പുന്നപ്ര - വയലാര്‍ വെടിവയ്പ് നടന്നിട്ട് ഇന്ന് 75 വര്‍ഷം

 പുന്നപ്ര - വയലാര്‍ വെടിവയ്പ് നടന്നിട്ട് ഇന്ന് 75 വര്‍ഷം

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിലെ ആദ്യ വെടിവയ്പ് നടന്നിട്ട് ഇന്ന് 75 വര്‍ഷമാകുന്നു. 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ കഴിഞ്ഞ ദിവസം പതാക ഉയര്‍ത്തിയിരുന്നു. 27ന് വയലാര്‍ ദിനത്തോടെയാണ് സമാപനം.

75ാം വാര്‍ഷിക വാരാചരണത്തിന് ഉജ്ജ്വല തുടക്കമാണ് കഴിഞ്ഞ ദിവസം നടന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും രക്തപതാക ഉയര്‍ത്തിയതോടെയാണ് വാരാചരണ പരിപാടികള്‍ക്ക് തുടക്കമായത്. പുന്നപ്ര സമര ഭൂമിയില്‍ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയനും വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ വിപ്ലവഗായിക പി കെ മേദിനിയും മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസറുമാണ് പതാക ഉയര്‍ത്തി വാരാചരണത്തിന് തുടക്കം കുറിച്ചത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേര്‍ത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളില്‍ ജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുതലാളിമാരില്‍ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാര്‍ സമരങ്ങള്‍. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയില്‍ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിര്‍ത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാര്‍ ഉയര്‍ത്തിയിരുന്നു.

1946ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരങ്ങള്‍ ഒടുവില്‍ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലുമാണ് അവസാനിച്ചത്. നിരവധി വാദ പ്രതിവാദങ്ങള്‍ക്കു ശേഷം 1998-ല്‍ ഭാരതസര്‍ക്കാര്‍ പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.