ഉത്ര മോഡല്‍ രാജസ്ഥാനിലും: പുതിയ ട്രെന്‍ഡെന്ന് സുപ്രീം കോടതി; പ്രതിക്ക് ജാമ്യം നിഷേധിച്ചു

ഉത്ര മോഡല്‍ രാജസ്ഥാനിലും: പുതിയ ട്രെന്‍ഡെന്ന് സുപ്രീം കോടതി; പ്രതിക്ക് ജാമ്യം നിഷേധിച്ചു

ന്യൂഡല്‍ഹി: പാമ്പിനെ കൊണ്ട് കടിപ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് സുപ്രീം കോടതി. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ 2019-ല്‍ നടന്ന കൊലപാതകത്തിലാണ് പ്രതിയായ കൃഷ്ണകുമാറിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിയത്.

പാമ്പാട്ടികളില്‍ നിന്ന് വിഷ പാമ്പിനെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെന്‍ഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ രാജസ്ഥാനില്‍ സാധാരണമായിരിക്കുകയാണെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതേസമയം, കൃഷ്ണകുമാറിനെതിരേ നേരിട്ടുള്ള തെളിവുകളില്ലെന്നും എന്‍ജിനീയറിങ് വിദ്യാര്‍ഥിയായതിനാല്‍ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും പ്രതിക്ക് വേണ്ടി ഹാജരായ ആദിത്യ ചൗധരി വാദിച്ചു. എന്നാല്‍ വാദം തള്ളിയ കോടതി പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

2019 ജൂണ്‍ രണ്ടിനാണ് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് പിന്നീട് അവിടെയും സംഭവിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

സുബോദ ദേവിയുടെ മരുമകള്‍ അല്പന, കാമുകനായ മനീഷ് എന്നിവര്‍ക്കെതിരേയായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുബോദ ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. അല്പനയുടെയും മനീഷിന്റെയും സുഹൃത്താണ് കേസിലെ മറ്റൊരു പ്രതിയായ കൃഷ്ണകുമാര്‍. കൊലപാതകത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
2018 ഡിസംബര്‍ 18നാണ് അല്പനയും സുബോദ ദേവിയുടെ മകനായ സച്ചിനും വിവാഹിതരാകുന്നത്. ഭര്‍ത്താവ് സച്ചിന്‍ സൈന്യത്തിലായതിനാല്‍ അല്‍പനയും ഭര്‍തൃമാതാവായ സുബോദ ദേവിയും മാത്രമാണ് ജുന്‍ജുനുവിലെ വീട്ടില്‍ താമസിച്ചിരുന്നത്. സുബോദ ദേവിയുടെ മറ്റൊരു മകനും സൈനികനാണ്. ഭര്‍ത്താവ് രാജേഷും ജോലിയാവശ്യാര്‍ഥം മറ്റൊരിടത്തായിരുന്നു താമസം.
2019 ജൂണ്‍ രണ്ടിന് സുബോദ ദേവിയെ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരമാസത്തിന് ശേഷമാണ് സംഭവത്തില്‍ കുടുംബം പരാതി നല്‍കിയത്. സുബോദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അല്പനയെ സംശയമുണ്ടെന്നുമായിരുന്നു പരാതി. അല്പനയുടെയും മനീഷിന്റെയും ഫോണ്‍ നമ്പറുകളും പൊലീസിന് കൈമാറി.
പൊലീസിന്റെ അന്വേഷണത്തില്‍ മനീഷും അല്പനയും തമ്മിലുള്ള ബന്ധം കണ്ടെത്തുകയും സുബോദ ദേവി മരിച്ച ദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണ അന്നേ ദിവസം വിളിച്ചു. ചില മെസേജുകളും ഇവരുടെ ഫോണുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

പാമ്പാട്ടിയുടെ കൈയില്‍ നിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേര്‍ന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ മൂന്ന് പ്രതികളും ജയിലിലാണ്. ഇതിനിടെയാണ് കൃഷ്ണകുമാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.