ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടക്കുന്നുണ്ടെന്നും തമിഴ്നാട് സഹകരിച്ചാല്‍ പുതിയ ഡാം യാഥാര്‍ത്ഥ്യമാകുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോടതിക്ക് പുറത്തുള്ള ഒത്തു തീര്‍പ്പിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ എന്ന് സുപ്രീം കോടതി മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിച്ചിട്ടില്ല. പാര്‍ലമെന്റില്‍ ഈ പ്രശ്നം ഉന്നയിച്ചപ്പോള്‍ അതിനു തയ്യാറാണെന്നാണ് കേന്ദ്രമന്ത്രി നല്‍കിയ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
പാരിസ്ഥിതികാഘാത പഠനം ഇപ്പോള്‍ നടക്കുകയാണ്. പഠനം പൂര്‍ത്തിയായാലും തമിഴ്നാട് കൂടി അംഗീകരിക്കുന്ന വ്യവസ്ഥയ്‌ക്കെ സുപ്രീം കോടതി അനുമതി നല്‍കൂ. തമിഴ്നാടിനെ കൂട്ടിക്കൊണ്ട് ഒരു ഒത്തു തീര്‍പ്പിലെത്തിയാല്‍ കേന്ദ്രത്തെയും ഒപ്പം കൊണ്ടുവരാനും ഈ വിഷയത്തില്‍ പ്രശ്നപരിഹാരം ഉണ്ടാക്കാനും സാധിക്കുമെന്ന് എംപി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഡീന്‍ ആരോപിച്ചു. സുപ്രീം കോടതി 2014ല്‍ ജലനിരപ്പ് 142 അടിയായി നിശ്ചയിക്കുമ്പോള്‍ തന്നെ കേരളത്തിന് അനുകൂലമായ പല കാര്യങ്ങളും അനുവദിച്ചിരുന്നു. മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയത് ഭാവിയില്‍ നമ്മുടെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനായിരുന്നു. എന്നാല്‍ അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിനായില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് റൂള്‍ കര്‍വ് നിലനിര്‍ത്തിയിട്ടില്ല. ഇക്കാര്യം മേല്‍നോട്ട സമിതി മോണിട്ടര്‍ ചെയ്യണമെന്ന നിര്‍ദേശവും നടന്നിട്ടില്ല. അണക്കെട്ടിന്റെ ബലക്ഷയം തെളിയിക്കാനാകാതെ പോയതാണ് അന്ന് തിരിച്ചടിയായതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.