ചങ്കുറപ്പുള്ള നസ്രായൻ! ന്യൂജെൻസ്സിന്റെ സ്വന്തം ഹീറോ!

ചങ്കുറപ്പുള്ള നസ്രായൻ! ന്യൂജെൻസ്സിന്റെ സ്വന്തം ഹീറോ!

യൗവനം മഹത്തായ ഒരു പ്രതിഭാസമാണ്. സ്വന്തം ആദർശങ്ങൾക്ക് വേണ്ടി ആത്മബലി അർപ്പിക്കുവാനും, ആവേശഭരിതരായി കർമ്മരംഗത്തേക്ക് കടന്നു വരുവാനും സാമൂഹിക അനീതികൾക്കെതിരെ ധർമ്മയുദ്ധം നടത്തുവാനും യുവതി യുവാക്കൾക്ക് സ്ഥലകാലങ്ങൾക്ക് അതീതമായി പ്രവർത്തിക്കുവാനും കഴിയും. അങ്ങനെയുള്ളവർക്ക് നസ്രായനായ ക്രിസ്തു എന്നും ഒരു മാതൃകയായി എക്കാലവും നിലകൊള്ളുന്നു.

നീതിക്കുവേണ്ടി പോരാടുവാൻ, ചരിത്രത്തെ രണ്ടായി മുറിച്ച നസ്രായൻക്രിസ്തുവിന്റെ ജീവിതമാതൃക യുവജനങ്ങളെ എന്നും നിർബന്ധിക്കുന്നു. ചരിത്രം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിപ്ലവകാരിയായ നസ്രായൻ ക്രിസ്തു മുഖംനോട്ടം ഇല്ലാതെ സമൂഹത്തിൻറെ അനീതിക്കെതിരെ ചങ്കൂറ്റത്തോടെ ചാട്ടവാർ ഉയർത്തിയവനാണ്.

ഒരു ചോദ്യം കൊണ്ട് തന്നെ തുടങ്ങാം അല്ലെ! സുവിശേഷത്തിൽ ക്രിസ്തുവിന്റെ ഏത് പ്രവർത്തിയെയാണ് ഒരു യുവാവ് | യുവതി എന്ന നിലയിൽ നിങ്ങളെ സ്വാധീനിച്ചത് എന്ന് പറയാമോ??? ഒരു പക്ഷെ ചിലർക്കെങ്കിലും അത് ദേവാലയത്തിൽ ചാട്ടവാർ ഉയർത്തിയ നസ്രായനായ ക്രിസ്തുവിനെ ആയിരിക്കും. കാരണങ്ങൾ പലതും ആകാം.

അവിടെ ക്രിസ്തു പലതിനെയും പുറത്താക്കുന്നതായിട്ട് നാം വായിക്കുന്നുണ്ട്. "കാള, ആട്‌, പ്രാവ്‌ എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട്‌ ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്‌തു..." (യോഹന്നാൻ 2: 13-25)

യുവതി യുവാക്കളായ നമ്മുടെ ജീവിതത്തിൽ നിന്നും പുറത്താക്കേണ്ട കാര്യങ്ങൾ തന്നെയാണവയൊക്കെ! നമുക്ക് അൽപ്പസമയം ആ ക്രിസ്തുവിനൊപ്പം ദേവാലയത്തിലൂടെ ഒന്നു നടക്കാം, അവൻ ചാട്ടവാറിന് പുറത്താക്കിയവയെക്കുറിച്ച് ചിന്തിക്കാം...

ഒന്നാമതായി ക്രിസ്തു കാളയെ പുറത്താക്കുന്നു!!!!

എടാ നീ ചുമ്മാ കാള കളിച്ചു നടക്കരുത് ട്ടാ... എന്ന് ചില മാതാപിതാക്കളെങ്കിലും പറയുന്നത് നാം കേട്ടിട്ടുണ്ടാകും അല്ലെ... എന്താണ് കാള സൂചിപ്പിക്കുന്നത്...

