ശമ്പളം രണ്ടു കോടിക്കടുത്ത്, എന്നിട്ടും മതിയായില്ല; അന്തര്‍വാഹിനി രഹസ്യം ചോര്‍ത്തിയ നാവിക എന്‍ജിനീയര്‍ കുടുങ്ങിയത് ഇങ്ങനെ

ശമ്പളം രണ്ടു കോടിക്കടുത്ത്, എന്നിട്ടും മതിയായില്ല; അന്തര്‍വാഹിനി രഹസ്യം ചോര്‍ത്തിയ നാവിക എന്‍ജിനീയര്‍ കുടുങ്ങിയത് ഇങ്ങനെ

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആണവ അന്തര്‍വാഹിനി രഹസ്യങ്ങള്‍ ചോര്‍ത്തി വില്‍ക്കാന്‍ ശ്രമിച്ചതിനു പിടിയിലായ നാവിക എന്‍ജിനീയര്‍ ജോനാഥന്‍ ടോബി മികച്ച സേവനത്തിന് മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള ഉദ്യോഗസ്ഥന്‍. രാജ്യദ്രോഹവും അഴിമതിയുമുള്‍പ്പെടെ വന്‍ ചാര്‍ജുകള്‍ കാത്തിരിക്കുന്ന ഉദ്യോഗസ്ഥന്റെ പ്രവൃത്തിയില്‍ രാജ്യത്തെ പ്രതിരോധ സേന ഒന്നാകെ ഞെട്ടലിലാണ്.

ലോകത്തിലെ ഏറ്റവും നവീനമായ യു.എസ് ആണവോര്‍ജ അന്തര്‍വാഹിനികളുടെ ഡിസൈനും പ്രവര്‍ത്തനവും ധനമോഹത്തോടെ മറ്റൊരു രാജ്യത്തിന് വില്‍ക്കാനാണ് ജോനാഥന്‍ ശ്രമിച്ചത്. വലിയ തുക ചെലവഴിച്ച കാത്തുസൂക്ഷിക്കുന്ന രഹസ്യങ്ങള്‍ ഒരു മെമ്മറി കാര്‍ഡിലേക്കു പകര്‍ത്തി വിദേശ പ്രതിനിധിയെന്ന വിശ്വസിച്ച് എഫ്.ബി.ഐ ഏജന്റിനു തന്നെ വില്‍പന നടത്തിയതാണ് ജോനാഥന് കുരുക്കായത്. രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചതിന് ഇനി ജീവിത കാലം മുഴുവന്‍ അഴിയെണ്ണേണ്ടി വരുമെന്നാണ് നിയമവിദഗധര്‍ പറയുന്നത്. ഹൈസ്‌കൂള്‍ അധ്യാപികയായ ഭാര്യയും കൃറ്റകൃത്യത്തില്‍ പങ്കാളയായി. ഇരുവരെയും ഇന്ന് വിര്‍ജീനിയയിലെ മാര്‍ട്ടിന്‍സ്ബര്‍ഗ് കോടതിയില്‍ ഹാജരാക്കും.

2012-ലാണ് ജോനാഥന്‍ യു.എസ്. നാവിക സേനയില്‍ ജോലി ആരംഭിക്കുന്നത്. മികച്ച സര്‍വീസ് റെക്കോര്‍ഡാണ് ഇയാള്‍ക്കുള്ളതെന്നു സഹപ്രവര്‍ത്തകര്‍ പറയുന്നു. നേവി/മറൈന്‍ കോര്‍പ്‌സ് കമന്റേഷന്‍ മെഡല്‍, നാഷണല്‍ ഡിഫന്‍സ് സര്‍വീസ് മെഡല്‍, ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തിനുള്ള മെഡല്‍ എന്നിവ ടോബി സ്വന്തമാക്കിയിട്ടുണ്ട്.

കുടുങ്ങിയത് എഫ്.ബി.ഐ നടത്തിയ രഹസ്യനീക്കത്തിലൂടെ

നാല്‍പതുകാരായ ദമ്പതിമാര്‍ക്കു മേല്‍ അറ്റോമിക് എനര്‍ജി നിയമപ്രകാരമുള്ള കുറ്റമാണ് ചുമത്തിയിട്ടുള്ളത്. യു.എസ് നാവികസേനയുടെ ആണവ നാവിക പദ്ധതിയില്‍ വിദഗ്ധനായാണ് ജോനാഥന്‍ ജോലി ചെയ്തത്. ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്രോഗ്രാമിലേക്കു നിയോഗിച്ച ജോനാഥന് ആണവ അന്തര്‍വാഹിനികളുടെ ഡിസൈന്‍, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച നിയന്ത്രിത രേഖകളിലേക്കു പ്രവേശനമുണ്ടായിരുന്നു. ഇതിനിടെയാണ് കൂടുതല്‍ പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയെന്നു കരുതിയ വ്യക്തിക്ക് ജോനാഥന്‍ അന്തര്‍വാഹിനി രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്.

