വിശുദ്ധ വില്‍ഫ്രഡ്: ബനഡിക്ടന്‍ സന്യാസത്തിന്റെ വക്താവ്

വിശുദ്ധ വില്‍ഫ്രഡ്: ബനഡിക്ടന്‍ സന്യാസത്തിന്റെ വക്താവ്

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 12

സ്‌കോട്ട്‌ലന്‍ഡിലെ നോര്‍ത്താംബ്രിയറില്‍ എ.ഡി 633 ല്‍ ഒരു കുലീന കുടുംബത്തിലാണ് വില്‍ഫ്രഡ് ജനിച്ചത്. രണ്ടാനമ്മയുടെ പീഡനം സഹിക്കാന്‍ കഴിയാതെ പതിനാലാം വയസില്‍ വീടുവിട്ട് പോകേണ്ടി വന്നു. കൗമാര പ്രായത്തിലേ ആത്മീയ ജീവിതത്തില്‍ പ്രവേശിച്ച അദ്ദേഹം ലിന്‍ഡ്‌സിഫാര്‍നെ എന്ന സ്ഥലത്താണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഉന്നത വിദ്യാഭ്യാസത്തിനായി വില്‍ഫ്രഡ് പിന്നീട് കാന്റര്‍ബറിയിലേയ്ക്കും തുടര്‍ന്ന് റോമിലേയ്ക്കും യാത്ര നടത്തി. തന്റെ മടക്കയാത്രയില്‍ 660 ല്‍ അദ്ദേഹം റിപ്പണില്‍ ഒരു സന്യാസ ആശ്രമം സ്ഥാപിക്കുകയും അവിടുത്തെ മഠാധിപതിയാകുകയും ചെയ്തു. പിന്നീട് സ്റ്റാംഫോര്‍ഡ് എന്ന സ്ഥലത്ത് മറ്റൊരു ആശ്രമം കൂടി സ്ഥാപിച്ചു.

എ.ഡി 664 ലെ വിറ്റ്‌സ് സിനഡിലെ റോമന്‍ ആചാരങ്ങളുടെ പ്രധാന വക്താവ് എന്ന നിലയില്‍ പ്രസിദ്ധിയാകര്‍ഷിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ഈസ്റ്റര്‍ തിയതി കണക്കാക്കുന്നതിന് റോമന്‍ രീതി സ്വീകരിക്കണമെന്ന് വാദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്.

അധികം താമസിയാതെ യോര്‍ക്കിലെ മെത്രാനായി നിയമിതനായ വിശുദ്ധ വില്‍ഫ്രഡ് സമര്‍പ്പിത ജീവിതത്തിനായി ഫ്രാന്‍സിലേക്ക് പുറപ്പെട്ടു. ഇക്കാലയളവില്‍ അദ്ദേഹം ഔണ്ട്‌ളെ എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുകയും മേഴ്‌സിയായിലെ മെത്രാനായി വര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ആര്‍ച്ച് ബിഷപ്പ് തിയോഡര്‍ ഇദ്ദേഹത്തെ യോര്‍ക്കിലെ മെത്രാനായി അഭിഷേകം ചെയ്തു.

ഒമ്പത് വര്‍ഷം വില്‍ഫ്രഡ് ഈ രൂപതയെ ഭരിച്ചു. ഹെക്‌സ്ഹാമിലെ ആശ്രമവും ഇദ്ദേഹം തന്നെയാണ് സ്ഥാപിച്ചത്. ഇക്കാലത്ത് നോര്‍ത്തംബ്രിയയിലെ രാജാവായ എഗ്ഫിര്‍ത്തിന്റെ അപ്രീതിക്ക് പാത്രമായതിനാല്‍ ആര്‍ച്ച് ബിഷപ്പ് തിയോഡര്‍ വില്‍ഫ്രഡിന്റെ രൂപതയെ അദ്ദേഹത്തിന്റെ അറിവോ സമ്മതമോ കൂടാതെ നാല് ഭാഗങ്ങളായി വിഭജിച്ചു.

ഇതിനെതിരെ നിവേദനം കൊടുക്കുന്നതിനായി വില്‍ഫ്രഡ് റോമിലേക്ക് പോയി. നിവേദനം സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തുവെങ്കിലും നോര്‍ത്തംബ്രിയയില്‍ തിരിച്ചെത്തിയപ്പോള്‍ പോപ്പിന്റെ ഔദ്യോഗിക വിജ്ഞാപനം കളവായി നിര്‍മ്മിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തെ തടവിലാക്കി.

