കാന്‍ബറ: ഓസ്‌ട്രേലിയയില്‍ ഭക്ഷണ പാഴ്‌സലുമായി പറന്ന ഡ്രോണിനെ ഒരു കാക്ക ആക്രമിക്കുന്ന വീഡിയോ അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
കാന്‍ബറയില്‍നിന്നായിരുന്നു ഈ ദൃശ്യം. ഓര്‍ഡര്‍ എത്തിക്കാന്‍ ആകാശത്തുകൂടി പറക്കുന്ന ഡ്രോണിനെ ലക്ഷ്യമാക്കി ഒരു കാക്ക വരുന്നതും ശത്രുവാണെന്നു കരുതി ആക്രമിക്കുന്നതും നിമിഷങ്ങള്‍ക്കകം കാക്ക പറന്നുപോകുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. കൊക്ക് കൊണ്ട് കൊത്തി ആക്രമിച്ച ശേഷം ഡ്രോണിന്റെ പിന്‍ഭാഗത്ത് കാക്ക തൂങ്ങിക്കിടക്കുന്നതും വീഡിയോയില്‍ കാണാം. കാക്ക ആക്രമിച്ചതോടെ വളരെ പണിപ്പെട്ടാണ് ഡ്രോണ്‍ പറക്കുന്നത്. അവസാനം ഉപഭോക്താവിന് ഭക്ഷണ പായ്ക്കറ്റ് ഡ്രോണ്‍ എത്തിക്കുകയും ചെയ്തു.
ഓര്‍ഡര്‍ എടുത്ത വിങ് എന്ന കമ്പനിയാണ് ഡ്രോണ്‍ ഉപയോഗിച്ച് കാപ്പി പാഴ്‌സലായി അയച്ചത്. സംഭവത്തിനു ശേഷം കാന്‍ബറയിലെ പ്രാന്തപ്രദേശമായ ഹാരിസണിലേക്കുള്ള ഡെലിവറികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
വീഡിയോ രസകരമായിരുന്നെങ്കിലും അതിനു പിന്നിലെ ഗൗരവമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. പരിസ്ഥിതി സൗഹൃദമായ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പാഴ്‌സല്‍ ഡെലിവറിയുടെ സാധ്യതകളെക്കുറിച്ച് കമ്പനികള്‍ തല പുകയ്ക്കുമ്പോള്‍ തങ്ങളുടെ മേഖലയിലേക്കുള്ള ഡ്രോണുകളുടെ കടന്നു കയറ്റത്തെ പക്ഷികള്‍ എത്രത്തോളം സ്വാഗതം ചെയ്യുമെന്നാണ് ഗവേഷകര്‍ ചിന്തിക്കുന്നത്.
ലോക്ഡൗണില്‍ അടച്ചിട്ടിരുന്ന കാന്‍ബറയിലേക്ക് നല്ല ചൂടുള്ള കാപ്പിയുമായാണ് ഡ്രോണ്‍ പറന്നത്. ഭക്ഷണം, പലചരക്ക് സാധനങ്ങള്‍, മരുന്ന്, എന്നിവ പാഴ്‌സലായി അയയ്ക്കാനാണ് കൂടുതലയായും ഉപയോഗിക്കുന്നത്.
കുറഞ്ഞ ഊര്‍ജം, പരിസ്ഥിതി സൗഹൃദം, വേഗമേറിയതും സുരക്ഷിതവുമായ ഡെലിവറി എന്നിവയാണ് ഇതിന്റെ ഗുണങ്ങളായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ചൂടുള്ള ഭക്ഷണവും കാപ്പിയും വേഗത്തില്‍ ഡെലിവറി ചെയ്യാന്‍ ഡ്രോണുകള്‍ മികച്ചതാണെന്നു വിംഗ് പബ്ലിക് പോളിസി മേധാവി ജെസി സുസ്‌കിന്‍ പറയുന്നു. ഡ്രോണ്‍ ഡെലിവറി കൂടുതല്‍ വ്യാപകമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് വര്‍ഷം മുമ്പ് ഡ്രോണ്‍ ഡെലിവറി ആരംഭിച്ച വിങ്, കാന്‍ബെറയില്‍ ഓരോ മിനിറ്റിലും ലോഗനില്‍ ഓരോ 30 സെക്കന്‍ഡിലും ഡെലിവറി നടത്തുന്നു.
സംഭവത്തെതുടര്‍ന്ന് വിങ് ഒരു പക്ഷിശാസ്ത്ര വിദഗ്ധനെ കമ്പനിയിലേക്ക് നിയമിക്കുകയും ചെയ്തു. പക്ഷികളുടെ ഇണചേരല്‍ സീസണ്‍ ആയതിനാല്‍ ഹാരിസണിലേക്കുള്ള ഡെലിവറികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
പക്ഷികള്‍ ഡ്രോണുകളെ ആക്രമിക്കുന്നത് അപൂര്‍വ്വമാണ്, എന്നാല്‍ ഈ വര്‍ഷം അവയുടെ പെരുമാറ്റം കൂടുതല്‍ ആക്രമണാത്മകമായിരുന്നുവെന്ന് ഡീക്കിന്‍ സര്‍വകലാശാലയിലെ വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ അസോസിയേറ്റ് പ്രൊഫ. മൈക്ക് വെസ്റ്റണ്‍ പറയുന്നു.