യുവതി യുവാക്കളിലെ അലസതയുടെയും, നിസ്സംഗതയുടെയും, ഉത്തരവാദിത്തമില്ലായ്മയുടെയും പ്രതീകമാണത്. നമ്മുടെ ഇന്നത്തെ യുവാക്കളെ പിടികൂടിയിരുന്നത് ഈ കാളയുടെ സ്വഭാവം ആണ്. അലസമായിട്ടിരിക്കുന്നവരുടെ ചിന്തകൾ കാടുകയറി എവിടെയെല്ലാം ചുറ്റിത്തിരിയുന്നതെന്ന് നിങ്ങൾക്കു നിശ്ചയമുണ്ടോ? അത്തരം തെറ്റായ ചിന്തകൾ തിന്മയായ കാഴ്ചകളിലേക്കും പിന്നീട് അവ പ്രവൃത്തികളിലേക്കും കടന്ന് അവന്റെ/അവളുടെ സ്വഭാവത്തെ മോശമാക്കുന്നു. പഴയനിയമത്തിൽ നിന്ന് ഒരു ഉദാഹരണം.....

യുവാവായ ദാവീദ് രാജാവ്. അലസനായി ഒന്ന് ഉലാത്തിയതേയുള്ളൂ... അദ്ദേഹം കണ്ട കാഴ്ച, അദ്ദേഹത്തിന്റെ ചിന്തകളേയും പിന്നീട് പ്രവൃത്തികളേയും മലിനമാക്കി. ഒന്നിന് പുറകെ ഒന്നായി പാപങ്ങളുടെ ഒരു ചങ്ങല തന്നെ അദ്ദേഹം തീർത്തില്ലേ.

പുതിയനിയമത്തിലേക്കു നോക്കിയാൽ യൂദാസ്, നമുക്കറിയമല്ലോ!!!!

പ്രിയമുള്ളവരേ ഒരു യൂത്തന്റെ മനസ് എപ്പോഴും പ്രവർത്തന സജ്ജമായിരിക്കണം. നിസംഗത വെടിഞ്ഞ് പ്രതികരണങ്ങൾ ആവശ്യം ഉള്ളിടത്തു പ്രതികരിക്കാൻ യൂത്ത് തയ്യാറാകണം.ഇപ്പോഴത്തെ ഒരു ട്രെൻഡ് എന്നു പറയുന്നതാണ് സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും ക്രൈസ്തവവിശ്വാസത്തെ, സഭയെ, കത്തോലിക്കർ പവിത്രമായി കരുതുന്ന കൂദാശകളെ, വൈദീകരെ, സന്യാസജീവിതത്തെയൊക്കെ താറടിച്ചു കാണിക്കാനുള്ള അവസരങ്ങൾ യുക്തിവാദികൾ, നാമമാത്ര ക്രിസ്ത്യാനികൾ തുടങ്ങി അന്യമതസ്ഥർ വരെ മുതലെടുക്കുമ്പോൾ, ഏതാനും ചിലരൊഴികെ അവയ്ക്കെതിരെ പ്രതികരിക്കേണ്ട നല്ലൊരു ശതമാനം യുവാക്കളും വെറും കാഴ്ചക്കാരായിമാറുന്നു. തിരുത്താനും തിരുത്തലുകൾ കാണിച്ചു കൊടുക്കാനും മുന്നോട്ടു വരേണ്ട ഇന്നത്തെ യുവതിയുവാക്കൾ സഭയോട് ചേർന്നു നിൽക്കേണ്ടതിനു പകരം സഭാവിരുദ്ധപ്രവർത്തനങ്ങളിലല്ലേ മുന്നിട്ടു നിൽക്കുന്നത് എന്ന് തോന്നിപ്പോയാൽ തെറ്റുപറയാനൊക്കുമോ.

