ മക്ഗ്രൊവാര്‍ടി എന്നിവരുടെ സന്ദര്‍ശത്തിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്.വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഫ്ഗാനിസ്താനിലെ 95 ശതമാനം കുടുംബങ്ങള്‍ക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല.



അഫ്ഗാനിസ്താന്‍ ഈ വര്‍ഷം അവസാനത്തോടെ ഇത്തരത്തില്‍ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോകുമെന്നാണ് യുഎന്‍ ഏജന്‍സികളുടെ നിഗമനം. അടിയന്തരമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ പത്ത് ലക്ഷത്തോളം കുട്ടികളെങ്കിലും മരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.കടുത്ത ഭക്ഷണ ദാരിദ്ര്യം അനുഭവിക്കുന്നതിന് പുറമെ ശുദ്ധജലം, പോഷകാഹാരം, അവശ്യ ആരോഗ്യ സേവനങ്ങള്‍ എന്നിവ അഫ്ഗാനിലെ ഒരു കോടി പതിനാല് ലക്ഷം ജനങ്ങള്‍ക്കും ലഭ്യമാകുന്നില്ല.

ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തിലേറിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുകയാണ്. മിക്ക കുടുംബങ്ങളിലും മുതിര്‍ന്നവര്‍ വളരെ കുറച്ച് മാത്രം ഭക്ഷണം കഴിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ ഭക്ഷണം നല്‍കുകയാണ്. ഈ അവസ്ഥ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ അഫ്ഗാന്‍ പ്രതിനിധി മേരി എല്ലന്‍ പറയുന്നു. ' ഇപ്പോഴെങ്കിലും ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍, രാജ്യത്ത് പോഷകാഹാരക്കുറവ് രൂക്ഷമാകും. അന്താരാഷ്ട്ര സമൂഹം നേരത്തെ പ്രഖ്യാപിച്ച ഫണ്ട് ഇവിടുത്തെ ജനങ്ങള്‍ക്കായി അനുവദിക്കണം. അല്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' - മേരി എല്ലന്‍ പറയുന്നു.

2021 തുടക്കം മുതല്‍ 87 ലക്ഷത്തോളം ആളുകള്‍ക്ക് വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ അവശ്യ ചികിത്സയും പോഷകാഹാരം ലഭ്യമാക്കുന്നതിനുള്ള സഹായവും നല്‍കിയിരുന്നു. സെപ്റ്റംബറില്‍ മാത്രം 40 ലക്ഷത്തോളം പേരാണ് ഇവരുടെ സഹായം തേടിയത്. ഈ വര്‍ഷം യുണിസെഫിന്റെ സഹായത്തോടെ രണ്ട് ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാനുള്ള സഹായം ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.