മഴ ഭീതി മാറുന്നു: മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; ഇന്നു മൂന്നു ജില്ലകളില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്

 മഴ ഭീതി മാറുന്നു: മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; ഇന്നു മൂന്നു ജില്ലകളില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്

നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. ഒരു ജില്ലയിലും തീവ്ര മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് മഴഭീതി തല്‍ക്കാലം ഒഴിയുകയാണെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ ഇപ്പോള്‍ നല്‍കുന്ന സൂചന.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. പുതിയ അറിയിപ്പു പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്.

കേന്ദ്ര കാലവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് ജാഗ്രത മൂന്ന് ജില്ലകള്‍ മാത്രമായി ചുരുക്കുകയായിരുന്നു. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രതയും പിന്‍വലിച്ചിട്ടുണ്ട്. ഒരു ജില്ലയിലും തീവ്ര മഴ മുന്നറിയിപ്പില്ല.

ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം ഇല്ല. നാളെ ആലപ്പുഴ ഒഴികെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലും മലപ്പുറത്തും യെല്ലോ അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പില്ല.

വെള്ളിയാഴ്ചയും ശനിയാഴ്ചയും കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് മലപ്പുറത്തും കോഴിക്കോടും ജാഗ്രതാ നിര്‍ദേശമുണ്ട്.

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ 20 മുതല്‍ രണ്ടു മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഡാമുകളിലെ ജലം നിയന്ത്രിത അളവുകളില്‍ തുറന്നുവിട്ടത്. സംസ്ഥാനത്ത് മഴ ഭീതി തല്‍ക്കാലം ഒഴിയുകയാണെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ ഇപ്പോള്‍ നല്‍കുന്ന സൂചന.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.