അഫ്ഗാന്‍ ഭീകരവാദത്തിന്റെ ഉറവിടമാകുന്നത് തടയണം: ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോഡി

അഫ്ഗാന്‍ ഭീകരവാദത്തിന്റെ ഉറവിടമാകുന്നത് തടയണം: ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: അഫ്ഗാന്‍ മേഖല മൗലികവാദത്തിനും ഭീകരവാദത്തിനും  താവളമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ജി-20 പ്രത്യേക ഉച്ചകോടിയില്‍ വിർച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേഖലയിലെ തീവ്രവാദ പ്രവര്‍ത്തനവും മയക്കുമരുന്ന്, ആയുധ കള്ളക്കടത്തിനുമെതിരെ ഒറ്റക്കെട്ടായി നീങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. കഴിഞ്ഞ 20 വര്‍ഷത്തെ സാമൂഹിക, സാമ്പത്തിക നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂടം ആവശ്യമാണ്. അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന് ജി- 20യുടെ പിന്തുണ ഉറപ്പാക്കണം. അഫ്ഗാനില്‍ നല്ല മാ​റ്റം കൊണ്ടുവരാന്‍ അന്താരാഷ്‌ട്ര തലത്തില്‍ മികച്ച പ്രതികരണം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്താനെ കുറിച്ചുള്ള ജി-20 ഉച്ചകോടിയിൽ പങ്കെടുത്തു. അഫ്ഗാന്റെ മണ്ണ് മൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമാകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു-  മോഡിട്വീറ്റ് ചെയ്തു.


അഫ്ഗാൻ പൗരന്മാർക്ക് അടിയന്തരവും തടസങ്ങളില്ലാത്തതുമായ മനുഷ്യത്വപരമായ സഹായം നൽകേണ്ടതുണ്ടെന്നും ട്വീറ്റിൽ മോഡി കൂട്ടിച്ചേർത്തു. ആ രാജ്യത്ത് എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു. അഫ്ഗാനിസ്താനിലെ സ്ഥിതി മെച്ചപ്പെടുത്താൻ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ യോജിച്ചുള്ള അന്താരാഷ്ട്ര പ്രതികരണം വേണമെന്നും മോഡി പറഞ്ഞു.

പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാന്‍ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അറിയാം. അവര്‍ക്ക് അടിയന്തര മാനുഷിക സഹായം ഉറപ്പാക്കാന്‍ അന്താരാഷ്‌ട്രത്തിന് ബാദ്ധ്യതയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.