തിരുവനന്തപുരം: പ്രളയദുരിതര്‍ക്ക് ധനസഹായം സമയബന്ധിതമായി നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
2018 മഹാപ്രളയത്തിലെ ധനസഹായം ഇതുവരെ എല്ലാവര്‍ക്കും ലഭ്യമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ ലഭിക്കാന്‍ അതിനേക്കാള്‍ വലിയ തുക ചെലവാക്കേണ്ട അവസ്ഥയാണ്. ഇതിനെല്ലാം പുറമെയാണ് സിപിഎം നേതാക്കളുടെ പ്രളയ ഫണ്ട് തട്ടിപ്പെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
2020ല്‍ 66 പേര്‍ മരിച്ച പെട്ടിമുടിയിലെ 20 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഏറെ വൈകിയാണ് ലഭിച്ചത്. സാങ്കേതിക തടസം ചൂണ്ടിക്കാട്ടിയാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായം സര്‍ക്കാര്‍ തടഞ്ഞത്. 59 പേര്‍ മരിച്ച കവളപ്പാറയിലും 12 പേര്‍ മരിച്ച പുത്തുമലയിലും ഇതുവരെ പുനരധിവാസം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കേരളത്തില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശത്തും നീര്‍ത്തടത്തോട് ചേര്‍ന്നും 5924 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പോലും നിയമാനുസൃതമല്ല. 2018ലെ മഹാപ്രളയത്തിനു ശേഷം പോലും 223 ക്വാറികള്‍ക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മിതമാണെന്നതിന്റെ പരോക്ഷ കുറ്റസമ്മതം കൂടിയാണ് കഴിഞ്ഞ ദിവസം ഡാം തുറക്കലുമായി ബന്ധപ്പെട്ട് കെഎസ്ഇബി പുറപ്പെടുവിച്ച പ്രസ്താവനയെന്നും സുധാകാരന്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.