ബെംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. തങ്ങളുടെ 'അപ്പു'വിനെ അവസാനമായി കാണാന്‍ ആയിരക്കണക്കിന് ആരാധകരാണ് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പുനീതിന്റെ സംസ്‌കാരമെന്ന് മന്ത്രി ആര്‍.അശോക അറിയിച്ചു.
വിദേശത്തുള്ള മകള്‍ എത്തിയ ശേഷം സംസ്‌കാരം ഞായറാഴ്ച നടക്കാനാണ് സാധ്യത. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ്.ബൊമ്മെ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. 'പവര്‍ സ്റ്റാര്‍' എന്ന് ആരാധകര്‍ വിളിക്കുന്ന പുനീതിന് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പേരെടുത്തു.
അമ്മ: പാര്‍വതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത. രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും അഞ്ചാമത്തെ കുട്ടിയായി 1975ല്‍ ചെന്നൈയിലാണ് ജനനം. ആറുമാസം പ്രായമുള്ളപ്പോള്‍ പ്രേമദ കനികേ എന്ന സിനിമയിലൂടെ സ്‌ക്രീനിലെത്തിയിരുന്നു. ലോഹിത് എന്ന പേര് സിനിമയിലെത്തിയതോടെയാണ് പുനീത് എന്നു മാറ്റിയത്. ആറു വയസ്സുള്ളപ്പോള്‍ കുടുംബത്തോടൊപ്പം മൈസൂരുവിലേക്കു താമസം മാറ്റി.
'ബെട്ടദ ഹൂവു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. 2002 ല്‍ 'അപ്പു' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി. അഭി, വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര, പവര്‍, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാര്‍വഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാലിനൊപ്പം 'മൈത്രി' എന്ന സിനിമയിലും അഭിനയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.