വിവാഹവീട്ടിലേക്ക് ക്ഷണിക്കാത്ത അതിഥിയായി മരണമെത്തി; തൊട്ടിലിലും കെട്ടിപ്പിടിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍

വിവാഹവീട്ടിലേക്ക് ക്ഷണിക്കാത്ത അതിഥിയായി  മരണമെത്തി; തൊട്ടിലിലും കെട്ടിപ്പിടിച്ച നിലയിലും കുട്ടികളുടെ മൃതദേഹങ്ങള്‍

ഇടുക്കി: കൊക്കയാറില്‍ മരണം ഉരുള്‍പൊട്ടലായി ഇരച്ചെത്തിയത് മനുഷ്യമനസാക്ഷിയെ ഒന്നാകെ നൊമ്പരത്തിലാക്കി. ബന്ധുവീട്ടിലെ വിവാഹത്തിന് എത്തിയ കുരുന്നുകളുടെ ജീവനുകൾ കൊക്കയാറിലെ ഉരുള്‍പൊട്ടലിൽ കവർന്നെടുത്തു.

കൊക്കയാർ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം കണ്ടെത്തിയപ്പോഴത്തെ കാഴ്ച കണ്ടുനിന്നവര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. തൊട്ടിലിൽ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം ലഭിച്ചത്. ഭാര്യയും രണ്ട് മക്കളുമടക്കം ഉറ്റവരായ അഞ്ചു പേരെ നഷ്ടമായ സിയാദ് ദുരന്ത ഭൂമിയിലെ നീറുന്ന കാഴ്ചയായി. 

തകര്‍ത്തു പെയത് മഴയിലും ഉരുള്‍ പൊട്ടലില്‍ ഒളിച്ചെത്തിയ പാറയും വെള്ളവും ഏഴ് വീടുകളാണ് കൊക്കയാറില്‍ തകർത്തത്. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താൻ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ ദുരന്തഭൂമിയുടെ ഓരത്ത് കാഞ്ഞിരപ്പള്ളി സ്വദേശി സിയാദുമുണ്ടായിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് ഭാര്യവീട്ടിൽ എത്തിയ ഫൗസിയയും മക്കളായ പത്തുവയസുകാരൻ അമീനും ഏഴ് വയസുകാരി അംനയും സഹോദരന്റെ മക്കളായ അഫ്‌സാനയും അഫിയാനെയുമായിരുന്നു സിയാദിന് ദുരന്തത്തിൽ നഷ്ടമായത്.

മരണത്തിന് തൊട്ടുമുൻപ് മക്കൾ മൊബൈലിൽ എടുത്ത വീഡിയോ കാണുമ്പോഴും അവർ തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു സിയാദിനുണ്ടായിരുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മണ്ണിൽ പുതഞ്ഞ കുട്ടികളുടെ മൃതദ്ദേഹങ്ങൾ ഓരോന്നായി പുറത്തെടുക്കുമ്പോൾ 2കുട്ടികൾ പരസ്പരം കെട്ടിപ്പുണർന്ന നിലയിലും ഒരാൾ തൊട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ചിറയിൽ ഷാജിയുടെ മൃതദേഹം ഒഴുക്കില്‍പ്പെട്ട നിലയിൽ മണിമലയാറ്റിൽ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ദുരന്തത്തിനിടെ മകനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഷാജിക്ക് രക്ഷപെടാൻ സാധിച്ചില്ല. മന്ത്രിമാരായ കെ രാജൻ, റോഷി ആഗസ്റ്റിൻ,എംപി ഡീൻ കുരിയകോസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ അപകടസ്ഥലം സന്ദര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.