വ്യക്തിജീവിതത്തിനും സമൂഹജീവിതത്തിനും ഹാനികരമാകുന്ന മദ്യം, മയക്കുമരുന്ന് തുടങ്ങി ബ്ലാക്ക്മാസ്സ്, സ്വയംഭോഗം, സ്വവർഗ്ഗഭോഗം, പോൺഅഡിക്ഷൻ എന്നിങ്ങനെ നിരവധി പാപങ്ങളിലേക്ക് ഓരോ യുവതി യുവാക്കളെയും നയിക്കുന്നത് ഈ നിസ്സംഗതയും അലസതയും തന്നെയാണ് എന്നതിൽ സംശയമൊന്നുമില്ല. ഇതിൽ നിന്നെല്ലാം നാം പുറത്ത് വരേണ്ടിയിരിക്കുന്നു. സത്യത്തിന്റെയും നീതിയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരു രാജ്യം നിങ്ങളിലൂടെ സ്ഥാപിക്കാൻ നസ്രായൻ ക്രിസ്തു ആഗ്രഹിക്കുന്നു.

രണ്ടാമതായി ക്രിസ്തു ആടിനെ പുറത്താക്കുന്നു!

എന്താണ് ആടിന്റെ പ്രത്യേകത എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആടിന് അഞ്ച് മീറ്റർ ദൂരത്തിനപ്പുറത്ത് ഉള്ളത് വ്യക്തമായി കാണാൻ കഴിയില്ലത്രേ. പിന്നെ ഒടുക്കത്തെ അഹങ്കാരവും... (കാരണം പറമ്പിൽ കൊണ്ട് കെട്ടിയാൽ അവറ്റകൾ എവിടെയെങ്കിലും ഉയർന്ന സ്ഥലത്ത് കയറി തല ഉയർത്തി അങ്ങനെ നോക്കി നിൽക്കും. ആർക്കോ എന്തോ സംഭവിച്ചതുപോലെ.... ) അതുകൊണ്ട് തന്നെ ദൂരെയുള്ളവ കൂടുതൽ മനോഹരമാണ് എന്നു കരുതി അവറ്റകൾ അവയ്ക്കു പിന്നാലെ പായുന്നു.അത്തരം മനം മയക്കുന്ന കാഴ്ചകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ മനസ്സിലാക്കാതെ കൂട്ടം വിട്ട് ഓടിയകലുന്നു.

ഇടയനെ അനുസരിക്കാതെ ഒരിക്കൽ വഴി തെറ്റി പോയാൽ പിന്നെ ഒരു തിരിച്ചുവരവ് സാധ്യമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു! ഈ കാലഘട്ടത്തിലെ യുവതികളെ ഈ ആടുകളോട് ഉപമിക്കാം. ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ഈ ലോകത്തിലേക്കു വച്ചേറ്റവും മനോഹരമായ ഭാവം... എപ്പോഴാണ് നമ്മുടെ പ്രണയം മനോഹരമാകുന്നത്? എപ്പോഴാണ് പ്രണയം നമ്മെ സ്നേഹിക്കുന്നവരുടെ ഇടനെഞ്ചിൽ മുറിവേൽപ്പിക്കുന്നത്? നമ്മെ സ്നേഹിക്കുന്നവരുടെ സന്തോഷമില്ലാതാക്കി നമുക്കു മാത്രം മനോഹരവും സുന്ദരവുമെന്നു തോന്നുന്ന പ്രണയത്തെ സ്വന്തമാക്കിയതിനു ശേഷം ആ ബന്ധം നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും കെടുത്തുന്നുവെങ്കിൽ അത്തരം ബന്ധങ്ങളെ അനശ്വര പ്രണയത്തിന്റെ കൂടെ ഉൾപെടുത്താനാകുമോ?

ഇന്ന് എറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ലവ് ജിഹാദ്.ലവ് ജിഹാദിനെപ്പറ്റി കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഒരു പ്രത്യേകമതവിഭാഗത്തിൽപെട്ട ആൺകുട്ടികൾ അന്യമതസ്ഥരായ പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതപരിവർത്തനമടക്കം നടത്തി പിന്നീട് അവരുടെ ജീവിതം നരകതുല്യമായ അവസ്ഥയിലെത്തിക്കുന്നതിനെയാണ് ലവ് ജിഹാദ് എന്ന് പറയുന്നത്.

