രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ പെലെയെ മറികടന്ന് സുനില്‍ ഛേത്രി; ഇന്ത്യ സാഫ് ഫുഡ്‌ബോള്‍ ഫൈനലില്‍

രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ പെലെയെ മറികടന്ന് സുനില്‍ ഛേത്രി; ഇന്ത്യ സാഫ് ഫുഡ്‌ബോള്‍ ഫൈനലില്‍

മാലി: ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍താരമെന്ന് ഉറപ്പിച്ച്‌ സുനില്‍ ഛേത്രി വീണ്ടും മിന്നിയപ്പോള്‍ ഇന്ത്യ സാഫ് കപ്പ് ഫുട്ബോള്‍ ഫെെനലിലേക്ക് മുന്നേറി. രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ ഛേത്രി 79 ഗോളായി. ഇതോടെ ബ്രസീല്‍ ഇതിഹാസം പെലെയുടെ റെക്കോഡ് മറികടന്നു.

പെലെയ്ക്ക് 77 ഗോളായിരുന്നു. ഛേത്രി അര്‍ജന്റീന താരം ലയണല്‍ മെസിയേക്കാള്‍ ഒരു ഗോള്‍മാത്രം പിന്നില്‍. മാലദ്വീപിനെ 3–1ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫെെനലില്‍ കടന്നത്. ഒരു ഗോള്‍ മന്‍വീര്‍ സിങ്ങിലൂടെ നേടി. ശനി രാത്രി നടക്കുന്ന ഫെെനലില്‍ നേപ്പാളാണ് എതിരാളി.

മന്‍വീര്‍ സിങ്ങിന്റെ ഗോളില്‍ കളിയുടെ അരമണിക്കൂറില്‍ത്തന്നെ ഇന്ത്യ മുന്നിലെത്തി. എന്നാല്‍, സ്വന്തം കാണികള്‍ക്കുമുന്നില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മാലദ്വീപ് ഉടന്‍ തിരിച്ചുവന്നു. പെനല്‍റ്റിയിലൂടെ അഷ്ഫാഖ് ഒപ്പമെത്തിച്ചു. ഫെെനലില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്നു ഇന്ത്യക്ക്. രണ്ടാംപകുതിയില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യ കുതിച്ചു. 62–ാം മിനിറ്റില്‍ കാത്തിരുന്ന ഗോളെത്തി. മന്‍വീര്‍ സിങ്ങിന്റെ നീക്കത്തില്‍ ഛേത്രിയുടെ ഒന്നാന്തരം ഷോട്ട്. മാലദ്വീപ് ഗോള്‍കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല.10 മിനിറ്റിനുള്ളില്‍ മുപ്പത്തേഴുകാരന്‍ ഹെഡറിലൂടെ നേട്ടം രണ്ടാക്കി.

നിലവില്‍ രാജ്യാന്തര ഫുട്ബോളില്‍ കളിക്കുന്നവരില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും മാത്രമേ ഛേത്രിക്ക് മുന്നിലുള്ളൂ. റൊണാള്‍ഡോയ്ക്ക് 115 ഗോളായി. മെസിക്ക് 80. ആകെ ഗോള്‍ വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് ഛേത്രി. 124 മത്സരങ്ങളില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.