എന്നാല്‍ വിദേശ പ്രതിനിധിയായി ചമഞ്ഞ എഫ്.ബി.ഐ ഉദ്യോഗസ്ഥനുമായി ടോബി എന്‍ക്രിപ്റ്റഡ് മെയിലുകളിലൂടെ ആശയവിനിമയം നടത്താന്‍ തുടങ്ങി. ഈ മെയിലുകള്‍ മറ്റാരും കാണാന്‍ സാധ്യതയില്ലാത്തതിനാല്‍ താന്‍ പിടിക്കപ്പെടില്ലെന്ന് ഇയാള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. ഒരു ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 72 ലക്ഷം ഇന്ത്യന്‍ രൂപ) തുകയ്ക്ക് ഡേറ്റ കൈമാറ്റം ചെയ്യാമെന്നായിരുന്നു ധാരണ. തുടര്‍ന്ന് മെമ്മറി കാര്‍ഡിലേക്കു പകര്‍ത്തിയ രഹസ്യങ്ങള്‍ കൈമാറാന്‍ നിയോഗിച്ചത് ഭാര്യ ഡയാനയെയാണ്. പീനട്ട് ബട്ടര്‍ സാന്‍വിച്ചിന്റെ ഇടയില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് മെമ്മറി കാര്‍ഡ് സൂക്ഷിച്ചത്.

ആദ്യകൈമാറ്റം പൂര്‍ത്തീകരിക്കുകയും ടീബെയ്ക്ക് ഭാഗികമായ തുക കൈമാറുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമത്തെ കൈമാറ്റം ബബിള്‍ഗം പായ്ക്കറ്റില്‍ വച്ചാണ് നല്‍കിയത്. ഇതും വിജയമായ ശേഷമാണ് മൂന്നാം കൈമാറ്റം നടന്നത്.

മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം സൈബര്‍ വിദഗ്ധര്‍ക്കു പരിശോധിക്കാന്‍ നല്‍കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ വിര്‍ജീനിയ ക്ലാസ് ആണവ അന്തര്‍വാഹിനികളുടെ ഡിസൈനും സവിശേഷതകളുമാണ് മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇതോടെ മതിയായ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞ എഫ്ബിഐ വിര്‍ജീനിയയില്‍ വച്ച് ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജോനാഥന്‍ ടോബിയുടെ വരുമാനം?

ജോനാഥന്‍ ടോബിയുടെ വരുമാനം സംബന്ധിച്ച കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. യു.എസ് നാവിക സേനയില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു ആണവ എന്‍ജിനീയറുടെ ശരാശരി ശമ്പളം ഏകദേശം 239,456 ഡോളറാണ് (ഏകദേശം 1,81,12,332.11 ഇന്ത്യന്‍ രൂപ). ഈ മേഖലയിലെ ജോനാഥന്‍ ടോബിയുടെ വൈദഗ്ധ്യവും പ്രാവീണ്യവും കൊണ്ട്, ശമ്പളം ഇതിലും ഉയരാനാണു സാധ്യത.

2014-ല്‍ മൂന്ന് ബഡ്റൂമുള്ള വീടും സ്ഥലവും വാങ്ങാന്‍ 430,000 ഡോളര്‍ ജോനാഥന്‍ ചെലവഴിച്ചിട്ടുണ്ട്. നിയമവിരുദ്ധ പ്രവൃത്തിയിലൂടെ 100,000 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സിയാണ് സ്വീകരിച്ചത്.

അമേരിക്കയുടെ ഏറ്റവും അത്യാധുനികമായ വിര്‍ജീനിയ ക്ലാസ് ആക്രമണ അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ വില്‍ക്കാന്‍ ജോനാഥന്‍ ശ്രമിച്ചതാണ് സുരക്ഷാ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നത്. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും ചേര്‍ന്ന് അടുത്തിടെ രൂപീകരിച്ച ഓകസ് കരാര്‍ പ്രകാരം ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കാന്‍ ഓസ്ട്രേലിയയ്ക്കു കൈമാറുന്നതും ഈ രഹസ്യ സ്വഭാവമുള്ള രേഖകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.