മുംബൈ: ആഡംബരക്കപ്പലിൽ ലഹരി പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിൽ അഭിഭാഷകര്‍ രണ്ടു തട്ടില്‍. ആര്യനെ കസ്റ്റഡിയിൽ വിടാൻ മാത്രമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് ഒരു വിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടുമ്പോൾ മൊബൈൽ ഫോണിലെ തെളിവുകൾ ഇതിന് ധാരാളമാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
എന്നാൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ആര്യന്റേതടക്കം മൊബൈൽ ഫോണുകൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഫൊറൻസിക് പരിശോധനയ്ക്കയച്ചിരിക്കയാണ്. അന്താരാഷ്ട്ര മയക്കുമരുന്നു കടത്ത് സംഘവുമായുള്ള ബന്ധമടക്കം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആര്യന്റെ വാട്സ്ആപ്പ് ചാറ്റുകളിലുള്ളതെന്ന് നേരത്തേ എൻ.സി.ബി. കോടതിയെ അറിയിച്ചിരുന്നു.
ആര്യനിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയോ അദ്ദേഹം അത് ഉപയോഗിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ എന്തിന് കസ്റ്റഡി എന്നതാണ് പ്രധാന ചോദ്യം. മറ്റു പ്രതികളിൽനിന്ന് പിടിച്ചെടുത്ത മയക്കുമരുന്നാകട്ടെ ചെറിയ അളവിലുമാണ്. അത് ആര്യന്റെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനായ സതീഷ് മാനെ ഷിന്ദേ പറയുന്നു.
ചെറിയ അളവിലാണ് ലഹരിമരുന്ന് പിടിച്ചതെങ്കിൽ പോലും പ്രതിക്ക് ജാമ്യം നൽകാവുന്നതാണെന്ന് നടി റിയാ ചക്രവർത്തി കേസ് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ഹിതേഷ് ജെയിൻ പറയുന്നു. ജാമ്യം ലഭിക്കാത്ത കുറ്റമാണെങ്കിലും പ്രതി കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ പറ്റിയ സാഹചര്യമുണ്ടെങ്കിൽ ജാമ്യം നൽകാമെന്ന് ബോംബെ ഹൈക്കോടതിയുടെ വിധിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാട്സ്ആപ്പിലെ സന്ദേശങ്ങൾമാത്രം മുൻനിർത്തി ഒരാളെ കുറ്റക്കാരനാക്കാൻ കഴിയില്ലെന്നാണ് മറ്റ് ചില അഭിഭാഷകരും അഭിപ്രായപ്പെട്ടത്.
ജാമ്യം ലഭിക്കേണ്ട കുറ്റമേ ആര്യൻ ചെയ്തിട്ടുള്ളൂ എന്നാണ് മുതിർന്ന അഭിഭാഷകൻ ദിപേഷ് മെഹ്തയും അഭിപ്രായപ്പെട്ടത്. അതേസമയം വാട്സ്ആപ്പ് ചാറ്റിൽ എൻ.സി.ബി. പറയുന്നപോലെ കുറ്റകരവും ഞെട്ടിപ്പിക്കുന്നതുമായ തെളിവുകൾ ഉണ്ടെങ്കിൽ ആര്യന് കേസിൽനിന്ന് പെട്ടെന്ന് പുറത്തുവരാൻ കഴിയില്ലെന്ന് ക്രിമിനൽ അഭിഭാഷകനായ അശോക് സരോഗി ചൂണ്ടിക്കാട്ടി.
ആര്യന്റെ കസ്റ്റഡി ഇന്ന് അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിക്കുന്ന ജാമ്യാപേക്ഷയെ വീണ്ടും എൻ.സി.ബി എതിർക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ഇതിനിടെ എൻ.സി.ബി.യുടെ കസ്റ്റഡിയിലുള്ള നാലു പേരുടെ അറസ്റ്റ് ചൊവ്വാഴ്ച രാത്രി രേഖപ്പെടുത്തി. കോടതി ഇവരെ ഒക്ടോബർ 14 വരെ കസ്റ്റഡിയിൽ വിട്ടിരിക്കയാണ്. ഇന്നലെ ലഹരിമരുന്ന് വിതരണം ചെയ്യുന്ന മറ്റൊരാളെക്കൂടി പിടികൂടിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.