തന്മാത്രാ നിര്‍മാണത്തിന് 'ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍' വികസിപ്പിച്ച ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് മാക്മില്ലനും രസതന്ത്ര നൊബേല്‍

തന്മാത്രാ നിര്‍മാണത്തിന് 'ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍' വികസിപ്പിച്ച ബെഞ്ചമിന്‍ ലിസ്റ്റിനും ഡേവിഡ് മാക്മില്ലനും രസതന്ത്ര നൊബേല്‍

സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള 2021 ലെ നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക്. ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ് മാക്മില്ലന്‍ എന്നിവര്‍ സമ്മാനത്തുകയായ 11.4 ലക്ഷം ഡോളര്‍ (8.2 കോടി രൂപ) പങ്കിടും.  അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്.

തന്മാത്രകളെ സൃഷ്ടിക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. തന്മാത്രാ നിര്‍മാണത്തിന് 'ഓര്‍ഗാനോകാറ്റലിസ്റ്റുകള്‍' എന്ന സൂക്ഷ്മതയേറിയ പുതിയ 'ആയുധം' വികസിപ്പിച്ചവരാണ് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ ജേതാക്കള്‍.

ഔഷധ ഗവേഷണ രംഗത്ത് വലിയ സ്വാധീനം ചെലുത്തുക മാത്രമല്ല, രസതന്ത്രത്തെ കൂടുതല്‍ ഹരിതാഭമാക്കാനും ലിസ്റ്റിന്റെയും മാക്മില്ലന്റെയും കണ്ടെത്തല്‍ സഹായിക്കുന്നതായി സ്വീഡിഷ് അക്കാദമി വിലയിരുത്തി.

വ്യത്യസ്ത ഗുണങ്ങളുള്ള പദാര്‍ഥങ്ങള്‍ രൂപപ്പെടുത്താനും, ബാറ്ററികളില്‍ ഊര്‍ജ്ജം ശേഖരിക്കാനും, രോഗങ്ങളെ അമര്‍ച്ച ചെയ്യാനുമൊക്കെ പുതിയ തന്മാത്രകള്‍ ആവശ്യമാണ്. വിവിധ ഗവേഷണങ്ങളിലും വ്യവസായിക രംഗത്തും ഇത് വളരെ പ്രധാനമാണ്.

1968 ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടില്‍ ജനിച്ച ലിസ്റ്റ്, ഗോഥെ യൂണിവേഴ്‌സിറ്റി ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫര്‍ കോലന്‍ഫാര്‍ഷെങിന്റെ ഡയറക്ടറാണ് അദ്ദേഹം.

1968 ല്‍ യു.കെ.യിലെ ബെല്‍ഷില്ലില്‍ ജനിച്ച മാക്മില്ലന്‍, യു.എസില്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി.എടുത്തു. നിലവില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ പ്രൊഫസറാണ്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേരാണ് പങ്കിട്ടത്. സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവരാണ് പുരസ്‌കാരം നേടിയത്. ആഗോള താപനത്തെ കുറിച്ചുള്ള ഇവരുടെ പഠനമാണ് ശ്രദ്ധ ആകര്‍ഷിച്ചത്.

ഡേവിഡ് ജൂലിയസും ആര്‍ഡേ പറ്റാപുഷെയ്നുമാണ് വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഇരുവരും അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്. ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളുടെ കണ്ടെത്തലിനാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.