ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണനടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി

ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണനടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി

കോട്ടയം:  പാലാ രൂപതാഗംങ്ങളായ ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണനടപടികള്‍ക്ക് വത്തിക്കാന്റെ അനുമതി. രാമപുരം ഇടവകാംഗവും സി എം ഐ സഭംഗവുമായ കണിയാരകത്ത് ഫാ.ബ്രൂണോയുടെയും ചേര്‍പ്പുങ്കല്‍ ഇടവകാംഗവും എഫ് സി സി സഭാഗവുമായ സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് പാലാ രൂപതയില്‍ ഇന്നലെ തുടക്കം കുറിച്ചു.

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വത്തിക്കാനില്‍ നിന്നു അനുമതി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ആത്മാവച്ചന്‍ എന്നറിയപ്പെടുന്ന ഫാ.ബ്രൂണോയുടെ കബറിടം കുര്യനാട് സി എം ഐ ആശ്രമദേവാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1894 നവംബര്‍ 20 നാണ് ജനനം. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 15 ആശ്രമങ്ങളില്‍ സേവനം ചെയ്തു. 25 വര്‍ഷം കുര്യനാട് ആശ്രമത്തിലായിരുന്നു ശുശ്രൂഷ. നിര്‍ധനരോട് കാരുണ്യം കാണിച്ചുള്ള ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്റോത്. 1991 ഡിസംബര്‍ 15ന് ദിവംഗതനായി. കുര്യനാട് ആശ്രമത്തില്‍ കബറടക്കി.

സിസ്റ്റര്‍ മേരി കൊളേത്ത 1904 മാര്‍ച്ച് മൂന്നിന് ജനിച്ചു. കൊളേത്താമ്മ എന്ന പേരിലാണ് അറിയപ്പെട്ടത്. സഹനവും ഏകാന്തവാസവുമൊല്ലാം സ്നേഹമാക്കി മാറ്റിയ സന്യാസ ജീവിതമായിരുന്നു നയിച്ചിരുന്നത്. വാകമല സെന്റ് ജോസഫ് സ്‌കൂള്‍, അനിക്കാട് ഹോളി ഫാമിലി സ്‌കൂള്‍, മണിയംകുന്ന് സെന്റ് ജോസഫ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപികയായിരുന്നു. അധ്യാപികവൃത്തിയ്ക്കു ശേഷം 1932 ഒക്ടോബര്‍ നാലിന് ക്ലാര സഭയില്‍ അംഗമായി. 1984 ഡിസംബര്‍ എട്ടിന് അന്തരിച്ചു. മണിയംകുന്ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു

ഫാ.ബ്രൂണോയെക്കുറിച്ചുള്ള നാമകരണ നടപടികളുടെ പ്രാരംഭ പഠനത്തിനായി മോണ്‍.ജോസഫ് മലേപ്പറമ്പില്‍, ഡോ.തോമസ് ഐക്കര സി എം ഐ, ഫാ.ബെര്‍ക്കുമാന്‍സ് കുന്നുംപുറം എന്നിവരും സിസ്റ്റര്‍ കൊളേത്താമ്മയോക്കുറിച്ചുള്ള പഠനത്തിനായി റവ.ഡോ.ജോസ് മുത്തനാട്ട്, റവ.ഡോ.ഡൊമിനിക് വെച്ചൂര്‍, സിസ്റ്റര്‍ ലിയോബ എഫ് സി സി എന്നിവരെയുമാണ് കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നത്. ഫാ.ബ്രൂണോയുടെ നാമകരണനടപടികള്‍ക്കുള്ള അനുമതി പത്രം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സി എം ഐ കോട്ടയം പ്രോവിന്‍ഷ്യാല്‍ ഫാ.ജോര്‍ജ് ഇടയാടിയിലും സിസ്റ്റര്‍ കൊളേത്തയുടെ നാമകരണ നടപടികള്‍ക്കുള്ള അനുമതി പത്രം എഫ് സി സി ഭരണങ്ങാനം പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ആനി കല്ലറങ്ങാട്ടും ഏറ്റുവാങ്ങി.


മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മോണ്‍.ജോസഫ് മലേപ്പറമ്പില്‍, ഫാ.ജോര്‍ജ് ഇടയാടിയില്‍, ഫാ.തോമസ് ഐക്കര സി എം ഐ, ഫാ.ടോം തോമസ് മാത്തശേരില്‍ സി എം ഐ, റവ.ഡോ..ജോസഫ് കടുപ്പില്‍, റവ.ഡോ.ഡൊമിനിക് വെച്ചൂര്‍, ഫാ.ബെര്‍ക്കമാന്‍സ് കുന്നുംപുറം, രൂപത ചാന്‍സലര്‍ റവ.ഡോ.ജോസ് കാക്കല്ലില്‍, ഫാ.സിറിയക് കൊച്ചുകൈപ്പട്ടിയില്‍, സിസ്റ്റര്‍ ആനി കല്ലറങ്ങാട്ട്, സിസ്റ്റര്‍ ആന്‍സീനിയ, സിസ്റ്റര്‍ ആന്‍സീലിയ എന്നിവര്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.