ഇശൽ സാമ്രാട്ടിന്റെ ഓർമയിൽ ഒത്തുകൂട്ടി ആസ്വാദകർ

ഇശൽ സാമ്രാട്ടിന്റെ ഓർമയിൽ ഒത്തുകൂട്ടി ആസ്വാദകർ

ദുബായ് :അന്തരിച്ച ഇശൽ സാമ്രാട്ട് വി എം കുട്ടി ഗൾഫിൽ അവസാനമായി ആദരവ് ഏറ്റുവാങ്ങിയ വേദിയിൽ പാട്ട് ആസ്വാദകർ ഒത്തുകൂടി. മാപ്പിളപ്പാട്ടിന്റെ മാധുര്യ ശീലുകളിൽ വി എം കുട്ടി എന്ന മഹാനായ കലാകാരൻ അടയാളപ്പെടുത്തിയ കലാ സ്മരണകൾ അവർ ഓർത്തെടുത്തു. യുഎഇയിൽ എത്തിയാൽ ഏറ്റവും കൂടുതൽ സന്ദർശനങ്ങൾ നടത്തിയ ഇടങ്ങളിൽ ഒന്നായ ദുബായ് നെല്ലറ ഭവനത്തിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഗാന ആസ്വാദകർ ഒരുമിച്ചത്.

2019 നവംബറിലായിരുന്നു അവസാനമായി വി.എം.കുട്ടി യുഎഇയിലെത്തിയത്. കലാസ്നേഹിയുമായ ഷംസുദ്ദീൻ നെല്ലറ തന്റെ ഭവനത്തിൽ ഒരുക്കിയ മാപ്പിളപ്പാട്ട് സന്ധ്യയിൽ, അദ്ദേഹത്തോടൊപ്പം ഒരുകാലത്ത് വേദി നിറഞ്ഞുപാടിയ വിളയിൽ ഫസീലയും പാടാൻ എത്തിയിരുന്നു .അന്ന് ഇരുവരെയും ആദരിച്ചിരുന്നു. ഈ ചടങ്ങിൽ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ഗായകൻ സി വി എ കുട്ടി ചെറുവാടി തുടങ്ങിയ ഈ രംഗത്തെ പ്രമുഖരും സംബന്ധിച്ചിട്ടുണ്ടായിരുന്നു.

മാപ്പിളപ്പാട്ടിന്റെ മഹത്തായ കലാ പൈതൃകം കാലത്തിനൊപ്പം ചേർത്തുവച്ച കലാകാരനായിരുന്നു വിഎം കുട്ടിയെന്ന് ചടങ്ങ് അനുസ്മരിച്ചു.ഏഴു പതിറ്റാണ്ടിലേറെക്കാലം ഈ ഗാനശാഖയുടെ പ്രചാരണ ശക്തിയായി അദ്ദേഹം പ്രവർത്തിച്ചു. ആധുനികകൈരളിയുടെ ഇശൽ ലോകത്ത് അതിന്റെ-മികച്ച വക്താവായി ജീവിതാവസാനം വരെ അദ്ദേഹം നിറഞ്ഞുനിന്നു. നവലോകം സൃഷ്ടിച്ചുനൽകിയ പുതിയ ആവിഷ്കാരസാധ്യതകൾ ഉപയോഗപ്പെടുത്തി വി.എം. കുട്ടി മാപ്പിളപ്പാട്ടുകൾക്ക് ജനകീയമുഖം നൽകി.

നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയും പുതിയ പ്രമേയങ്ങൾ കണ്ടെത്തിയും ഈ സംഗീതശാഖയെ കൂടുതൽ സമ്പന്നമാക്കിയെന്ന് ആസ്വാദകർ അനുസ്മരിച്ചു.ചടങ്ങിൽ ഷംസുദ്ദീൻ നെല്ലറ, അബ്ദുല്ലാ നൂറുദ്ദീൻ, ത്വൽഹത്ത്, ജാക്കി റഹ്മാൻ, യൂസഫ് കാരക്കാട്, ഷെഫീൽ കണ്ണൂർ, ഹക്കീം, ജലീൽ വാളക്കുളം, ഫിറോസ് പയ്യോളി, സാലിഹ് പുതുപ്പറമ്പ്, ഫനാസ്‌ തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.