ആഫ്രിക്കയിലെ ക്രൈസ്തവ മിഷനറി ആശുപത്രികള്‍ക്ക് 18 മില്യന്‍ ഡോളര്‍ സംഭാവന നല്‍കി യഹൂദ ദമ്പതികള്‍

  ആഫ്രിക്കയിലെ ക്രൈസ്തവ  മിഷനറി  ആശുപത്രികള്‍ക്ക് 18 മില്യന്‍ ഡോളര്‍ സംഭാവന നല്‍കി യഹൂദ ദമ്പതികള്‍

ലാഗോസ്: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ക്രൈസ്തവ മിഷനറി ആശുപത്രികള്‍ക്കു സഹായമേകാന്‍ രംഗത്തുള്ള സേവന പ്രസ്ഥാനമായ ആഫ്രിക്കന്‍ മിഷന്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ നെടുംതൂണുകളായി യഹൂദ ദമ്പതികള്‍. 2010ല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതിന് മുമ്പന്തിയിലുണ്ടായിരുന്ന മാര്‍ക്ക്, എറിക്ക ജേര്‍സണ്‍ ദമ്പതികള്‍ 18 മില്യന്‍ ഡോളര്‍ ആണ് ഈയിടെ സംഭാവന നല്‍കിയത്.

ആഫ്രിക്കയിലെ ക്രൈസ്തവ മിഷനറി ആശുപത്രികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരുടെ പട്ടികയില്‍ മുന്‍നിരയിലായി ഇതോടെ ഈ യഹൂദ ദമ്പതികളുടെ സ്ഥാനം.ആഫ്രിക്കന്‍ രാജ്യങ്ങളിലെ ആരോഗ്യ മേഖലയില്‍  ക്രൈസ്തവ മിഷനറി ആശുപത്രികളുടെ അതുല്യ സേവനത്തിന് തങ്ങളാല്‍ കഴിയുന്ന പിന്തുണ നല്‍കുന്നു. അവിശ്വസനീയമാണ് ഈ ആശുപത്രികളുടെയും അതുമായി ബന്ധപ്പെട്ടവരുടെയും സേവന മാതൃക- ഇരുവരും പറഞ്ഞു.നിരാലംബര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന  മിഷനറി ആശുപത്രികള്‍ക്ക് സഹായം നല്‍കുന്നതില്‍ തങ്ങള്‍ വിശ്വാസപരമായ വൈരുദ്ധ്യം ഒന്നും കാണുന്നില്ല.

ആഫ്രിക്കയിലെ പല സ്ഥലങ്ങളിലും ക്രിസ്ത്യന്‍  ആശുപത്രികള്‍ മാത്രമാണുള്ളത്. ഒരു ജീവന്‍ രക്ഷിച്ചാല്‍, ലോകത്തെ മുഴുവന്‍ രക്ഷിക്കുന്നതിന് തുല്യമാണെന്ന യഹൂദ മത പ്രബോധനമാണ് തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതെന്ന് എറിക്ക പറഞ്ഞു. കെനിയയില്‍ മിഷനറി ആയി സേവനം ചെയ്ത ഡോക്ടര്‍ ജോണ്‍ ഫീല്‍ഡര്‍ എന്ന കോളേജ് സഹപാഠിയാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ദുരവസ്ഥ വിശദീകരിച്ച് നല്‍കിയത്.

കോളേജ് പഠന ശേഷം ജെര്‍സണ്‍ ലേഹ്ര്‍മാന്‍ എന്ന നിക്ഷേപക ഉപദേശ സ്ഥാപനം ആരംഭിച്ച മാര്‍ക്ക് കമ്പനിയുടെ ലാഭ വിഹിതത്തില്‍ നിന്നുള്ള പണം ആഫ്രിക്കയിലെ ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ആഫ്രിക്കന്‍ മിഷന്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ ഡോക്ടര്‍ ജോണ്‍ ഫീല്‍ഡറുമായി കൈകോര്‍ത്തത്.

ആഫ്രിക്കന്‍ മിഷന്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ഉയര്‍ന്ന തോതിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി യുണൈറ്റഡ് ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ സംഭാവന നേടിയെടുക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നും മാര്‍ക്ക് പറഞ്ഞു. പണത്തേക്കാള്‍ തിളക്കമുള്ള അംഗീകാര മുദ്രയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ജ്ജറികള്‍ക്കും, ഓക്‌സിജന്‍ സിലണ്ടറുകള്‍ അടക്കമുള്ളവയ്ക്കുള്ള സഹായവും  മിഷനറി ഡോക്ടര്‍മാര്‍ക്ക് അഞ്ചു ലക്ഷം ഡോളറിന്റെ എല്‍ചേയിം അവാര്‍ഡും മാര്‍ക്ക് നല്‍കിവരുന്നുണ്ട്.

'എന്റെ ഭാര്യ ഒരു റബ്ബിയാണ്്. ഞങ്ങള്‍ നിരന്തരം തോറ പഠിക്കുന്നു. തോറയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു. മറ്റെന്തിനേക്കാളും അപരിചിതനെ സ്‌നേഹിക്കാന്‍ അത് നമ്മോട് പറയുന്നു.'- മാര്‍ക്ക് ചൂണ്ടിക്കാട്ടി.വേദ ഗ്രന്ഥമായ തോറയില്‍ തങ്ങള്‍ പഠിച്ചത് ജീവിതത്തില്‍ പ്രയോഗികമായി കാണാന്‍ കഴിയുന്നുണ്ട് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ക്രൈസ്തവ മിഷനറി ആശുപത്രികളിലെന്ന് യഹൂദ ദമ്പതികള്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.