മുംബൈ: ഇന്ത്യയിലേക്ക് തുറമുഖങ്ങള്‍ വഴിയുള്ള മയക്കുമരുന്നു കടത്തിനു തടയിടാന്‍ അദാനി പോര്‍ട്ട്‌സ് രംഗത്ത്. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചരക്കുകള്‍ നവംബര്‍ 15 മുതല്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് അദാനി പോര്‍ട്ട്‌സ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് അറിയിച്ചു.ഗുജറാത്തില്‍ 20000 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് കടത്ത് കണ്ടെത്തിയതോടെയാണ് ഇതിനുള്ള തീരുമാനമെടുത്തത്.
'നാര്‍ക്കോട്ടിക് ജിഹാദി'ന്റെ നിഴലില്‍ ഇന്ത്യയിലേക്കു വന്‍ തോതില്‍ മയക്കുമരുന്നു കടത്ത് നടക്കുന്നതായുള്ള സൂചനകള്‍ തീവ്രമായതിനു പിന്നാലെയാണ് അദാനിയുടെ നിര്‍ണ്ണായക നടപടി.'നവംബര്‍ 15 മുതല്‍ ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായുള്ള കണ്ടെയ്‌നറൈസ്ഡ് കയറ്റുമതി-ഇറക്കുമതി കൈകാര്യം ചെയ്യില്ല,' ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. അദാനി പോര്‍ട്ട്‌സ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് നേരിട്ടോ മൂന്നാം കക്ഷിയായോ നടത്തുന്ന എല്ലാ ടെര്‍മിനലുകള്‍ക്കും ഈ അറിയിപ്പ് ബാധകമാണ്. വിവിധ സംസ്ഥാനങ്ങളിലായി 13 തുറമുഖങ്ങളാണ് അദാനി കൈകാര്യം ചെയ്യുന്നത്.
സെപ്റ്റംബര്‍ 13 നാണ് അദാനി ഗ്രൂപ്പ് നടത്തുന്ന ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നായി 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തത്.ലോകത്ത് നിയമവിരുദ്ധമായി ഏറ്റവുമധികം കറുപ്പ് ഉത്പാദിപ്പിക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയതായിരുന്നു ഈ ചരക്ക്. കസ്റ്റംസ് വകുപ്പും റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രോസസ് ചെയ്യാത്ത ടാല്‍ക്കം പൗഡര്‍ എന്ന വ്യാജേന ജംബോ ബാഗുകളില്‍ ഒളിപ്പിച്ചിരുന്ന ഹെറോയിന്‍ കണ്ടെത്തിയത്. ഇതോടെ, അദാനി ഗ്രൂപ്പും സംശയ നിഴലിലായിരുന്നു.
അഫ്ഗാന്‍, ഉസ്‌ബെക്കിസ്ഥാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തു.തുടര്‍ന്ന് രാജ്യമെമ്പാടുമായി റെയ്ഡുകളുടെ പരമ്പരയും ആരംഭിച്ചു.മയക്കുമരുന്ന് കടത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനമാണുയര്‍ന്നത്.തങ്ങള്‍ക്ക് 'പോലീസധികാരം' ഇല്ലെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ മറുപടി.കണ്ടെയ്‌നറുകള്‍ പരിശോധിക്കാനുള്ള അധികാരവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി പ്രതിരോധ ശ്രമം നടത്തിയത്.
.
പ്രസ്താവനയില്‍ അദാനി ഗ്രൂപ്പ് പറഞ്ഞു: 'രാജ്യത്തുടനീളമുള്ള ഒരു തുറമുഖ ഓപ്പറേറ്റര്‍ക്കും കണ്ടെയ്‌നര്‍ പരിശോധിക്കാനാകില്ല. അവരുടെ പങ്ക് പോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്നതില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.അദാനി പോര്‍ട്ട്‌സ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് ഷിപ്പിംഗ് ലൈനുകള്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ഒരു പോര്‍ട്ട് ഓപ്പറേറ്ററാണ്. മുന്ദ്രയിലെ ടെര്‍മിനലുകളിലൂടെയോ ഞങ്ങളുടെ ഏതെങ്കിലും തുറമുഖങ്ങളിലൂടെയോ കടന്നുപോകുന്ന കണ്ടെയ്‌നറുകള്‍ അല്ലെങ്കില്‍ ദശലക്ഷക്കണക്കിന് ടണ്‍ ചരക്കുകളുടെ മേല്‍ ഞങ്ങള്‍ക്ക് പോലീസധികാരമില്ല.'അദാനി ഗ്രൂപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ദുരുദ്ദേശ്യപരമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമുണ്ട് പ്രസ്താവനയില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.