ന്യൂയോര്‍ക്ക്: തലച്ചോറില്‍ ഘടിപ്പിച്ച് ഉപകരണത്തിലൂടെ കാഴ്ച ശക്തി തിരിച്ചുകിട്ടി അമേരിക്കയിലെ അധ്യാപിക. 42മത്തെ വയസില്‍ ടോക്സിക് ഒപ്റ്റിക് ന്യൂറോപതി ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട ബെര്‍ന ഗോമസിനാണ് 57 മത്തെ വയസില്‍ കാഴ്ച ശക്തി തിരിച്ചുകിട്ടിയത്.
2ഡി കാഴ്ച സാധ്യമാക്കാനും ആക്ഷരങ്ങള്‍ വായിക്കാനും വൈദ്യശാസ്ത്ര ചരിത്രത്തിലെ തന്നെ ഈ നിര്‍ണായക പരീക്ഷണത്തിലൂടെ ബെര്‍നയ്ക്ക് സാധിക്കുന്നവെന്നാണ് റിപ്പോര്‍ട്ട്. ശാസ്ത്ര അധ്യാപികയായ ബെര്‍നയ്ക്ക് കാഴ്ച നഷ്ടപ്പെട്ടതിന് പിന്നാലെ ജോലി നിര്‍ത്തേണ്ടി വന്നിരുന്നു. ഒന്നര പതിറ്റാണ്ടിനടുത്ത് സ്വന്തം മക്കളുടെ മുഖവും കാണാന്‍ സാധിച്ചില്ല.
എന്നാല്‍ 2018 ല്‍ അവരെ തേടി ഒരു അവസരം എത്തി. തലച്ചോറില്‍ ഇലക്‌ട്രോഡുകള്‍ ഘടിപ്പിച്ച് കാഴ്ച ശക്തിയില്ലാത്തവര്‍ക്ക് കാഴ്ച ശക്തി നല്‍കാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിന് വിധേയകാനായിരുന്നു ആ അവസരം. ബെര്‍ന ഇത് ധൈര്യ പൂര്‍വ്വം ഏറ്റെടുത്തു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പും പരീക്ഷണങ്ങളും നടത്തേണ്ടി വന്നു കാഴ്ച തിരിച്ചുകിട്ടാനുള്ള പരീക്ഷണത്തിന്. 16 ഇലക്‌ട്രോഡുകള്‍ തലച്ചോറില്‍ ഘടിപ്പിച്ചതോടെയാണ് ബെര്‍ന ഗോമസിന് അക്ഷരങ്ങള്‍ വായിച്ചെടുക്കാന്‍ സാധിച്ചത്. വലിയക്ഷരം 'O' യും ചെറിയക്ഷരം 'o'യും അവര്‍ക്ക് വേര്‍തിരിച്ച് മനസിലാക്കാന്‍ സാധിച്ചു.
പ്രത്യേകമായി നിര്‍മിച്ച വീഡിയോ ക്യാമറ ഘടിപ്പിച്ച കണ്ണടയും കൂടി ധരിച്ചതോടെ ഇവര്‍ക്ക് മുന്നിലുള്ള കാഴ്ചകള്‍ കാണാനായി. കണ്ണടയിലെ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ഇലക്‌ട്രോഡുകളിലേക്ക് കൈമാറുന്നതോടെയാണ് കാഴ്ച സാധ്യമാകുന്നത്. ഇത്തരത്തിലുള്ള ഒരു കണ്ണട മാത്രമേ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുള്ളൂ.
ഒക്ടോബര്‍ പത്തൊന്‍പതിന് ഈ ഗവേഷണങ്ങള്‍ നടത്തിയ ശാസ്ത്ര സംഘം തങ്ങളുടെ പരീക്ഷണം സംബന്ധിച്ച് ദ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഇന്‍വസ്റ്റേഗേഷനില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണത്തിനു നല്‍കിയ സംഭാവനകളും സഹകരണവും കണക്കിലെടുത്ത് ഈ പഠനത്തിന്റെ സഹ രചയിതാക്കളുടെ പേരുകളില്‍ ഗോമസിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.