നന്നായി തുടങ്ങിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല; ചെന്നൈയ്ക്ക് നാലാം ഐപിഎല്‍ കിരീടം

നന്നായി തുടങ്ങിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല; ചെന്നൈയ്ക്ക് നാലാം ഐപിഎല്‍ കിരീടം

ദുബായ്: ഐപിഎല്‍ കിരീടപോരാട്ടത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുമേല്‍ വിജയം. 27 റണ്‍സിനാണ് ചെന്നൈ വിജയം കരസ്ഥമാക്കിയത്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിജയം ചെന്നൈയുടെ നാലാമത് കിരീടനേട്ടമാണ്.

20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയ ചെന്നൈ ഉയര്‍ത്തിയ ലക്ഷ്യം കൊല്‍ക്കത്തയ്ക്ക് മറികടക്കാനായില്ല. ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ട് 27 റണ്‍സ് അകലെ അവരുടെ പോരാട്ടം അവസാനിച്ചു.

ആദ്യം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നായകന്‍ ഇയാന്‍ മോര്‍ഗന്റെ തീരുമാനം പാളിയ കാഴ്ചയാണ് പിന്നീട് കണ്ട്. ഋതുരാജ് ഗെയ്ക്വാദും, ഫാഫ് ഡു പ്ളെസിയും മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ കൊല്‍ക്കത്ത ബൗളര്‍മാര്‍ വിയര്‍ത്തു. സ്‌കോര്‍ 61ല്‍ നില്‍ക്കെ ഋതുരാജ് (27 പന്തില്‍ 32) പുറത്തായി. സുനില്‍ നരൈനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നീടെത്തിയ ഉത്തപ്പയോടൊപ്പം ഡു പ്‌ളെസി തകര്‍ത്താടി. 59 പന്തില്‍ 86 റണ്‍സാണ് ഡു പ്‌ളെസി നേടിയത്. മൂന്ന് സിക്സുകളോടെ 15 പന്തുകളില്‍ 31 റണ്‍സാണ് ഉത്തപ്പ നേടിയത്. നരൈന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഉത്തപ്പ പുറത്തായതോടെ എത്തിയ മൊയിന്‍ അലി 20 പന്തുകളില്‍ 37 റണ്‍സ് നേടി മികച്ച സ്‌കോര്‍ ചെന്നൈയ്ക്ക് സമ്മാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. അര്‍ദ്ധസെഞ്ചുറികള്‍ നേടി ശുഭ്മാന്‍ ഗില്ലും(43 പന്തില്‍ 51), വെങ്കിടേഷ് അയ്യര്‍(32 പന്തില്‍ 50) എന്നിവര്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ചെറുതെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയയുടനെ ടീം സ്‌കോര്‍ 91ല്‍ നില്‍ക്കെ അയ്യര്‍ പുറത്തായി. പിന്നീടെത്തിയ നിതീഷ് റാണ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്ത്.
അതോടെ കൊല്‍ക്കത്തയുടെ പോരാട്ടവും അവസാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.