സംസ്ഥാനത്ത് പേമാരി: ഡാമുകള്‍ തുറന്നേക്കും; എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട്, 11 ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് പേമാരി: ഡാമുകള്‍ തുറന്നേക്കും; എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട്, 11 ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസര്‍ഗോഡ് ഒഴികെയുള്ള 13 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. ഇതില്‍ പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ കീഴിലുള്ള നാല് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ കല്ലാർകുട്ടി, കുണ്ടള, ഷോളയാർ, കക്കി ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത് . രണ്ട് ഡാമുകളിൽ ഓറഞ്ച് അലർട്ട്. പെരിങ്ങൽക്കുത്ത്, മാട്ടുപ്പെട്ടി ഡാമുകളിൽ ഓറഞ്ച് അലർട്ട്. അതേസമയം, നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 240 സെന്റിമീറ്റർ ഉയരത്തിലാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയില്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു.

പത്തനംതിട്ടയിലും അതിശക്തമായ മഴയാണ്. പത്തനംതിട്ടയില്‍ ഡാമുകള്‍ തുറക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴയാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കക്കി ആനത്തോട് ഡാമില്‍ ഇന്നലെ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ് ജ്യോത് ഖോസ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പടെയുള്ള യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. തിരുവനന്തപുരം ബാലരാമപുരം ഇടമനകുഴിയിലെ രണ്ടു വീടുകളിലെ കിണറുകള്‍ ഇടിഞ്ഞ് താഴ്ന്നു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും നിലവില്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എല്ലാ ഷട്ടറുകളും 20 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തി.

കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴയാണ്. നഗരപ്രദേശത്ത് മാറി നിന്ന മഴ വീണ്ടും തുടങ്ങി. കിഴക്കന്‍ മേഖലയില്‍ മഴ രൂക്ഷമാണ്. തെന്മല ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മലയോര മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പത്തനാപുരത്ത് മഴയില്‍ വീട് തകര്‍ന്നു. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകര്‍ന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

തീരമേഖലകളിലും മഴക്കെടുതി രൂക്ഷമാണ്. കോട്ടയം മുണ്ടക്കയം ചെളിക്കുഴി, മുപ്പത്തിയൊന്നാം മൈലിലും വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയിലാണ്. ഈരാറ്റുപേട്ട പൂഞ്ഞാര്‍ റോഡിലും വെള്ളക്കെട്ട് റിപ്പോര്‍ട്ട് ചെയ്തു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളില്‍ 60 കീ.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.