ഓർമ്മയായി നടന വിസ്മയം; നെടുമുടി വേണുവിന്റെ മൃതദേഹം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിച്ചു

ഓർമ്മയായി നടന വിസ്മയം; നെടുമുടി വേണുവിന്റെ മൃതദേഹം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിച്ചു

തിരുവനന്തപുരം: മലയാള സിനിമ പ്രേക്ഷകന്റെ മനസില്‍ കെടാവിളക്കായി തെളിച്ച്‌ മഹാനടന്‍ ഇനി ഓർമ്മകളിൽ. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണബഹുമതികളോടു കൂടി നെടുമുടി വേണുവിന്റെ മൃതദേഹം ഉച്ചക്ക് രണ്ടിന് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

ഇന്ത്യന്‍ സിനിമയുടെ തന്നെ നടന വിസ്മയമായിരുന്ന നെടുമുടി വേണു ഇന്നലെയാണ് അരങ്ങൊഴിഞ്ഞത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 'കിംസ്' ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകി എത്തുകയായിരുന്നു. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന അയ്യന്‍കാളി ഹാളിലേക്ക് സിനിമാ സാംസ്‌കാരിക പൊതുമേഖലയില്‍ നിന്നുള്ള നിരവധിപേര്‍ എത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദര്‍ശനം അവസാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ നിരവധിപേർ മൃതദേഹത്തെ അനുഗമിച്ച്‌ അയ്യങ്കാളി ഹാളിലെത്തി.

ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹന്‍ലാലും നെടുമുടി വേണുവിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

നാടകക്കളരിയിൽ നിന്ന് 1978 ജി അരവിന്ദന്റെ തമ്പിലൂടെ സിനിമയിലെത്തിയത്. മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചു. നായകനായും വില്ലനായും സ്വഭാവനടനായും നാലര പതിറ്റാണ്ടു നെടുമുടിവേണു പിന്നിട്ടു. ജനഹൃദയങ്ങളിൽ ശ്രദ്ധേയമായ ഒരു സ്ഥാനം തന്റെ സിനിമ ജീവിതത്തിലൂടെ അദ്ദേഹം പിടിച്ചുപറ്റിയിരുന്നു.

ആലപ്പുഴ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്ന വാലേഴത്ത് പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആൺമക്കളും ഇളയ മകനായി 1948 ലാണ് ജനനം. കെ വേണുഗോപാൽ എന്നായിരുന്നു പേര്. നെടുമുടി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം, ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം പത്രപ്രവർത്തകനായും പാരലൽ കോളേജ് അധ്യാപകനായും അദ്ദേഹം പ്രവർത്തിച്ചു.

രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്​. 1990 ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായി.  2003 ൽ മാർഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹനായി. സത്യൻ പുരസ്കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭാപുരസ്കാരം, ബഹദൂർ പുരസ്കാരം, കലാരത്ന പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ടി.ആർ സുശീലയാണ് ഭാര്യ. മക്കൾ : ഉണ്ണി, കണ്ണൻ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.