കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: കോടതി വിധി ഇന്ന്

 കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം: കോടതി വിധി ഇന്ന്

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. കുഞ്ഞിന്റെ അവകാശവാദവുമായി അമ്മ എത്തിയ വിവരം സര്‍ക്കാര്‍ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ദത്തെടുപ്പ് നടപടികള്‍ നിര്‍ത്തിവക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ വിധി വന്നതിന് ശേഷം ആവശ്യമെങ്കില്‍ കേസില്‍ ഹൈക്കോടതിയെ സമീപിക്കാനും കുഞ്ഞിന്റെ അമ്മ അനുപമ ആലോചിക്കുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ ശിശുവികസന ഡയറക്ടര്‍. എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ വിഷയത്തിലും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാല്‍ ഇപ്പോള്‍ ഒന്നു പറയാനില്ലെന്നും ഷിജു വ്യക്തമാക്കി.

കൂടാതെ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഷിജുഖാനെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനും പാര്‍ട്ടിയില്‍ തരം താഴ്ത്താനുമാണ് സാധ്യത. പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.

വ്യാജ രേഖകളുണ്ടാക്കി താന്‍ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും അത് വക വെക്കാതെ ദത്ത് നടപടികള്‍ മനപൂര്‍വ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.