ആഡംബര കപ്പലിലെ ലഹരി വേട്ട: ഡിറ്റക്ടീവ് നോവല്‍ പോലെ ഓരോ നിമിഷവും പുതിയ ട്വിസ്റ്റെന്ന് എന്‍.സി.ബി

ആഡംബര കപ്പലിലെ ലഹരി വേട്ട: ഡിറ്റക്ടീവ് നോവല്‍ പോലെ ഓരോ നിമിഷവും പുതിയ ട്വിസ്റ്റെന്ന് എന്‍.സി.ബി

മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരി മരുന്ന് പിടികൂടിയ കേസില്‍ ഓരോ നിമിഷവും പുതിയ ട്വിസ്റ്റുകളാണ് പുറത്തുവരുന്നതെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). കഴിഞ്ഞ ദിവസം പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഗത ക്രിസ്റ്റിയുടെയും ഷെര്‍ലക് ഹോംസിന്റെയും ഡിറ്റക്ടീവ് നോവലുകള്‍ പോലെയാണ് ഈ കേസെന്നും ഓരോ നിമിഷവും പുതിയ ട്വിസ്റ്റുകളാണ് കേസില്‍ സംഭവിക്കുന്നതെന്നും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അദ്വൈത് സേത്ന കോടതിയില്‍ വ്യക്തമാക്കി.

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ശ്രേയസ് നായര്‍(23) അബ്ദുള്‍ ഖാദര്‍ ഷെയ്ഖ്(30) മനീഷ് രാജ്ഗരിയ(26) അവിന്‍ സാഹു(30) എന്നിവരെയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. ഇവരെ ഒക്ടോബര്‍ 11 വരെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു.

തിങ്കളാഴ്ച വൈകിട്ടാണ് അബ്ദുള്‍ ഖാദര്‍ ഷെയ്ഖിനെ എന്‍.സി.ബി സംഘം അറസ്റ്റ് ചെയ്തത്. മുംബൈ ജോഗേശ്വരിയില്‍നിന്ന് പിടികൂടിയ ഇയാളില്‍നിന്ന് മെഫഡ്രോണ്‍ അടക്കമുള്ള ലഹരിമരുന്നുകളും കണ്ടെടുത്തിരുന്നു. ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത മൊഹക് ജസ്വാലില്‍നിന്നാണ് അബ്ദുള്‍ ഖാദര്‍ ഷെയ്ഖിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും എന്‍.സി.ബി. കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്രേയസ് നായരില്‍ നിന്ന് രണ്ട് ഗ്രാം ചരസ്സ് കണ്ടെടുത്തുവെന്നാണ് എന്‍.സി.ബി. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. അബ്ദുള്‍ ഖാദര്‍ ഷെയ്ഖും ശ്രേയസ് നായരും ലഹരി മരുന്ന് വിതരണക്കാരാണെന്നും മനീഷ് രാജ്ഗരിയയും അവിനും കപ്പലിലെ പാര്‍ട്ടിയില്‍ അതിഥികളായി പങ്കെടുത്തവരാണെന്നും എന്‍.സി.ബി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും എന്‍.സി.ബി. കോടതിയില്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച തുടങ്ങിയവരെ ഒക്ടോബര്‍ ഏഴ് വരെ എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.