കൂട്ടിയ്ക്കല്‍ മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂട്ടിക്കല്‍ ഫൊറോന പള്ളിയില്‍ നടന്ന വൈദിക സമ്മേളനത്തിന് പാലാ രൂപത വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, വികാരി ഫാദര്‍ ജോസഫ് മണ്ണനാല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
കോട്ടയം: കൂട്ടിയ്ക്കല്‍ മേഖലയിലെ മഴക്കെടുതി വിലയിരുത്താന്‍ വൈദിക സമ്മേളനം ചേര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും സമ്മേളനത്തില്‍ നടന്നു. മഴക്കെടുതി മൂലം പൂര്‍ണ്ണമായും തകര്‍ന്ന കൂട്ടിയ്ക്കല്‍ ദേശത്തിലെ വിവിധ പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണത്തെപ്പറ്റിയും ആളുകളുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്യാന്‍ പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സമ്മേളനം.
വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തിന്റെ നേതൃത്വത്തില്‍ കൂട്ടിയ്ക്കല്‍ ഫൊറോനാ പള്ളിയില്‍ വിവിധ പള്ളികളിലെ വൈദികര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വൈദിക സമ്മേളനത്തിനു മുന്നോടിയായി ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അടിയന്തര സഹായം എത്തിക്കാനും ക്ലീനിങ് പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നിട്ടിറങ്ങിയ എസ്.എം.വൈ.എം പാലാ രൂപത, ജീസസ് യൂത്ത് നല്ല അയല്‍ക്കാരന്‍ മുന്നേറ്റങ്ങളിലെ യുവാക്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വൈദികരുടെ പൂര്‍ണ പിന്തുണയും അവരെ അറിയിച്ചു.
ദൂരദേശങ്ങളില്‍ നിന്നുപോലും ത്യാഗപൂര്‍വ്വം എത്തിച്ചേര്‍ന്ന് സാഹസികവും ക്ലേശകരവുമായ കാരുണ്യ സേവനം ജാതി മത ഭേദമന്യേ നിസ്വാര്‍ത്ഥമായി നല്‍കുന്ന ക്രൈസ്തവ യുവാക്കളെ വൈദികര്‍ അഭിനന്ദിച്ചു. തുടര്‍ന്നു വൈദികര്‍ പെരിയ വികാരി ജനറല്‍ അച്ചന്റെയും ഫൊറോന വികാരി ഫാദര്‍ ജോസഫ് മണ്ണനാലിന്റെയും നേതൃത്വത്തില്‍ വൈദികര്‍ കൂട്ടിയ്ക്കല്‍ മേഖലയിലേയും ആളുകളുടെയും പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുകയും അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടവ നിശ്ചയിക്കുകയും ചെയ്തു.
കൂട്ടിക്കല്‍ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി ഒരു ബൃഹത് പദ്ധതിയുടെ ആവശ്യകത ചര്‍ച്ച ചെയ്യുകയും അതിനായുള്ള നടപടിക്രമങ്ങള്‍ സൂചിപ്പിക്കുകയും ചെയ്തു. പി എസ് ഡബ്ലിയു എസിന്റെ നേതൃത്വത്തില്‍ ഭക്ഷണം, വെള്ളം ഉള്‍പ്പടെയുള്ള അടിയന്തര സഹായങ്ങള്‍ എത്തിക്കുകയും സന്നദ്ധ പ്രവര്‍ത്തനങ്ങളെ വൈദികരുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുകയും ചെയ്തു കൊണ്ടാണിരിക്കുന്നത്.
ദാരുണമായി മരണപ്പെട്ടവരുടെ ദു:ഖത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതു കൂടാതെ വിവിധ ക്യാമ്പുകളിലും അല്ലാതെയുമായി കഴിയുന്ന ആളുകളുടെയും വീടും കൃഷിയും സാമ്പത്തികവുമൊക്കെ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടവരുടെയും വേദനകളും വൈദികര്‍ പങ്കുവച്ചു.
ഫൊറോനയിലെ രൂപത വൈദികരെല്ലാവരും പാലാ രൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍, ജീസസ് യൂത്ത് പാലാ സോണ്‍ ചാപ്ലിന്‍ ഫാദര്‍ കുര്യന്‍ മറ്റം, എസ് എം വൈ എം - കെ സി വൈ എം പാലാ രൂപത ഡയറക്ടര്‍ ഫാദര്‍ സിറില്‍ തോമസ് തയ്യില്‍ എന്നിവരും വൈദിക സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.