നിരവധി ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്. പരസ്യമായും രഹസ്യമായും തങ്ങൾ നേരിട്ട അല്ലെങ്കിൽ നേരിടേണ്ടി വരുന്ന ദുരവസ്ഥകൾ തുറന്നു പറയുന്നവരുണ്ട്. എല്ലാം ഉള്ളിലൊതുക്കി സ്വയം പഴിച്ച് ജീവിതം തള്ളിനീക്കുന്നവരുമുണ്ട്. യഥാർത്ഥത്തിൽ പ്രിയപ്പെട്ട പെൺകുട്ടികളെ, ഇവിടെ തെറ്റുപറയേണ്ടതും തിരുത്താൻ നോക്കേണ്ടതും ഈ ആൺകുട്ടികളെയാണോ അതോ പക്വതയും പാകതയും എത്തിയിട്ടും അതിനനുസരിച്ചുള്ള വിവേകത്തോടെ ചിന്തിക്കാതെ തികച്ചും ബാലിശമായി വികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന, മറ്റൊന്നും ആലോചിക്കാതെ എടുത്തുചാടുന്ന പെൺകുട്ടികളെയോ? ഞാൻ പറയും ഇവിടെ തീർച്ചയായും തെറ്റുകാർ നിങ്ങൾ പെൺകുട്ടികൾ തന്നെയാണ്. സർപ്പങ്ങളെ പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്കളങ്കരും ആകുവാനാണ് ക്രിസ്തു നമ്മോടു ആവശ്യപ്പെടുന്നത്.

സ്നേഹിച്ചും ലാളിച്ചും ഒരു ജന്മം മുഴുവൻ നിങ്ങൾക്കായി ജീവിക്കുന്ന നിങ്ങളുടെ മാതാപിതാക്കളെ തള്ളിപറഞ്ഞ് ഇന്നലെ ചിരിച്ച് കാണിച്ച ഒരുവന്റെ സ്നേഹത്തിനു പിന്നാലെ പോകാൻ നിങ്ങളുടെ മനസ്സ് നിങ്ങളെ അനുവദിക്കുന്നെങ്കിൽ ശരിക്കുള്ള സ്നേഹം എന്തെന്ന് നിങ്ങൾക്കൊന്നും മനസ്സിലാക്കാനായിട്ടില്ല.

വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിച്ച അനേകം വിശുദ്ധർ കടന്നു പോയ കത്തോലിക്കാ സഭയിലെ വിശ്വാസം, മാമ്മോദീസ മുതൽ അന്ന് വരെ സ്വീകരിച്ച കൂദാശകൾ എല്ലാം ഒരു പ്രണയത്തിന്റെ പേരിൽ ഒരു നിമിഷം കൊണ്ടു തള്ളി പറയാൻ സാധിക്കുന്നുണ്ടെങ്കിൽ കപടത എരിഞ്ഞു കത്തുന്ന മൺചിരാതിനു നേരെ പാഞ്ഞടുത്ത് വെന്തുവെണ്ണീറാകുവാൻ നിങ്ങൾ സ്വയം നിന്നു കൊടുക്കുകയാണ്.

ആടുകളെ പോലെ ദൂരെ കാണുന്നത് മനോഹരമാണെന്ന് വിചാരിച്ച് കർഷകന്റെ വാക്ക് കേൾക്കാതെ വഴിതെറ്റി റബർ ഇല തിന്ന്, കട്ട് പിടിച്ച് ചത്തു മലച്ചു കിടക്കുന്ന ആടുകളുണ്ട്.. നിങ്ങളുടെ ജീവിതവും അതുപോലെയാവരുത്!!!!!അല്ലെങ്കിൽ ഒരു മുഴം കയറിൽ അവസാനിക്കുന്നത് ആവരുത്. പ്രണയം ഒരിക്കലും ഒരു തെറ്റല്ല, പക്ഷെ അത് നമുക്കും നമ്മെ സ്നേഹിക്കുന്നവർക്ക് വേദനകൾ സമ്മാനിക്കാൻ കാരണമാകുന്നുണെങ്കിൽ ആ പ്രണയം തികച്ചും തെറ്റ് തന്നെയാണ്.

