രാഹുലും പ്രിയങ്കയും ലഖിംപുരിലെത്തി; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു

രാഹുലും പ്രിയങ്കയും ലഖിംപുരിലെത്തി; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു

ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയിലെത്തി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട കര്‍ഷകന്‍ ലവ്പ്രീത് സിങ്ങിന്റെ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. ലവ്പ്രീത് സിങ്ങിന്റെ രക്ഷിതാക്കളെ കോണ്‍ഗ്രസ് നേതാക്കള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

സംഘര്‍ഷത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. നീതി നടപ്പാവുംവരെ കൂടെയുണ്ടാവുമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പുനല്‍കി. ബുധനാഴ്ച രാത്രിയാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെട്ട കോണ്‍ഗ്രസിന്റെ ഏഴംഗ സംഘം ലക്‌നൗ വിമാനത്താവളത്തില്‍നിന്ന് ലഖിംപുര്‍ ഖേരിയിലെത്തിയത്.

ഡല്‍ഹിയില്‍നിന്ന് രാഹുല്‍ ഉച്ചയ്ക്ക് 12.30-നാണ് ലഖിംപുരിലേക്കു പുറപ്പെട്ടത്. രണ്ടു മണിയോടെ ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യു.പി. പോലീസ് തടഞ്ഞിരുന്നു. പോലീസ് വാഹനത്തില്‍ സഞ്ചരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ രാഹുലും സംഘവും ഇത് അംഗീകരിച്ചില്ല. ലഖ്‌നൗ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂറോളം രാഹുല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്നാണ് സ്വന്തം വാഹനത്തില്‍ ലഖിംപുര്‍ ഖേരിയിലേക്കു പോകാന്‍ അനുമതി ലഭിച്ചത്.

വൈകീട്ട് അഞ്ചോടെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സീതാപൂരില്‍ പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ച ഗസ്റ്റ് ഹൗസിലെത്തി. 58 മണിക്കൂര്‍ നീണ്ട തടവിനുശേഷം പുറത്തിറങ്ങിയ പ്രിയങ്കയെയും കൂട്ടി രണ്ടു വാഹനങ്ങളിലായി ലഖിംപുര്‍ ഖേരിയിലേക്കു തിരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരും പ്രിയങ്കയ്‌ക്കൊപ്പം അറസ്റ്റിലായ രാജ്യസഭാംഗം ദീപേന്ദര്‍ സിങ് ഹൂഢ, എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും ഒപ്പമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.