തടവില്‍ നിന്ന് മോചിതനായ ശേഷം അദ്ദേഹം സസെക്‌സിലേക്ക് പോയി. അവിടത്തെ വിജാതീയര്‍ക്കിടയില്‍ അഞ്ചു വര്‍ഷത്തോളം സുവിശേഷം പ്രഘോഷിച്ചു നടന്നു. ഇക്കാലയളവില്‍ സസെക്‌സില്‍ കടുത്ത ക്ഷാമം ഉണ്ടായി. മൂന്ന് വര്‍ഷം നീണ്ടു നിന്ന ഈ ക്ഷാമത്തിന്റെ ഫലമായി ജനങ്ങള്‍ ദുരിതവും പട്ടിണി മൂലവും നിരാശയിലായി.

ഇതില്‍ മനംനൊന്ത വില്‍ഫ്രഡ് അവരെ മീന്‍ പിടിക്കുന്നതിനു പഠിപ്പിച്ചു. ഇത് അവര്‍ക്ക് അദ്ദേഹത്തോടുണ്ടായിരുന്ന ആദരവ് വര്‍ധിപ്പിക്കുകയും ചെയ്തു. വില്‍ഫ്രഡ് വഴി പല അനുഗ്രഹങ്ങളും അവര്‍ക്ക് ലഭിച്ചുവെങ്കിലും കൂടുതല്‍ സ്വര്‍ഗീയാനുഗ്രഹങ്ങള്‍ക്കായുള്ള പ്രതീക്ഷ അവരില്‍ ഉളവാക്കുകയും ചെയ്തു. അവര്‍ക്കിടയിലുള്ള അദ്ദേഹത്തിന്റെ കഠിന പരിശ്രമങ്ങള്‍ വിജയം കണ്ടു തുടങ്ങി.

സെല്‍സി എന്ന സ്ഥലത്ത് ഒരു ആശ്രമം സ്ഥാപിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ആര്‍ച്ച് ബിഷപ്പ് തിയോഡര്‍ മരണക്കിടക്കയിലായപ്പോള്‍ വില്‍ഫ്രഡിനോടുള്ള തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്താപ വിവശനാവുകയും കാന്റര്‍ബറിയില്‍ തന്റെ പിന്‍ഗാമിയായി വില്‍ഫ്രഡിനെ നിശ്ചയിക്കുകയും ചെയ്തു.

എന്നാല്‍ ഈ പദവി അദ്ദേഹം നിഷേധിച്ചുവെങ്കിലും ഇതുവഴി തന്റെ നോര്‍ത്തംബ്രിയയിലേക്കുള്ള തിരിച്ചു വരവ് സുരക്ഷിതമാക്കി. എന്നാല്‍ ശത്രുക്കളുടെ ശല്യം സഹിക്കാനാകാതെ വന്നതോടെ വില്‍ഫ്രഡ് മേഴ്‌സിയായിലേക്ക് പോവുകയും അവിടത്തെ ലിച്ച്ഫീല്‍ഡ് എന്ന സ്ഥലത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു.

അവിടെ ഏതാണ്ട് പത്ത് വര്‍ഷത്തോളം അദ്ദേഹം കഠിന പ്രയത്‌നം ചെയ്തു. എന്നിരുന്നാലും മെത്രാന്മാരും പ്രഭുക്കളുമടങ്ങിയ നോര്‍ത്തംബ്രിയന്‍ സമിതി അദ്ദേഹത്തെ വിചാരണക്കായി തിരിച്ചു വിളിക്കുകയും കുറ്റക്കാരനെന്നു വിധിക്കുകയും ചെയ്തു. ഇതിനെതിരെ അദ്ദേഹം വീണ്ടും റോമിന് നിവേദനം നല്‍കി. റോം ഇത് സ്വീകരിക്കുകയും വില്‍ഫ്രഡിന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു.

ബ്രിട്ടീഷ് ദീപു രാജ്യങ്ങളില്‍ ചിതറിക്കിടന്നിരുന്ന സന്യാസ സമൂഹങ്ങളെ ഒന്നിപ്പിക്കുകയും ബനഡിക്ടന്‍ സന്യാസത്തിന്റെ വക്താവായി അറിയപ്പെടുകയും ചെയ്ത വില്‍ഫ്രഡ് 709 ല്‍ മരണമടഞ്ഞു. ആഗോള കത്തോലിക്കാ സഭ ഒക്ടോബര്‍ 12ന് ഈ വിശുദ്ധന്റെ ഓര്‍മ്മ തിരുന്നാള്‍ ആഘോഷിക്കുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അന്‍സാര്‍ബസിലെ ദോമ്‌നിന

2. ഫ്രഞ്ച് യോദ്ധാക്കളായ അമിക്കൊസും അമേലിയൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.