ന്യൂഡൽഹി: ഇന്ത്യയും ചൈനയും വീണ്ടും നേർക്കുനേർ. അരുണാചല്‍ പ്രദേശില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും ചൈനയുടെ പ്രകോപനം. നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
ചൈനയുടെ സൈനികര്‍ നിയന്ത്രണരേഖ ലംഘിച്ച് അതിര്‍ത്തിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഈ നീക്കത്തെ തടഞ്ഞു. 200ഓളം ചൈനീസ് സൈനികരാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട ഇന്ത്യന്‍ സൈന്യം ഉടന്‍ തന്നെ ഈ നീക്കത്തെ തടയുകയായിരുന്നു. തുടര്‍ന്ന് ഉന്നത സൈനികര്‍ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
അരുണാചലിലെ തവാങ് മേഖലയിലാണ് സംഭവം നടന്നത്. ദിവസേനയുള്ള പട്രോളിങ്ങിനിടെയാണ് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘനം നടത്തുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ തടയുകയുമായിരുന്നു. പ്രദേശത്തെ കമാന്‍ഡര്‍മാര്‍ ഇടപെട്ട് വിഷയം പരിഹരിച്ചതോടെയാണ് ഇരുവിഭാഗവും പിരിഞ്ഞ് പോയത്.
ചൈനീസ് ഭാഗത്ത് നിന്ന് ഉണ്ടായ പ്രകോപനപരവും ഏകപക്ഷീയവുമായ നീക്കങ്ങള്‍ അതിര്‍ത്തിയില്‍ സമാധാനം പാലിക്കാനുള്ള നീക്കങ്ങള്‍ക്ക് തടസമാവുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം വാഗ്ചി പറഞ്ഞു. നേരത്തെയുള്ള ഉഭയകക്ഷി തീരുമാനപ്രകാരം കിഴക്കന്‍ ലഡാക്കിന്റെ അതിര്‍ത്തിയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചൈന ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചൈന ഈ മേഖലയില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. വിഷയത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് നടന്ന ഗാല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയിലെ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും വലിയ സൈനിക സംഘര്‍ഷമായിരുന്നു ഗാല്‍വനിലേത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.