ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പണിമുടക്കിയതിന് പിന്നില്‍ !

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പണിമുടക്കിയതിന് പിന്നില്‍ !

കഴിഞ്ഞ ദിവസം സൈബര്‍ ലോകം ആകെ നിശ്ചലമായ അവസ്ഥയായിരുന്നു. മണിക്കൂറുകളാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ നിശ്ചലമായത്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടതോടെ മൂന്ന് പ്ലാറ്റ്‌ഫോമിലും കൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് എന്താണ് പ്രശ്‌നം എന്നറിയാതെ ബുദ്ധിമുട്ടിയത്. ചിലര്‍ ഇത് സൈബര്‍ ആക്രമണമാണോ എന്ന് സംശയിച്ചിരുന്നു എങ്കിലും ഫേസ്ബുക്ക് ഈ സാദ്ധ്യത തള്ളിക്കളഞ്ഞ് പ്രസ്താവനയിറക്കുകയായിരുന്നു.

പിറ്റേന്ന് ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനം പുനരാരംഭിച്ചു. അതേസമയം എന്താണ് ഈ സേവനങ്ങള്‍ തടസപ്പെടാന്‍ കാരണം എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? സൈബര്‍ ക്രൈം സ്‌പെഷ്യലിസ്റ്റുകളും സൈബര്‍ സുരക്ഷാ ഗവേഷകരും നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. സൈബര്‍ ക്രൈം റിപ്പോര്‍ട്ടര്‍ ബ്രയാന്‍ ക്രെബ്‌സിന്റെ അഭിപ്രായത്തില്‍, ഇത് ഒരു ബിജിപി അല്ലെങ്കില്‍ ബോര്‍ഡര്‍ ഗേറ്റ്വേ പ്രോട്ടോക്കോള്‍ പ്രശ്‌നമാണ്.
എന്താണ് ബോര്‍ഡര്‍ ഗേറ്റ്വേ പ്രോട്ടോക്കോള്‍ (ബിജിപി)?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രോട്ടോക്കോളാണ് ബിജിപി. ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കുകളുടെ ഒരു ശൃംഖലയായതിനാല്‍, അതിനെ ഒരുമിച്ച് നിര്‍ത്തുന്ന സംവിധാനമാണ് ബിജിപി. ബിജിപി പ്രവര്‍ത്തിക്കാതിരുന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇന്റര്‍നെറ്റ് റൂട്ടറുകള്‍ക്ക് ശരിക്കും മനസിലാക്കാന്‍ കഴിയില്ല. ഇത് സേവനങ്ങള്‍ നിശ്ചലമാവുന്നതിലേക്ക് നയിക്കും.

വെബ്‌സൈറ്റിലേക്കുള്ള റൂട്ട് മനസ്സിലാക്കാന്‍ പറ്റാതാവുന്നതോടെയാണിത് സംഭവിക്കുന്നത്. ഫേസ്ബുക്കും, വാട്‌സ്ആപ്പും, ഇന്‍സ്റ്റാഗ്രാമും പണിമുടക്കിയതിന് കാരണവും ബിജിപി പ്രവര്‍ത്തിക്കാതിരുന്നതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ബോര്‍ഡര്‍ ഗേറ്റ്വേ പ്രോട്ടോക്കോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഗൂഗിള്‍, ഫേസ്ബുക്ക് അല്ലെങ്കില്‍ യൂട്യൂബ് പോലുള്ള സൈറ്റുകളിലേക്ക് നിങ്ങളെ നയിക്കുന്ന മാപ്പുകള്‍ സൃഷ്ടിക്കുന്നതിന് ഉത്തരവാദിത്തമുള്ള ഒരു സ്ഥാപനത്തെ പോലെയാണ് ബിജിപി പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ഒരു വെബ്‌സൈറ്റ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്റെര്‍നെറ്റിന് കൃത്യമായി ആ സൈറ്റിലേക്ക് ചെന്നെത്താനുള്ള വഴി തെളിക്കുന്നത് ബിജിപിയാണ്. അതുകൊണ്ട് തന്നെ ബിജിപി പ്രവര്‍ത്തിക്കാതിരുന്നാല്‍ അല്ലെങ്കില്‍ ബിജിപിയ്ക്ക് എന്തെങ്കിലും തകരാറുണ്ടായാല്‍ ഉദ്ദേശിക്കുന്ന വെബ്സൈറ്റിലേക്ക് എത്തില്ല. ഒരു ട്രാഫിക് ബ്ലോക്ക് സാഹചര്യം പോലെ. എന്താണ് എങ്ങോട്ടേക്കാണ് എന്ന് വ്യക്തമാവാത്ത അവസ്ഥ. ഇതോടെ വെബ്സൈറ്റുകള്‍ നിശ്ചലമാകുന്നു.

ബിജിപി പ്രശ്‌നം ഫേസ്ബുക്കിനെ എങ്ങനെ ബാധിച്ചു?

ക്ലൗഡ്ഫ്‌ളെയറിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ നിന്ന് റൂട്ടിംഗില്‍ ധാരാളം മാറ്റങ്ങള്‍ വരുത്തിയിരുന്നു. ചില റൂട്ടുകള്‍ പിന്‍വലിക്കുകയും ചെയ്തു. ഇത് ഫേസ്ബുക്കിന്റെ ഡിഎന്‍എസ് സെര്‍വറുകള്‍ ഓഫ്  ലൈനിലാവാന്‍ കാരണമായി. ഇതാണ് ബോര്‍ഡര്‍ ഗേറ്റ്വേ പ്രോട്ടോക്കോള്‍ തകരാറിലേക്ക് ചെന്നെത്തുകയും ചെയ്തു.

എന്താണ് ഡിഎന്‍എസ് സെര്‍വറുകള്‍?

ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) ഇന്റര്‍നെറ്റിന്റെ ഫോണ്‍ബുക്ക് ആണ്. ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ഡൊമെയ്ന്‍ പേരുകളിലൂടെ വിവരങ്ങള്‍ ആക്സസ് ചെയ്യുന്നു. ഉദാഹരണത്തിന് facebook.com. ഇതിനായി ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ IP അല്ലെങ്കില്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസങ്ങള്‍ ഉപയോഗിക്കുന്നു. ഡൊമെയ്ന്‍ പേരുകള്‍ IP വിലാസങ്ങളായി ബ്രൗസറുകളിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഡിഎന്‍എസ് സെര്‍വറുകളുടെ ചുമതലയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.