ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ മൂന്ന്, നാല് ഷട്ടറുകളാണ് ഇന്നു രാവിലെ 7.30 ന് തുറന്നത്. ഇവ 35 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകിയെത്തുന്നത്. 138.75 അടിയാണ് നിലവിലെ ജലനിരപ്പ്. ജലനിരപ്പ് 138 അടിയായി നിജപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
ഡാം തുറക്കുന്നതിന് മുന്നോടിയായി പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇടുക്കി ഡാമില്‍ രാവിലെ ഒമ്പതു മണിയോടെ വെള്ളം എത്തുമെന്നാണ് വിലയിരുത്തല്‍. ജലനിരപ്പ് 0.25 അടി ഉയരും. പെരിയാറില്‍ 60 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയരുമെന്നും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 2018 ഓഗസ്റ്റ് 15 നാണ് ഇതിനു മുന്‍പ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്.
അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും റവന്യൂ മന്ത്രി കെ.രാജനും രാവിലെ തന്നെ മുല്ലപ്പെരിയാറിലെത്തി. ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ജലം തുറന്നു വിട്ടാല്‍ ഇടുക്കി ഡാമില്‍ നാലിലൊന്ന് അടി മാത്രമേ ജലനിരപ്പ് ഉയരുകയുളളുവെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നു വിടുന്ന ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള 24 കിലോമീറ്റര്‍ മുല്ലയാറില്‍ ഏകദേശം 60 സെന്റി മീറ്ററില്‍ താഴെ മാത്രം ജലനിരപ്പ് ഉയരുവാനേ സാധ്യതയുള്ളൂ. പുഴയില്‍ രണ്ടടി വെള്ളമുയര്‍ന്നാല്‍ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. 11 കുടുബത്തിലെ 35 പേരെ വണ്ടിപ്പെരിയാര്‍ മോഹന ഓഡിറ്റോറിയത്തിലേക്കും നാല് കുടുബത്തിലെ 19 പേരെ വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും സജ്ജമാക്കിയ ക്യാമ്പിലേക്കും മാറ്റി. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്കും മാറി.
മൂന്ന് താലൂക്കിലെ ഏഴ് വില്ലേജിലെ മാറ്റി പാര്‍പ്പിക്കേണ്ട വരെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. റവന്യു, ആരോഗ്യം, ഫയര്‍ഫോഴ്സ്, വനം, പൊലീസ് തുടങ്ങി എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സുരക്ഷാ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയാക്കിയിരുന്നു. ആളുകളെ ഒഴിപ്പിച്ച വീടുകളുള്ള മേഖലയില്‍ പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തി. കട്ടപ്പന, പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സംവിധാനമൊരുക്കി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകള്‍ എല്ലാം തുറന്നിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എല്ലാവിധ സുരക്ഷാ ഉപകരണങ്ങളോടുകൂടി ഫയര്‍ഫോഴ്സും സജ്ജമാണ്. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമെത്തുന്നതിനൊപ്പം കനത്ത മഴകൂടി പെയ്ത് ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ തുറന്നേക്കും. ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.