കല്‍ക്കരി ക്ഷാമം: അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

കല്‍ക്കരി ക്ഷാമം: അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമവും തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധിയും ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കല്‍ക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍. കെ സിങ്ങും ഇരു മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

കല്‍ക്കരിയുടെ ശേഖരം, വൈദ്യുതിയുടെ വിതരണം എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. ചൊവ്വാഴ്ച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിലവിലെ സാഹചര്യങ്ങള്‍ കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയ സെക്രട്ടറിമാര്‍ വിശദീകരിക്കും.

കല്‍ക്കരി ക്ഷാമമവും വൈദ്യുതി പ്രതിസന്ധിയുമില്ലെന്നായിരുന്നു പ്രഹ്ലാദ് ജോഷിയും ആര്‍.കെ സിങ്ങും നേരത്തെ വ്യക്തമാക്കിയിരുന്നത്. രാജ്യത്തെ താപ വൈദ്യുത നിലയങ്ങളുടെ കൈവശം അടുത്ത 24 ദിവസത്തേക്ക് ആവശ്യമായ കല്‍ക്കരി ഉണ്ടെന്ന് പഹ്ലാദ് ജോഷി പറഞ്ഞു. 43 ദശലക്ഷം കല്‍ക്കരിയാണ് കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ പക്കല്‍ സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ഇരുവരേയും വിമര്‍ശിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും രംഗത്തെത്തിയിരുന്നു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനിടെ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോഴും അത്തരത്തില്‍ ഒരു പ്രതിസന്ധിയേ ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെന്ന് സിസോദിയ ചൂണ്ടിക്കാട്ടി.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ മഹാരാഷ്ട്രയിലെ 13 താപവൈദ്യുത യൂണിറ്റുകളും പഞ്ചാബില്‍ മൂന്നു താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.