മരണാനന്തരം 'റാണി'യെ തേടി ഗിന്നസ് അംഗീകാരമെത്തി

മരണാനന്തരം 'റാണി'യെ തേടി ഗിന്നസ് അംഗീകാരമെത്തി

ധാക്ക: ബംഗ്ലാദേശില്‍ തരംഗമായി മാറിയ 'റാണി'യെ തേടി ഒടുവില്‍ ഗിന്നസ് അംഗീകാരമെത്തി. ലോകത്തിലെ ഏറ്റവും ചെറിയ പശുവായി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ റാണി ഇടം നേടിക്കഴിഞ്ഞു. എന്നാല്‍ ആ അംഗീകാരം ലഭിക്കുന്നതിനു മുന്‍പു തന്നെ റാണി ലോകത്തോട് വിടപറഞ്ഞിരുന്നു. ബംഗ്ലാദേശിലെ ഫാമില്‍ എല്ലാവരുടെയും അരുമയായി കഴിഞ്ഞ റാണിപ്പശുവിനെ കാണാനും സെല്‍ഫിയെടുക്കാനും വിദൂരങ്ങളില്‍നിന്ന് പോലും ആയിരങ്ങളാണ് എത്തിയത്.

20 ഇഞ്ച് മാത്രം ഉയരമുള്ള, രണ്ട് വയസ് പ്രായമായ റാണിയെ ലോകത്തിലെ ഏറ്റവും ചെറിയ പശുവായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് അവസാനമാണ്. പശുവിന്റെ ഉടമ ഗിന്നസ് റെക്കോര്‍ഡിന് അപേക്ഷിച്ചതിന് പിന്നാലെ ഓഗസ്റ്റ് 19നാണ് റാണി ചത്തത്. ഗ്യാസ്ട്രബിള്‍ മൂലമുണ്ടായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം.

റാണിയെ ലോകത്തെ ഏറ്റവും ചെറിയ പശുവായി അംഗീകരിച്ചതായി ഉടമ ഖാസി മുഹമ്മദ് അബു സൂഫിയാന് ഗിന്നസ് അധികൃതരില്‍നിന്ന് മെയില്‍ ലഭിച്ചു. പക്ഷേ അപ്പോഴേക്കും റാണി ചത്തുപോയിരുന്നു. ഇന്ത്യയിലെ മാണിക്യം എന്ന പശുവിനായിരുന്നു മുമ്പ് ലോക റെക്കോര്‍ഡ്(24 ഇഞ്ച്). ബംഗ്ലാദേശില്‍ ധാക്കയിലെ ഒരു ഫാമിലാണ് റാണി ജീവിച്ചിരുന്നത്.

നിരവധിയാളുകളാണ് റാണിയെ കാണാന്‍ ഫാമിലെത്തിയിരുന്നത്. ഗിന്നസ് റെക്കോര്‍ഡിനായി റാണിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഗിന്നസ് അധികൃതര്‍ക്ക് അയച്ചിരുന്നു. ചത്തതിന് ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും അയച്ചു-ഉടമ സൂഫിയാന്‍ പറഞ്ഞു. ഹോര്‍മോണ്‍ കുത്തിവെച്ചതിനെ തുടര്‍ന്നാണോ റാണി ഇത്രയും ചെറുതായതെന്ന സംശയത്തെ തുടര്‍ന്നാണ് വിശദ മെഡിക്കല്‍ റിപ്പോര്‍ട്ട് അയച്ചത്.


ലോകത്തിലെ ഏറ്റവും ചെറിയ പശുവായി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടിയ റാണി (ഫയല്‍ ചിത്രം)

റെക്കോര്‍ഡ് ലഭിച്ചപ്പോള്‍ സമ്മിശ്ര വികാരമാണ്. അവളെ ലോകം അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ അവള്‍ കൂടെയില്ലല്ലോ എന്നതില്‍ ദുഃഖവും-സൂഫിയാന്‍ പറഞ്ഞു. കോവിഡ് കാലത്ത് ഗതാഗതം നിര്‍ത്തിവെച്ചിട്ടും റാണിയെ കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു.

റാണിയെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ മൂന്ന് ദിവസത്തിനുള്ളില്‍ 15000 പേരോളമാണ് കാണാനെത്തിയത്. എല്ലാവരും അവള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള തിരക്കിലായിരുന്നു. ഭൂട്ടാന്‍ പശുവാണ് റാണി. ഭൂട്ടാനി പശുക്കളുടെ മാംസത്തിന് ബംഗ്ലാദേശില്‍ ആവശ്യക്കാരേറെയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.