പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന കത്തോലിക്ക സഭാ പ്ലീനറി കൗണ്‍സിലിന് ആശംസകളും അനുഗ്രഹങ്ങളും ചൊരിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. ഇന്നലെ പ്ലീനറി സെഷന്റെ ഉദ്ഘാടന വേളയിലാണ് മാര്‍പാപ്പയുടെ സന്ദേശം വായിച്ചത്.
പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവുമായുള്ള കൂടിച്ചേരലിനായുള്ള ഓസ്ട്രേലിയയിലെ ദൈവജനത്തിന്റെ യാത്രയാണ് പ്ലീനറി കൗണ്‍സിലെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. പരസ്പരമുള്ള കേള്‍വിക്കും ആത്മീയ സംവാദങ്ങള്‍ക്കും പ്ലീനറി കൗണ്‍സില്‍ മഹത്തായ വേദിയാകട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു. മോണ്‍സിഞ്ഞോര്‍ ജോണ്‍ ബാപ്റ്റിസ്റ്റ് ഇടരുമയാണ് സന്ദേശം വായിച്ചത്.
ഈ ധ്യാന പ്രക്രിയയില്‍, ആത്മാവിന്റെ ശബ്ദം കേള്‍ക്കാനും സുവിശേഷത്തിന്റെ ശാശ്വതമായ സത്യത്തിന് സാക്ഷ്യം വഹിക്കാനും ഓസ്‌ട്രേലിയയിലെ കത്തോലിക്ക സഭയ്ക്ക് സാധിക്കണം. സുവിശേഷ ദാനത്തിന്റെ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങള്‍ വികസിപ്പിക്കാനും ഈ ഒത്തുചേരലിലൂടെ സാധിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു. വത്തിക്കാനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയട്രോ പരോളിനാണ് സന്ദേശം ഒപ്പിട്ടിരിക്കുന്നത്.
84 വര്‍ഷത്തിനുശേഷമാണ് ഓസ്‌ട്രേലിയയില്‍ പ്ലീനറി കൗണ്‍സില്‍ നടക്കുന്നത്. പെര്‍ത്ത് സെന്റ് മേരീസ് കത്തീഡ്രലില്‍ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. ആദ്യഘട്ട സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. ഒക്ടോബര്‍ പത്തിന് രാവിലെ ബ്രിസ്ബന്‍ സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രലില്‍ നടക്കുന്ന കുര്‍ബാനയോടെ പൊതുസമ്മേളനം അവസാനിക്കും. രണ്ടാംഘട്ട സമ്മേളനം അടുത്ത വര്‍ഷം ജൂലൈ നാലു മുതല്‍ ഒന്‍പതു വരെ സിഡ്നിയില്‍ നടക്കും.
ആദ്യ സമ്മേളനത്തില്‍ 278 അംഗങ്ങളാണു പങ്കെടുക്കുന്നതെന്ന് പ്ലീനറി കൗണ്‍സില്‍ ഫെസിലിറ്റേറ്റര്‍ ലാന ടര്‍വി-കോളിന്‍സ് പറഞ്ഞു. പ്രാര്‍ഥനയിലൂടെയും ആത്മീയ സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ ശ്രമിക്കുമെന്ന് അവര്‍ പറഞ്ഞു. ലൈവ് സംപ്രേക്ഷണം, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, പ്രാര്‍ത്ഥന എന്നിവയിലൂടെ അംഗങ്ങള്‍ രാജ്യത്തെ കത്തോലിക്കാ സമൂഹവുമായി ഇടപെടും.
പുതിയ കാലത്തെ വെല്ലുവിളികള്‍ക്കും പ്രതീക്ഷകള്‍ക്കുമിടയില്‍ ഓസ്‌ട്രേലിയയിലെ കത്തോലിക്ക സഭയ്ക്ക് അതിന്റെ ദൗത്യം ഏറ്റവും വിശ്വസ്തമായും ഫലപ്രദമായും എങ്ങനെ വിനിയോഗിക്കാന്‍ കഴിയും എന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കും. 1937ലാണ് ഓസ്ട്രേലിയയില്‍ ആദ്യത്തെ പ്ലീനറി കൗണ്‍സില്‍ നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.