പ്രതീക്ഷയോടെ വിശ്വാസികള്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തും; മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിച്ചേക്കും

പ്രതീക്ഷയോടെ വിശ്വാസികള്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തും; മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിച്ചേക്കും

ന്യുഡല്‍ഹി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ ഭരണാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൂടികാഴ്ച നടത്തും. ഈ മാസം 29ാം തിയതി വത്തിക്കാനിലാണ് കൂടികാഴ്ച. വത്തിക്കാന്‍ സന്ദര്‍ശനം സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി സൗഹൃദ കൂടികാഴ്ചയുണ്ടാകും എന്നാണ് വിവരം. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി റോമില്‍ എത്തുമ്പോള്‍ മാര്‍പ്പാപ്പയുമായി കൂടികാഴ്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ കോര്‍ട്ടസി ഹാളില്‍ വച്ച് ഭാരതത്തിന്റെ ഭരണത്തലവന്‍ മാര്‍പ്പാപ്പയെ കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയും നരേന്ദ്ര മോഡിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്. 2015ല്‍ ഇരു നേതാക്കളും ഏകദേശം ഒരേ സമയം അമേരിക്ക സന്ദര്‍ശിച്ചിരുന്നെങ്കിലും ഇവര്‍ തമ്മില്‍ കൂടി കാഴ്ച നടത്തിയിരുന്നില്ല. ഈ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോഡി മാര്‍പ്പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുമെന്നും 2022 ആദ്യം പാപ്പ ഇന്ത്യ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പ്രധാനമന്ത്രിമാരായ ജവാര്‍ഹലാല്‍ നെഹ്റു(1955 ), ഇന്ദിരാ ഗാന്ധി (1981), ഐ കെ ഗുജ്‌റാള്‍ (1987), അടല്‍ ബിഹാരി ബാജ്‌പേയ് (2000) എന്നിവരാണ് ഇതിന് മുന്‍പ് വത്തിക്കാനിലെത്തി മാര്‍പ്പാപ്പാമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്.

2021 ആദ്യം ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ കര്‍ദിനാളന്മാരായ ഓസ്വാള്‍ഡ് ഗ്രെഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചരി, മോറാന്‍ ക്ലിമീസ് മാര്‍ ബസേലിയസ് എന്നിവര്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് സഭാ നേതാക്കന്മാരുടെ ആവശ്യത്തോട് അനുഭാവ പൂര്‍ണമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

ഇതിന് മുന്‍പ് മൂന്ന് തവണയാണ് മാര്‍പ്പാപ്പാമാര്‍ ഇന്ത്യ സന്ദര്‍ശിച്ചിരിക്കുന്നത്. പോള്‍ ആറാമന്‍ പാപ്പയാണ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച പോപ്പ്. 1964ല്‍ ബോംബേയില്‍ നടന്ന ദിവ്യ കാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കനാണ് പോള്‍ ആറാമന്‍ പാപ്പാ ഇന്ത്യയിലെത്തിയത്. പിന്നീട് 1986ലും 1999ലും പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിച്ചു. 1999ല്‍ പോപ്പ് ജോണ്‍ പോള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അടല്‍ ബിഹാരി ബാജ്‌പേയ് ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരത മണ്ണില്‍ ഒരു പോപ്പിന്റെ സന്ദര്‍ശനത്തിനായി വിശ്വാസികള്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.