പ്രതിപക്ഷ ഐക്യം: കോണ്‍ഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല; പിബിയില്‍ ഭിന്നത

പ്രതിപക്ഷ ഐക്യം: കോണ്‍ഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ല; പിബിയില്‍ ഭിന്നത

ന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യത്തെ ചൊല്ലി സിപിഎം പിബി യോഗത്തിൽ ഭിന്നത. കോൺഗ്രസുമായുള്ള സഖ്യം ഗുണം ചെയ്യില്ല. വർഗീയതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയമാണെന്നും പിബിയിൽ അഭിപ്രായമുയർന്നു. പിബി യോഗത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയർന്നതിനാൽ വിഷയം കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

ഒരു വിഭാഗം പ്രവർത്തകർ കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ കോൺഗ്രസിനെ ആശ്രയിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് മറുവിഭാഗത്തിനുള്ളത്. അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ കരട് യോഗം ചർച്ച ചെയ്യാൻ ചേർന്ന പിബി യോഗത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയർന്നത്.

ബിജെപിയെ ചെറുക്കാൻ പ്രാദേശിക പാർട്ടികളുമായി സഹകരിച്ച് മുന്നോട്ടുപോവണം. പ്രാദേശിക സാഹചര്യം അനുസരിച്ചുള്ള സഖ്യങ്ങളാണ് പ്രായോഗികമെന്ന് ചിലർ അഭിപ്രായപ്പെട്ടു. കേരളത്തിൽ നിന്നുള്ള സിപിഎം പ്രതിനിധികളും കോൺഗ്രസ് സഖ്യത്തെ ശക്തമായി എതിർത്തുവെന്നാണ് സൂചനകൾ.

സിപിഎം ബംഗാൾ ഘടകത്തിന്റെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സിപിഎം പ്രത്യക്ഷ സഖ്യത്തിലേർപ്പെട്ടിരുന്നു. എന്നാൽ രണ്ട് പാർട്ടികളും തിരഞ്ഞെടുപ്പിൽ വട്ടപ്പൂജ്യമായി. ഈ അനുഭവം മുൻനിർത്തി കോൺഗ്രസ്-സിപിഎം സഖ്യം ഫലവത്താവില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.