തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന നേമം സോണല്‍ ഓഫീസ് സൂപ്രണ്ടായിരുന്ന എസ് ശാന്തിയാണ് അറസ്റ്റിലായത്. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നേമം സോണല്‍ ഓഫീസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയാണ് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ സംഘടനയായ കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമിതി അംഗം കൂടിയായ ശാന്തി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പണം തട്ടിപ്പു നടന്നത് നേമം സോണലിലാണ്. 26,74,333 രൂപയുടെ തട്ടിപ്പാണ് ഈ സോണലില്‍ മാത്രം നടന്നത്. ഇതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധ നടപടികള്‍ നടത്തി വരികയായിരുന്നു. കോര്‍പ്പറേഷനിലെ നികുതിപ്പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നേമം മേഖലാ ഓഫീസിലെ കാഷ്യര്‍ വെള്ളായണി ഊക്കോട് ഊക്കോട്ടുകോണം ശരണ്യ നിവാസില്‍ എസ്.സുനിത(39)യെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാജരേഖ ചമയ്ക്കുക, അത് അസല്‍ രേഖയാണെന്ന വ്യാജേന ഉപയോഗിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് ഇവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് നേമം മേഖലാ ഓഫീസില്‍ 26,74,333 രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
നികുതിയായും അല്ലാതെയും സോണല്‍ ഓഫീസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.