ലോക്ഡൗണില്‍ പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച കുട്ടികള്‍ക്ക് വൈകാരിക പ്രശ്‌നങ്ങള്‍ കുറവെന്ന് പഠനം

ലോക്ഡൗണില്‍ പ്രകൃതിയോട് ചേര്‍ന്ന് ജീവിച്ച കുട്ടികള്‍ക്ക് വൈകാരിക പ്രശ്‌നങ്ങള്‍ കുറവെന്ന് പഠനം

ആദ്യ ലോക്ഡൗണ്‍ സമയത്ത് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിച്ച കുട്ടികള്‍ക്ക് പെരുമാറ്റ, വൈകാരിക പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണെന്ന് പഠനം. പീപ്പിള്‍ ആന്‍ഡ് നേച്ചര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്‌കൂളുകളും പാര്‍ക്കുകളുമൊക്കെ അടഞ്ഞു കിടന്നതിനാല്‍ ലോക്ഡൗണ്‍ വീടിന്റെ ചുമരുകള്‍ക്കുളളിലേക്ക് കുട്ടികളെ ഒതുക്കുമെന്നും ഇത് അവരില്‍ മാനസിക സമ്മര്‍ദ്ദം ഉള്‍പ്പെടെ ഉണ്ടാക്കുമെന്നും മനശാസ്ത്ര വിദഗ്ധര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.

മുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ സമയം ചെലവഴിച്ച കുട്ടികള്‍ ഭാഗ്യവാന്‍മാരാണെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട് സമയം ചെലവഴിക്കുമ്പോള്‍ കുട്ടികളുടെ സ്വഭാവത്തില്‍ ഉള്‍പ്പെടെ മാറ്റം വരുന്നതായി സര്‍വ്വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് മാതാപിതാക്കളും അഭിപ്രായപ്പെട്ടു. കുട്ടികളുടെ മാനസീകാരോഗ്യം സംരക്ഷിക്കാനുളള ചെലവ് കുറഞ്ഞ മാര്‍ഗമാണ് ഇത്തരം പ്രകൃതി സൗഹൃദ പരിപാടികളെന്നും പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് മൂന്നില്‍ രണ്ട് മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് പ്രകൃതിയുമായുള്ള ബന്ധത്തില്‍ മാറ്റം വന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രകൃതിയുമായുള്ള ഇടപ്പെടല്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഉത്കണ്ഠയും വിഷാദവും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകയായ സാമന്ത ഫ്രീഡ്മാന്‍ പറഞ്ഞു.

പൂന്തോട്ട പരിപാലനം, പൂന്തോട്ടത്തില്‍ കളിക്കുക അല്ലെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വെളിയില്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ കുട്ടികള്‍ക്ക് പ്രകൃതിയോടുളള ബന്ധവും വര്‍ധിച്ചു. വീടുകളില്‍ അടച്ചു പൂട്ടി കഴിയുന്ന കുട്ടികളുടെ മാനസികാവസ്ഥ മറികടക്കാന്‍ പൂന്തോട്ട പരിപാലനം പോലുളള കാര്യങ്ങള്‍ നല്ല മാര്‍ഗ്ഗമാണ്. എന്നാല്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് യാത്ര നിയന്ത്രണങ്ങള്‍ കാരണം പ്രകൃതിദത്ത ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയാഞ്ഞത് പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞതിന് കാരണമായെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

2020 ഏപ്രിലിനും ജൂലൈയ്ക്കും ഇടയില്‍ യുകെയിലെ 376 കുടുംബങ്ങളില്‍ നിന്ന് മൂന്ന് മുതല്‍ ഏഴ് വയസ്സുവരെയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ സര്‍വേ നടത്തിയിരുന്നു. ഓരോ കുട്ടികളിലും പല രീതികളിലാണ് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ എല്ലാം മാനസിക പിരിമുറക്കങ്ങളും പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നവരില്‍ കുറഞ്ഞെന്നാണ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.