ഇവിടെ വേണ്ടതു വികാരമല്ല മറിച്ചു വിവേകമാണ്. വിവേകത്തോടെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങൾ നേരിടാനുള്ള തന്റേടമാണ് ഓരോ പെൺകുട്ടികളും കൈവരിക്കേണ്ടത്. അതിന് നിങ്ങളെ സഹായിക്കാൻ നിങ്ങളുടെ മാതാപിതാക്കളുണ്ട് നിങ്ങളെ നല്ല തീരുമാനങ്ങൾ എടുക്കാൻ സഹായിക്കാൻ എന്നും നിങ്ങളോടൊപ്പം സഭാ സംവിധാനങ്ങൾ ഉണ്ട്. പ്രിയപെട്ടരുടെ കണ്ണു നനയിക്കുന്നവയാകരുത് നിങ്ങളുടെ പ്രണയങ്ങൾ മറിച്ച്, അവർരുടെ കണ്ണും മനസും നിറയുന്നതാവണം.

മൂന്നാമതായി ക്രിസ്തു പുറത്താക്കുന്നത് പ്രാവുകളെയാണ്. പ്രാവുകളെ നമുക്കെല്ലാവർക്കും ഇഷ്‌ടം ആണ്. പുറമെ മനോഹരമായി കാണുന്നുവെങ്കിലും അവറ്റകളുടെ സ്വഭാവം വളരെ മോശമാണ്. അതിരിക്കുന്ന സ്ഥലം വളരെ മോശമാക്കും. പിന്നെ എപ്പോഴും കുറുകിക്കൊണ്ടിരിക്കും. ചിലർ പ്രാവുകളെപ്പോലെയാണ്. പിറുപിറുപ്പ്, പരദൂഷണം, തുടങ്ങിയവയെല്ലാം ഇക്കൂട്ടരുടെ പ്രത്യേകതയാണ്. ഇവിടെ നാം ശ്രദ്ധിക്കേണ്ടത് നമ്മുടെ വാക്കുകളാണ്. വാക്കുകളിലും സംസാരത്തിലും നാമെത്രത്തോളം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈബിളിൽ പലയിടത്തും നമുക്കു കാണാനാകും. സംസാരത്തിലെ പിഴവുകൾ വ്യക്തി ജീവിതത്തിലും പിന്നീട് കുടുംബജീവിതത്തിലും വലിയ പ്രതിസന്ധികൾക്ക് കാരണമാവുന്നു എന്നത് നമുക്കു ചുറ്റുമുള്ളവരുടെയും ചിലപ്പോൾ നമ്മുടെ തന്നെ ജീവിതത്തിലും നമുക്കു കാണാനാകും. അതുകൊണ്ട്, പ്രാവുകളുടെ ആകാരഭംഗി ഹൃദയത്തിലും സൂക്ഷിക്കാനും, ഹൃദയത്തിന്റെ തികവിൽ നിന്നാണ് അധരം സംസാരിക്കുന്നതെന്ന വചനം മറക്കാതെ സംസാരത്തിലും വാക്കുകളിലും അൽപം കൂടി ശ്രദ്ധിച്ച് നമ്മുടെ ബന്ധങ്ങളെ മനോഹരമാക്കാനും നമുക്കു ശ്രമിക്കാം.അങ്ങനെ സ്വന്തം ജീവിത അനുഭവങ്ങളിലൂടെ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് ഇന്നത്തെ യുവജനങ്ങളുടെ വിളിയെന്ന സത്യം മറക്കാതിരിക്കാം.

അവസാനമായി ക്രിസ്തു പുറത്താക്കിയത് നാണയ മാറ്റക്കാരെയാണ്.

