വത്തിക്കാന്‍: രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയമാണ് യുദ്ധങ്ങളായി കലാശിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മനുഷ്യര്‍ സഹോദരങ്ങളുടെ ജീവനെടുക്കുന്ന അക്രമത്തിന്റെയും യുദ്ധത്തിന്റെയും കാഴ്ചകള്‍ ദൂരെ നിന്ന് കാണേണ്ടിവരുന്ന നിസ്സാഹായാവസ്ഥ ഏറ്റവും പരിതാപകരമാണെന്നും ഇതു മാറ്റാനുള്ള ശ്രമം മനുഷ്യ രാശി ഏറ്റെടുക്കേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. 'ആളുകളുടെയും കൊച്ചുകുട്ടികളുടെയും ജീവിതം കൊണ്ടുള്ള ഈ കളിയില്‍ നമ്മള്‍ നിസ്സംഗരായ കാണികളാകരുത്'.
'ഈ അതിലോലമായ ചരിത്ര സാഹചര്യത്തില്‍' മതങ്ങളുടെ അടിയന്തര ദൗത്യം മനുഷ്യഹൃദയത്തെ നിരായുധീകരിക്കുക എന്നതാണ്- ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. റോമിലെ സെന്റ് എഗിഡിയോ കമ്മ്യൂണിറ്റി ലോകമെമ്പാടു നിന്നുമായി നിരവധി വിശ്വാസ നേതാക്കളെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച രണ്ട് ദിവസത്തെ സമാധാന സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് യുദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കാര്യക്ഷമമായ നീക്കങ്ങള്‍ വേണമെന്ന് പാപ്പ ആഹ്വാനം ചെയ്തത്.
'കോവിഡ് -19 മഹാമാരി നല്‍കുന്ന അവസരം പാഴാക്കരുതെ'ന്ന് സെന്റ് എഗിഡിയോ കമ്മ്യൂണിറ്റി പ്രസിഡന്റ് മാര്‍ക്കോ ഇംപാഗ്ലിയാസോ ആവശ്യപ്പെട്ടു. 'ഇത് ഒരു പുതിയ തുടക്കമായി മാറട്ടെ, അധഃപതനത്തിന്റെ സമയം മാത്രമായിരിക്കരുത് ഇത്'- ഉദ്ഘാടന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. എല്ലാ യുദ്ധങ്ങളുടെയും ഇരകള്‍ക്കായി ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷമാണ് 'മനുഷ്യഹൃദയത്തെ നിരായുധീകരിക്കാന്‍' ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ട് മാര്‍പാപ്പ സമാപന സന്ദേശം നല്‍കിയത്.അക്രമത്തില്‍ നിന്ന് സമാധാനത്തിലേക്കുള്ള നീക്കത്തില്‍ മികച്ച പ്രതീകമാണ് സമ്മേളന വേദിയായ കൊളോസിയമെന്ന് പാപ്പ അഭിപ്രായപ്പെട്ടു.
നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് സംഭവിക്കുന്നതെല്ലാം നമ്മെയും ബാധിക്കുന്നു. ഈ സത്യം തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ വലിയ വിവേകവും ധൈര്യവും തന്നെ ആവശ്യമാണ്. 'വിശ്വാസികളെന്ന നിലയില്‍ മനുഷ്യഹൃദയങ്ങളില്‍ നിന്ന് വിദ്വേഷം ഇല്ലാതാക്കാനും എല്ലാത്തരം അക്രമങ്ങളെയും അപലപിക്കാനും സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.സമാധാനമില്ലാതെ ആളുകള്‍ക്ക് സഹോദരീസഹോദരന്മാരായി തുടരാനാവില്ല.'
'സമാധാനത്തിന് ഹൃദയശുദ്ധി അനിവാര്യമാണ്.മാനുഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആയുധങ്ങള്‍ മാറ്റിവയ്ക്കാനും സൈനിക ചെലവുകള്‍ കുറയ്ക്കാനും മരണ ഉപകരണങ്ങള്‍ ജീവിത ഉപകരണങ്ങളാക്കി മാറ്റാനും നമുക്ക് വ്യക്തമായി ആവശ്യപ്പെടാം.'മതമൗലികവാദത്തിലേക്കുള്ള പ്രലോഭനത്തെ മറികടന്ന് പരസ്പരം സഹോദരങ്ങളായി കാണാന്‍ പാപ്പ എല്ലാ മതങ്ങളിലെയും വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.പരിപാടിയുടെ പ്രമേയത്തിന്റെ മറ്റൊരു ഭാഗമായ 'ഭാവി ഭൂമി' യുടെ പ്രാധാന്യവും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.
'പ്രകൃതിക്കെതിരായ കുറ്റകൃത്യം നമുക്കെതിരായും ദൈവത്തിനെതിരായുമുള്ള പാപമാണ്' എന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യൂമെന്‍ഷ്യല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയൂ ഒന്നാമന്റെ വാക്കുകള്‍ സുപ്രധാനമാണെന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തി.പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ചരിത്രത്തിന്റെ ഗതി മാറ്റുമെന്ന ആത്മവിശ്വാസം പങ്കുവച്ചാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.കൊളോസിയത്തില്‍ നടത്തിയ സമാധാന പ്രാര്‍ത്ഥനയ്ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കി. വിവിധ ക്രിസ്തുമത നേതാക്കള്‍ക്കു പുറമേ 40 -ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഇസ്ലാം, ഹെബ്രായിസം, ബുദ്ധ, ടെന്റിയോ, ഹിന്ദു, സിഖ് മത നേതാക്കളും സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.