കൊച്ചി: വൃഷ്ടി പ്രദേശങ്ങളില്‍ നിന്നുള്ള നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കി, ഷോളയാര്‍ ഡാമുകള്‍ തുറന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ 91.92 ശതമാനമായ 2396.04 അടിയിലെത്തി. ഇടുക്കിയില്‍ ഇന്ന് വൈകിട്ട് ആറിന് റെഡ് അലര്‍ട്ടിലും നാളെ രാവിലെ ഏഴിന് അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയിലും എത്താന്‍ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ഒന്നരയടി വരെ ജലനിരപ്പ് ഉയരും. മൂന്ന് മണിക്കൂറിനുള്ളില്‍ പമ്പ ത്രിവേണി സംഗമത്തിലും അഞ്ചുമണിക്കൂറിനുള്ളിനകം റാന്നിയിലും 11 മണിക്കൂറിനുള്ളില്‍ കോഴഞ്ചേരിയിലും 15 മണിക്കൂറിനകം ചെങ്ങന്നൂരില്‍ വെള്ളം എത്തും.
കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളം എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഷോളയാര്‍ അണക്കെട്ടും തുറന്നു. വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും. അതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
പ്രകൃതി ദുരന്തവും ഡാമുകള്‍ തുറക്കുന്നതും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത യോഗം കൂടുതല്‍ ഡാമുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചു. ഇതു സംബന്ധിച്ച തീരുമാനം വിദഗ്ധ സമിതിയുമായി ആലോചിച്ച ശേഷം മാത്രം എടുത്താല്‍ മതിയെന്നും യോഗം തീരുമാനമെടുത്തു.
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം. ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റി മീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ്ര ഒഴുക്കി വിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി.
പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ള പക്ഷം ജില്ലാ അടിയന്തിര ഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കേണ്ടതുമാണ്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണെന്നും ഉത്തരവില്‍ പറയുന്നു.
അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍ മാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വനത്തിനുള്ളില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ജില്ലാ ഫോറസ്റ്റ്് ഓഫീസറെയും പട്ടിക ജാതി പട്ടിക വര്‍ഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തി. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ (റവന്യു ഡിവിഷണല്‍ ഓഫീസര്‍, തിരുവല്ല/അടൂര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍) ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.