മാഡ്രിഡ്: സ്‌പെയിനിന്റെ തലസ്ഥാന നഗര വീഥികളിലൂടെ ഇന്ന് വാഹനങ്ങള്‍ക്കു പകരം നിറഞ്ഞൊഴുകിയത് ആട്ടിന്‍കൂട്ടങ്ങള്‍. അവയുടെ മണിശബ്ദത്താല്‍ മുഖരിതമായി നഗരം. തികഞ്ഞ അധികാര ഭാവത്തോടെ തന്നെ ഇടയന്മാര്‍ ആടുകളെ പ്രധാന റോഡുകളിലൂടെ ആട്ടിത്തെളിച്ച് മുന്നേറി.
ശീത കാലത്ത് കൂടുതല്‍ പച്ചപ്പുള്ള തെക്കന്‍ മേച്ചില്‍പ്പുറങ്ങളിലേക്ക് പരമ്പരാഗതമായി മാഡ്രിഡിലെ റോഡ് വഴിയാണ് വടക്കന്‍ സ്പെയിനില്‍ നിന്ന് ആടുകളെ കൊണ്ടുപോയിരുന്നത്. നഗര പാതകള്‍ പൂര്‍ണ്ണമായി വാഹന നിരകള്‍ കീഴടക്കിയതോടെ ഈ ഇടയ വഴികള്‍ അടയ്ക്കപ്പെട്ടു. തുടര്‍ന്നാണ് പുരാതന പാതയിലൂടെയുള്ള വാര്‍ഷിക ഏകദിന യാത്രാ പരിപാടിക്കായി മാഡ്രിഡിലെ റോഡുകള്‍ 1994 മുതല്‍ ഒക്ടോബര്‍ 24 നു മാറ്റി വച്ചു തുടങ്ങിയത്. കോവിഡ് -19 കാരണം കഴിഞ്ഞ വര്‍ഷം പരിപാടി റദ്ദാക്കിയിരുന്നു.
'അതിശയകരമാണ് ഈ ദൃശ്യം. ഞാന്‍ എല്ലാ വര്‍ഷവും വരുന്നുണ്ട് ഇതു കാണാന്‍. ഇക്കൊല്ലം കുട്ടികളെയും കൊണ്ടുവന്നു'- 39 കാരിയായ ഗ്രേസില ഗോണ്‍സാലസ് സി എന്‍ എന്നിനോടു പറഞ്ഞു. പരമ്പരാഗത വസ്ത്രം ധരിച്ച ഇടയന്മാര്‍ അവരുടെ ആട്ടിന്‍കൂട്ടത്തെ നാടന്‍ സംഗീതവും നൃത്തവുമായാണ് അനുഗമിക്കുന്നത്.നഗരത്തിലെ തെരുവുകളിലെ ഗതാഗതക്കുരുക്ക് കണ്ട് മടുത്തിരുന്ന കുട്ടികള്‍ ആട്ടിന്‍കൂട്ടങ്ങളോടൊപ്പം ഓടിയും അവയെ തഴുകിയും ചിത്രമെടുത്തും കിട്ടിയ അവസരം ആസ്വദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.