ധനത്തിലുള്ള അതിശ്രദ്‌ധ ആരോഗ്യം നശിപ്പിക്കുകയും അതെക്കുറിച്ചുള്ള ഉത്‌കണ്‌ഠ ഉറക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. (പ്രഭാഷകൻ: 31-1). ദൗർഭാഗ്യവശാൽ, ഇന്നത്തെ യുവ തലമുറ പണത്തിന്റെ പിന്നാലെയാണ്. ഏതുവിധേനയും പണം സമ്പാദിക്കണമെന്ന ലക്ഷ്യത്തിനു മുൻതൂക്കം നൽകുമ്പോൾ, കുടുംബബന്ധങ്ങളും നല്ല സൗഹൃദങ്ങളും നഷ്ടമാകുന്നു. അധ്വാനിച്ചു ധനസമ്പാദനത്തിനായി മുതിരാതെ കുറുക്കുവഴികൾ തേടുമ്പോൾ, അതിനായി തിരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളിൽ പലതും നമ്മെ നിരവധി തിന്മകളിലേക്ക് നയിക്കുന്നു.

മദ്യവും മയക്കുമരുന്നും മുതൽ അടിപിടികേസുകളും എന്തിന് കൊലപാതകങ്ങൾ പോലും ഒരു മടിയുമില്ലാതെ ചെയ്യാൻ ഇന്നത്തെ യുവത്വം തയ്യാറായാൽ അതിന്റെയെല്ലാം മൂലകാരണമായി പറയാൻ കഴിയുന്നത് പണത്തിനോടുള്ള ആസക്തി തന്നെ. ‌ഉപദേശിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് ഇന്നത്തെ യുവതലമുറ, എങ്കിലും ചിലതു പറയാതെ വയ്യല്ലോ; കാരണം ഇന്നത്തെ യുവാക്കളും യുവതികളുമാണ് നമ്മുടെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും സഭയുടേയും വാഗ്ദാനങ്ങൾ. മുന്നോട്ടുള്ള നമ്മുടെ യാത്രയിൽ ചിലതെല്ലാം മറക്കാതിരിക്കാം. ഒന്നും നിങ്ങളുടെ സ്വന്തമല്ല വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നമ്മൾ. സ്വാർത്ഥചിന്തകളും മാത്സര്യവും മറന്ന് നമുക്കുള്ളവ, സമൂഹത്തിൽ അർഹരായവർക്ക് പങ്കുവയ്ക്കാൻ ശ്രമിക്കാം. നമ്മുടെ ആരോഗ്യവും സമ്പത്തും കഴിവുകളുമെല്ലാം നമ്മുടെ സമൂഹത്തിലെ പിന്നോക്കം നിൽക്കുന്നവരിലേക്കും കൂടി എത്തുന്നതാവട്ടെ.

കാളയെയും ആടിനെയും പ്രവിനെയും നാണയമാറ്റക്കാരെയും പുറത്താക്കിയ നമ്മുടെ ഗുരുവും നാഥനും ഹീറോയുമായ ക്രിസ്തുവിന്റെ ചങ്കൂറ്റത്തെ നെഞ്ചിലേറ്റികൊണ്ട് യുവജനങ്ങൾ ആയ നമുക്ക് ക്രിസ്തുവിന് ഈ ആധുനിക ലോകത്തിൽ സാക്ഷ്യം വഹിക്കാൻ ശ്രമിക്കാം. തിരുസഭയുടെ ധാർമിക നിലപാടുകളാണ് ലോകത്തിൽ ഇന്ന് ഏറ്റവും വിലമതിക്കപെടുന്നത്.

അതുകൊണ്ട് തന്നെ ഈ ആധുനിക ലോകത്തിൽ ലജ്ജ കൂടാതെ ഏറ്റവും ശ്രദ്ധേയമായ വിധത്തിൽ ക്രൈസ്തവ ധാർമികത വാക്ക് കൊണ്ടും, ജീവിതം കൊണ്ടും പ്രവർത്തികൊണ്ടും ആഘോഷിക്കുവാൻ യുവജനങ്ങളായ നിങ്ങൾക്ക് സാധിക്കട്ടെ. അങ്ങനെ നിങ്ങൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധരായിത്തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു!

ഫാ. അനീഷ് കരിമാലൂർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.