കെ റെയില്‍: ഇന്ന് സംയുക്ത പ്രതിഷേധവും സെക്രട്ടേറിയേറ്റ് മാര്‍ച്ചും; പ്രതിപക്ഷ നേതാവും കെ സുരേന്ദ്രനും പങ്കെടുക്കും

കെ റെയില്‍: ഇന്ന് സംയുക്ത പ്രതിഷേധവും സെക്രട്ടേറിയേറ്റ് മാര്‍ച്ചും; പ്രതിപക്ഷ നേതാവും കെ സുരേന്ദ്രനും പങ്കെടുക്കും

തിരുവനന്തപുരം: കെ റെയിലിനെതിരെ വിവിധ സംഘടനകളുടെ സംയുക്ത സെക്രട്ടേറിയേറ്റ് മാര്‍ച്ച് ഇന്ന് നടക്കും. സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ സമരത്തിന്റെ ഭാഗമാകും.

കൂടാതെ പ്രകടനത്തില്‍ 11 ജില്ലകളില്‍ നിന്നുമുള്ള കുടിയിറക്കപ്പെടുന്നവരും വരുന്നുണ്ട്. കെ റെയില്‍ പദ്ധതിക്കെതിരെ നേരത്തെ തന്നെ യുഡിഎഫും ബിജെപിയും എതിര്‍പ്പ് ശക്തമാക്കിയിരുന്നു. കെ റെയില്‍ പദ്ധതി എന്നാല്‍ കമ്മീഷന്‍ റെയില്‍ പദ്ധതിയെന്നാണെന്നും ബംഗാളില്‍ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചിരുന്നു.

പദ്ധതിയില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോള്‍ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു വിഷയത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണം. പദ്ധതി ആവശ്യമില്ലെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ നിലപാടെന്നാണ് മനസിലാവുന്നതെന്നും എന്നിട്ടും സര്‍ക്കാര്‍ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയില്‍വേയ്ക്ക് കെ റെയില്‍ പദ്ധതിയുടെ അധികബാധ്യതയേറ്റെടുക്കാനാവില്ലെന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കേരളത്തിന് സ്വന്തം നിലയില്‍ വിദേശ വായ്പയുടെ അധികബാധ്യത ഏറ്റെടുക്കാനാവുമോയെന്നും കേന്ദ്ര മന്ത്രി ആരാഞ്ഞു. ഇക്കാര്യം പരിശോധിച്ച് മറുപടി നല്‍കാമെന്നാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് മറുപടി നല്‍കിയത്.

കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും കടുത്ത പാരിസ്ഥിതിക നാശം വരുത്തുന്നതും സാധാരണക്കാര്‍ക്ക് പ്രയോജനകരമല്ലാത്തതുമായ കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം കൊണ്ടു അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കിയപ്പോഴായിരുന്നു മുഖ്യമന്ത്രി പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.