കാക്കകള്‍ ഇരയുമായി പോകുന്ന മറ്റു പക്ഷികള്‍ക്കു ഭീഷണിയായി പിന്തുടരാറുണ്ട്. ഇവിടെയും അതാണു സംഭവിച്ചത്. പക്ഷികള്‍ ഡ്രോണുകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ അപൂര്‍വമല്ല. 275 ഡ്രോണ്‍ ഓപ്പറേറ്റര്‍മാരില്‍ നടത്തിയ ഒരു പഠനത്തില്‍ 20 ശതമാനം പേര്‍ പക്ഷികള്‍ ഡ്രോണുകളെ ആക്രമിച്ച സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി.
കാക്കകള്‍ ഡ്രോണുകളെ മറ്റൊരു പക്ഷിയായി തെറ്റിദ്ധരിക്കുന്നുവെന്ന് ബേര്‍ഡ്ലൈഫ് ഓസ്ട്രേലിയയിലെ സീന്‍ ഡൂലി പറയുന്നു. അല്ലെങ്കില്‍ ഡ്രോണുകളെ ഭീഷണിയായി കരുതുന്നു. വലിയ പക്ഷികളെപ്പോലും കാക്കകളും മാഗ്‌പൈകളും ചേര്‍ന്ന് ആക്രമിക്കുന്നതു പതിവാണ്. മുട്ടയിടുന്ന സമയത്താണ് ഈ സ്വഭാവം കൂടുതല്‍ പ്രകടിപ്പിക്കുന്നത്.
കാന്‍ബറയില്‍ കാപ്പിയുമായി പറന്ന ഡ്രോണിനെ കാക്ക ആക്രമിക്കുന്നു.
അതേസമയം കാക്കകള്‍ ഡ്രോണുകളെ ആക്രമിക്കുന്നത് മുമ്പ് കണ്ടിട്ടില്ലെന്നും സീന്‍ ഡൂലി പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇരപിടിയന്‍ പക്ഷികളായ കഴുകന്മാരില്‍ ഇത്തരം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോളണ്ടില്‍ അനധികൃത ഡ്രോണുകള്‍ വീഴ്ത്താന്‍ കഴുകന്മാര്‍ക്ക് പരിശീലനം നല്‍കാറുണ്ട്.
ഗാര്‍ഡിയന്‍ ഓസ്ട്രേലിയയുടെ ഫോട്ടോഗ്രാഫര്‍ മൈക്ക് ബോവേഴ്സിന്റെ ഡ്രോണുകളും മൂന്ന് തവണ പക്ഷികളാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
പക്ഷികള്‍ ആക്രമിക്കുമ്പോള്‍ ഡ്രോണുകള്‍ തകരാറിലാവുകയാണ് പതിവ്. വില കൂടിയ ഡ്രോണുകള്‍ ഇത്തരത്തില്‍ കേടാകുന്നതാണ് ഇത് ഉപയോഗിക്കുന്ന കമ്പനികളെ വലയ്്ക്കുന്നത്.
അതേസമയം ഡ്രോണുകള്‍ പക്ഷികള്‍ക്ക് ഭീഷണിയാവുന്നത് എങ്ങനെയെന്നും സീന്‍ ഡൂലി വ്യക്തമാക്കുന്നു. ഡ്രോണുകള്‍ക്ക് പക്ഷികളെ ഭയപ്പെടുത്താന്‍ കഴിയും. ഡ്രോണിന്റെ ശബ്ദവും തരംഗവും മൂലം ശത്രുവാണെന്നു തെറ്റിദ്ധരിച്ച് കൂടു വിട്ടു പറക്കാന്‍ അവ നിര്‍ബന്ധിതമാകുന്നു. ഇര പിടിക്കുന്നതും തടസപ്പെടാം. പക്ഷികളുടെ പ്രജനനത്തെയും ബാധിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷികള്‍ കൂടുതലുള്ള മേഖലകളില്‍ ഡ്രോണുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ജീവികളുടെ ആവാസ വ്യവസ്ഥയില്‍ ഡ്രോണുകളുടെ ഇടപെടലിനെക്കുറിച്ച് കൂടുതല്‍ ഗവേഷണം അനിവാര്യമാണ്.
കുറഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്ന ഡ്രോണുകള്‍ ഉപയോഗിക്കാന്‍ ഗവേഷകര്‍ ശിപാര്‍ശ ചെയ്യുന്നു. മൃഗങ്ങളില്‍ നിന്ന് കുറഞ്ഞത് 100 മീറ്റര്‍ അകലെ പറന്നുയരുകയും ഇറങ്ങുകയും വേണം. മൃഗങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി പോകുകയും വേണം. ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തു ചെയ്യണം എന്നതിനെക്കുറിച്ച് ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് മികച്ച പരിശീലനവും നല്‍കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.