മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്ക വേണ്ട; അനാവശ്യ ഭീതി പരത്തിയാല്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്ക വേണ്ട; അനാവശ്യ ഭീതി പരത്തിയാല്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോള്‍ സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്തരുത്. അത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത്. 138 അടിയിലെത്തിയാല്‍ രണ്ടാമത്തെ അറിയിപ്പ് നല്‍കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമെങ്കില്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്നും ജില്ലഭരണകൂടം അറിയിച്ചു.

ഡാം തുറക്കുന്നതിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലെ പ്രചാരണം കൂടി കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയും റവന്യൂ സംഘവും സംയുക്തമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. പെരിയാര്‍ തീരത്തുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായിരുന്നു നടപടി.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടി കടന്നെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് ഡാമില്‍ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മഴ ഒഴിഞ്ഞ് നിന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയ പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് എത്താന്‍ സാധ്യതയില്ല.അഥവാ ജലനിരപ്പ് ഉയര്‍ന്നാലും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കാനായിരുന്നു ബോധവത്കരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.