വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത ഭാവിയില്‍ കാനഡ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. തദ്ദേശീയ ഗോത്രവര്‍ഗങ്ങളുമായുള്ള കത്തോലിക്കാ സഭയുടെ അനുരഞ്ജന ശ്രമങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാകുമെന്നു കരുതപ്പെടുന്ന സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നതിനിടെ തദ്ദേശീയരായ ധാരാളം കുട്ടികള്‍ക്കു ജീവാപായമുണ്ടായതിനെക്കുറിച്ചുള്ള അസ്വസ്ഥജനകമായ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് മാര്‍പാപ്പയുടെ യാത്ര നിര്‍ണ്ണായകമാകുന്നത്. 'ആദിമ ജന വിഭാഗങ്ങളുമായുള്ള അനുരഞ്ജനത്തിന് നടത്തിവരുന്ന അജപാലന പ്രക്രിയയുടെ പശ്ചാത്തലത്തില്‍' രാജ്യത്തേക്ക് ഒരു അപ്പസ്‌തോലിക യാത്ര നടത്താന്‍ കനേഡിയന്‍ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം മാര്‍പ്പാപ്പയെ ക്ഷണിച്ചതായി വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.ഇതിനുള്ള സന്നദ്ധത പാപ്പ വെളിപ്പെടുത്തിയതായും പ്രസ്താവനയില്‍ പറയുന്നു.
കാനഡയില്‍ നിന്ന് തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ മൂന്ന് ഗ്രൂപ്പുകള്‍ ഡിസംബര്‍ 17 നും 20 നും ഇടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. അവരുടെ വിഷമതകള്‍ ഇതോടെ പാപ്പ നേരിട്ടു മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൊറന്റോ കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.തദ്ദേശീയരും തദ്ദേശീയരല്ലാത്തവരും സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍
കാനഡയില്‍ സഭ ഊര്‍ജ്ജിത നീക്കങ്ങളാണ് നടത്തിവരുന്നത്.
ബിഷപ്പുമാര്‍ മാപ്പുപറഞ്ഞിട്ടും
അടങ്ങാതെ പരിഭവങ്ങള്‍
തദ്ദേശീയ ഗോത്രവര്‍ഗത്തില്‍ പെട്ട കുട്ടികളെ 1863 - 1998 കാലത്ത് വംശഹത്യയ്ക്ക് വിധേയമാക്കിയെന്ന ആരോപണം രാജ്യത്ത് സഭയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഏതാനും റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍നിന്ന് ആയിരത്തിലേറെ കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സഭയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്. സംഭവം അന്വേഷിച്ച പ്രത്യേക സമിതി മാര്‍പ്പാപ്പ മാപ്പ പറയണം എന്നതടക്കമുള്ള 94 ശുപാര്‍ശകളാണ് മുന്നോട്ടുവെച്ചത്. എന്നാല്‍, ഈ വിഷയത്തില്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പ് പറയാനാവില്ലെന്ന് 1994-ല്‍ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് അറിയിച്ചു.
ഈ സംഭവങ്ങളെ മുന്‍നിര്‍ത്തി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ മാര്‍പ്പാപ്പ ദു:ഖം രേഖപ്പെടുത്തിയിരുന്നു. കനേഡിയന്‍ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് മാപ്പു പറയുകയും ചെയ്തു.എങ്കിലും പരിഭവങ്ങള്‍ ഇപ്പോഴും രൂക്ഷം. തദ്ദേശീയ ഗോത്ര വര്‍ഗത്തില്‍പ്പെട്ട കുട്ടികളെ കനേഡിയന്‍ സംസ്‌കാരവുമായി ചേര്‍ക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സഭ നടത്തിയ റെസിഡന്‍ഷ്യന്‍ സ്‌കൂളുകളിലാണ് നൂറ്റാണ്ടിലേറെ കാലം സാംസ്‌കാരിക വംശഹത്യ നടന്നതെന്നായിരുന്നു ആരോപണം.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ ബ്രിട്ടീഷ് കൊളംബിയയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ മെയ് മാസം കണ്ടെത്തിയിരുന്നു. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടിലാണ് കുട്ടികളെ കൂട്ടമായി അടക്കം ചെയ്തതിന്റെ തെളിവുകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് കൊളംബിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചതാണ് ഈ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. അതിനു പിന്നാലെ ഇതിനടുത്തുള്ള ക്രാന്‍ബ്രൂക്കിലെ സെന്റ് യൂജിന്‍സ് മിഷന്‍സ് സ്‌കൂളിന് സമീപം 182 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അതിനു ശേഷം നടന്ന തെരച്ചിലുകളില്‍ റെസിഡന്‍ഷ്യ സ്‌കൂളുകള്‍ പ്രവര്‍ത്തിച്ച മറ്റു സ്ഥലങ്ങളിലും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി. ആയിരത്തോളം കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
ഇതിനെ തുടര്‍ന്നാണ് കാനഡയില്‍ കത്തോലിക്കാ സഭയ്ക്ക് എതിരെ വിമര്‍ശനം ശക്തമായത്. വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് തദ്ദേശീയര്‍ തകര്‍ക്കുകയും ചെയ്തു. ശാരീരികവും മാനസികവും ലൈംഗികവും സാംസ്‌കാരികവുമായ പീഡനങ്ങളാണ് റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ അനുഭവിക്കേണ്ടി വന്നിരുന്നതെന്നാണ് പരാതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.