ആര്യന്‍ ഖാൻ കേസ്; ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ്

ആര്യന്‍ ഖാൻ കേസ്; ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍.സി.ബി റെയ്ഡ്

മുംബൈ: ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടിക്കിടെ ആര്യന്‍ ഖാൻ അറസ്റ്റിലായ സംഭവത്തെ തുടർന്ന് ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) റെയ്ഡ്. ബോളിവുഡ് നടി അനന്യ പാണ്ഡയുടെ വീട്ടിലും എന്‍.സി.ബി റെയ്ഡ് നടത്തി.

മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ ഇന്ന് ആര്‍തര്‍ റോഡ് ജയിലിലെത്തിയിരുന്നു. ആര്യൻ ഖാൻ കഴിഞ്ഞ ദിവസം കോടതി ജാമ്യം നിഷേധിച്ച ശേഷമായിരുന്നു സന്ദര്‍ശനം. പലവട്ടം ഹർജി നല്‍കിയിട്ടും കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ മുംബൈ ഹൈക്കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കണമെന്ന ആര്യന്റെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും മുംബൈ ഹൈക്കോടതി പരിഗണിച്ചില്ല.

മുംബൈ ലഹരിക്കേസില്‍ ആര്യന്‍ ഖാന്റെ സുഹൃത്തുക്കൾക്കും ജാമ്യം ലഭിച്ചിട്ടില്ല. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് എന്‍സിബി വാദിക്കുകയായിരുന്നു. കേസിലെ വിദേശ ബന്ധം വ്യക്തമായിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. എന്നാല്‍ തെളിവൊന്നും കണ്ടെത്താത്തതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ വാദിച്ചു.

മുംബൈയില്‍ നിന്ന് പുറപ്പെട്ട കോര്‍ഡീലിയ എന്ന കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. ആര്യന്റെ മൊബൈലിലെ ചാറ്റില്‍ നിന്നും ലഹരി ഇടപാട് സംബന്ധിച്ച തെളിവ് ലഭിച്ചെന്നാണ് എന്‍സിബി കോടതിയെ അറിയിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ആര്യന്‍ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ആര്‍തര്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ ജയില്‍ മോചിതനായാല്‍ നല്ല കുട്ടിയാവുമെന്നും ആളുകളെ സഹായിക്കുമെന്നും ആര്യന്‍ ഖാന്‍ കൗണ്‍സിലിങിനിടെ പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്‍ജിഒ പ്രവര്‍ത്തകരും എന്‍സിബി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ആര്യന്‍ ഖാനെയും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും കൗണ്‍സിലിങ്ങിന് വിധേയമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.