അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി

അഭിനയത്തിന്റെ കൊടുമുടി കയറിയ നെടുമുടി

കൊച്ചി: ഒരിക്കല്‍ നെടുമുടി വേണുവിന്റെ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി 'നെടുമുടി വേണു' എന്ന് പറഞ്ഞു. ''നെടുമുടി എന്നല്ല, കൊടുമുടി വേണു എന്നു വിളിക്കണം. അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാള്‍'' എന്നായിരുന്നു ശിവാജി ഗണേശന്റെ തിരുത്തല്‍.

അഭിനയത്തില്‍ സാധാരണ മലയാളികളുടെ ശരീരഭാഷ അവതരിപ്പിച്ച അതുല്യ നടന പ്രതിഭയായിരുന്നു നെടുമുടി വേണു. കാവാലം നാരായണപണിക്കര്‍ എന്ന നാടകാചാര്യന്‍ മലയാളത്തിന് സമ്മാനിച്ച അഭിനേതാവാണ് നെടുമുടി വേണു.

അടുത്ത സുഹൃത്തും സമകാലികനുമായ ഫാസില്‍ സംവിധാനം ചെയ്ത് വേണു നായകനായ വിചാരണ എന്ന നാടകം ആലപ്പുഴയിലെ ഒരു നാടക മത്സരത്തില്‍ അരങ്ങേറിയപ്പോഴാണ് വേണുവിലെ നടനെ കാവാലം കണ്ടെത്തുന്നത്. വിധികര്‍ത്താവായി എത്തിയ കാവാലം മികച്ച നടനായ വേണുവിനെയും മികച്ച സംവിധായകനായ ഫാസിലിനെയും അണിയറയിലെത്തി പരിചയപ്പെട്ട് തന്റെ നാടക സംഘത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

കല ജന്മസിദ്ധമായിരുന്നു വേണുവിന്. കൊട്ടും പാട്ടും ആട്ടവും അഭിനയവും എഴുത്തും എല്ലാം വഴങ്ങും. മനുഷ്യജീവിതത്തിലെ സകല ഭാവങ്ങളും വിവിധ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അവയില്‍ ഒന്നുപോലും അദ്ദേഹത്തിന് വെല്ലുവിളി ആയിരുന്നില്ല. ലോക സിനിമാ രംഗത്ത് മലയാളികള്‍ക്ക് എക്കാലത്തും അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാം നെടുമുടിയെന്ന ഈ അഭിനയത്തിന്റെ കൊടുമുടിയെ.

കാവാലം നാരായണ പണിക്കരുടെ ദൈവത്താര്‍, അവനവന്‍ കടമ്പ തുടങ്ങിയ നാടകങ്ങളിലൂടെ അഭിനേതാവ് എന്ന നിലയില്‍ വേണു ശ്രദ്ധേയനായി. അരവിന്ദന്‍, പത്മരാജന്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരെല്ലാം കാവാലത്തിന്റെ നാടക ക്യാമ്പിലെ സ്ഥിരസന്ദര്‍ശകര്‍ ആയിരുന്നു. പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെ ആ സൗഹൃദകൂട്ടായ്മയില്‍ വേണുവിനും അംഗത്വം ലഭിച്ചു.


അരവിന്ദന്റെ തമ്പ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് ഭരതന്റെ ആരവം, തകര, ചാമരം. പത്മാരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍ തുടങ്ങിയ ചിത്രങ്ങള്‍. മികച്ച സംവിധായകരുടെ കലാമൂല്യമുള്ള സിനിമകളിലൂടെ രംഗത്തുവന്ന വേണു പിന്നീട് ഒരടിപോലും പിന്നോട്ടു പോയില്ല.

സിനിമ ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. നാടന്‍പാട്ടിലും തനതു നാടകത്തിലും കഥകളിയിലും മൃദംഗത്തിലുമൊക്കെ പ്രാഗത്ഭ്യമുള്ള അദ്ദേഹത്തിന് ഇവയെക്കാളൊക്കെ മഹത്തരമാണ് സിനിമയെന്ന തോന്നലും ഇല്ലായിരുന്നു. പക്ഷേ, ഈ മഹാനടന്റെ പകരം വയ്ക്കാനാവാത്ത അഭിനയശേഷി ബോധ്യപ്പെട്ട സിനിമാലോകം അദ്ദേഹത്തെ ഏറ്റെടുത്തു.

വിടപറയും മുമ്പേ, യവനിക, പഞ്ചവടിപ്പാലം, രചന, സാഗരം ശാന്തം, പറങ്കിമല, പൂച്ചയ്‌ക്കൊരു മൂക്കുത്തി, അച്ചുവേട്ടന്റെ വീട്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാര്‍ഗം, പ്രേമഗീതങ്ങള്‍, ആലോലം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, താളവട്ടം, ചിത്രം, വന്ദനം, തേന്‍മാവിന്‍ കൊമ്പത്ത്, ബെസ്റ്റ് ആക്ടര്‍, നോര്‍ത്ത് 24 കാതം തുടങ്ങി അഞ്ഞൂറിലേറെ സിനിമകളില്‍ അവിസ്മരണീയ വേഷങ്ങള്‍.

കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ നുണക്കഥ, സവിധം, ഒരു കടങ്കഥ പോലെ, പണ്ടുപണ്ടൊരു രാജകുമാരി, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ സിനിമകളുടെ കഥ നെടുമുടി വേണുവിന്റേതാണ്. കാവേരി, തനിയെ, രസം എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. പൂരം എന്ന സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്തു.

പത്തോളം ടിവി സീരിയലുകളില്‍ അഭിനയിച്ചു. ഏതാനും തമിഴ് ചിത്രങ്ങളിലും ചൗരഹേന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും വേഷമിട്ടു. കുറച്ചു കാലം പത്രപ്രവര്‍ത്തകനായും ആലപ്പുഴയിലെ പാരലല്‍ കോളജില്‍ അധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.